Monday, July 17, 2006

രാശികള്‍ - പാശ്ചാത്യവും ഭാരതീയവും

ഷിജുവിന്റെ ഖഗോളം, നക്ഷത്ര രാശികള്‍
എന്ന പോസ്റ്റില്‍ സിബുവും പെരിങ്ങോടനും ചോദിച്ച ചോദ്യങ്ങളുടെ മറുപടി:

ഭാരതീയജ്യോതിഷത്തിന്റെയും പാശ്ചാത്യജ്യോതിഷത്തിന്റെയും തുടക്കം ഗ്രീസിലാണു്. രാശികള്‍ക്കു പേരുകള്‍ ഒന്നായതിന്റെ കാരണവും അതാണു്. അവ ഒന്നു തന്നെ.

പക്ഷേ, നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ നക്ഷത്രങ്ങളുടെ സ്ഥാനം മാറി. ഉദാഹരണത്തിനു്, രേവതിയുടെയും അശ്വതിയുടെയും ഇടയ്ക്കുള്ള ഭാഗം 0 ഡിഗ്രി എന്നു സങ്കല്‍പ്പിച്ചാല്‍ ചിത്തിരനക്ഷത്രം 180 ഡിഗ്രി ആയിരുന്നു. പക്ഷേ ഇപ്പോളല്ല. ഏതു നക്ഷത്രത്തിനെ അടിസ്ഥാനമാക്കി വേണം കണക്കാക്കാന്‍ എന്നതിലുള്ള വ്യത്യാസം മൂലം പല systems ഉണ്ടു്. ഇവയില്‍ ഓരോന്നുമനുസരിച്ചു് രാശികളുടെ സ്ഥാനവും മാറും.

പാശ്ചാത്യഗണനമനുസരിച്ചു് സൂര്യന്‍ തെക്കു നിന്നു വടക്കോ‍ട്ടേക്കു ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ മേടം (Aries) തുടങ്ങുന്നു എന്നു കണക്കുകൂട്ടുന്നു. ഇതു് ഏകദേശം മാര്‍ച്ച് 21-നാണു്. ആ ദിവസമാ‍ണു് ലോകത്തെല്ലായിടത്തും പകലും രാത്രിയും തുല്യമായി വരുന്നതു്. (തെക്കോട്ടു കടക്കുന്ന സെപ്റ്റംബര്‍ 23-നും അങ്ങനെ തന്നെ.) വിഷു, ഉത്തരായണം, ദക്ഷിണായനം എന്നിവയുടെ നിര്‍വ്വചനങ്ങളും ഇതിനെ ആസ്പദമാക്കി ആണെങ്കിലും ഭാരതീയര്‍ അവ 24 ദിവസം കഴിഞ്ഞാണു (ഏപ്രില്‍ 14)കണക്കില്‍പ്പെടുത്തുന്നതു്. പാശ്ചാത്യരീതിയും ഭാരതീയരീതിയും തമ്മില്‍ ഏതാണ്ടു് 23 ഡിഗ്രിയുടെ വ്യത്യാസം ഉള്ളതുകൊണ്ടാണതു്. കൂടുതല്‍ വിവരങ്ങള്‍ക്കു് എന്റെ പുസ്തകത്തില്‍ അയനാംശത്തെപ്പറ്റി പറയുന്ന ഭാഗം നോക്കുക.

പാശ്ചാത്യരുടെ ഇടവമാസം ഏകദേശം ഏപ്രില്‍ 20-നടുപ്പിച്ചു തുടങ്ങുന്നു. അപ്പോഴാണു സൂര്യന്‍ അവരുടെ കണക്കനുസരിച്ചൂ് 30 ഡിഗ്രി ആകുന്നതു്. ഭാരതീയഗണനത്തില്‍ അന്നു് 7 ഡിഗ്രിയേ ആയിട്ടുള്ളൂ. അവര്‍ക്കു സൂര്യന്‍ 30-ലെത്താന്‍ മെയ് 15 ആകണം. അന്നാണു് ഇടവമാസം തുടങ്ങുന്നതു്.

ജ്യോതിഷപ്രകാരം വരയ്ക്കുന്ന ഗ്രഹനിലയ്ക്കും ഈ വ്യത്യാസമുണ്ടു്.

മലയാളികളുടെ മാസങ്ങള്‍ പെരിങ്ങോടന്‍ പറഞ്ഞതുപോ‍ലെ ചന്ദ്രനെ ആസ്പദമാക്കിയല്ല, മറിച്ചു് സൂര്യനെ ആസ്പദമാക്കിയാണു്. മറ്റു പല ഇന്ത്യന്‍ കലണ്ടറുകളും ചന്ദ്രനെ ആസ്പദമാക്കിയുള്ളവയാണു്.

എല്ലാം ചലിക്കുന്ന പ്രപഞ്ചത്തില്‍ ആരും ആരെയും ചുറ്റുന്നില്ല പൂര്‍ണ്ണമായി. അക്കാര്യത്തില്‍ ടോളമിയും കോപ്പര്‍നിക്കസ്സും പൂര്‍ണ്ണമായി ശരിയല്ല. എല്ലാ വസ്തുക്കളും ലോകത്തിന്റെ center of mass-നെ ചുറ്റുന്നു എന്നതാണു വാസ്തവം. സൌരയൂഥത്തിന്റെ center of mass സൂര്യനോടടുത്തിരിക്കുന്നതിനാല്‍ ബാക്കിയുള്ളവ സൂര്യനെ ചുറ്റുന്നതായി തോന്നുന്നു. അത്രമാത്രം.

Tuesday, July 11, 2006

തിരസ്കരിക്കപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍

പത്രങ്ങളുടെ വിശ്വാസ്യത?? എന്ന ബ്ലോഗില്‍ മന്‍‌ജിത്ത് ഇട്ട ഗീര്‍വ്വാണമോ സത്യമോ? ആര്‍ക്കറിയാം എന്ന പോസ്റ്റിനുള്ള പ്രതികരണം:

നല്ല രസമുള്ള കഥ. ഭാഷയുടെ നിലവാരം കൂടുതലായതുകൊണ്ടു്‌ ഗവേഷണപ്രബന്ധം തിരസ്കരിക്കപ്പെട്ട കഥ! (“ഭാഷയുടെ നിലവാരം കൂടുതലായതുകൊണ്ടു്‌..” എന്നതു്‌ അലക്സിന്റെ വാക്കുകളാവാം.)

ഗവേഷണപ്രബന്ധങ്ങള്‍ക്കു ചില രീതികളൊക്കെയുണ്ടു്‌. ഭാഷയെക്കൊണ്ടു കസര്‍ത്തു കാണിക്കാനുള്ളതല്ല ഗവേഷണപ്രബന്ധം. ഗഹനമായ ഏതെങ്കിലും വിഷയത്തെപ്പറ്റി അതിനെപ്പറ്റി അറിവില്ലാത്ത (അറിവില്ലായ്മ കൊണ്ടല്ല - തികച്ചും മൌലികമായ ഒരു സിദ്ധാന്തമേ ഗവേഷണവിഷയമായി അംഗീകരിക്കൂ എന്നതുകൊണ്ടാണതു്‌.) കുറേപ്പേര്‍ വായിച്ചു്‌ അഭിപ്രായം പറയാനുള്ള ഒരു സാധനമാണു ഗവേഷണപ്രബന്ധം. അതിന്റെ പ്രധാന ലക്ഷ്യം പറയേണ്ട വിഷയം ഏറ്റവും സരളവും ഋജുവായും പറയുക എന്നതാണു്‌. ഇങ്ങനെ പല തവണ തിരുത്തിയെഴുതിയാണു്‌ എല്ലാ ഗവേഷണപ്രബന്ധങ്ങളും അവസാനം വെളിച്ചം കാണുക. ഒരു ചെറിയ പേപ്പര്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ പോലും എത്ര തവണ peer reviews കഴിയണമെന്നറിയാമോ?

പറയാന്‍ കാര്യമായി കോപ്പില്ലെങ്കില്‍ ഗവേഷണവിദ്യാര്‍ത്ഥികള്‍ സാധാരണ ചെയ്യുന്ന ഒരു വിദ്യയാണു ഭാഷ സങ്കീര്‍ണ്ണമാക്കുക എന്നതു്‌. (ആവശ്യമില്ലാതെ ക്രോസ്സ്‌റെഫറന്‍സു കൊടുക്കുകയാണു മറ്റൊന്നു്‌. തിരിച്ചും മറിച്ചും നോക്കി വായിക്കുന്നവന്‍ വലഞ്ഞോളും!) നെടുനെടുങ്കന്‍ വാക്യങ്ങള്‍ ഉപയോഗിക്കുക, പ്രചാരത്തിലില്ലാത്ത വാക്കുകള്‍ ഉപയോഗിക്കുക, നിഷേധരൂപത്തിലുള്ള (negative) വിശേഷണങ്ങളും ക്രിയകളും പലതു്‌ ഒരു വാക്യത്തില്‍ത്തന്നെ പ്രയോഗിച്ചു്‌ ആശയക്കുഴപ്പമുണ്ടാക്കുക എന്നതൊക്കെ ഗവേഷണവിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ടെക്‍നിക്കുകളാണു്‌.

സാധാരണ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കു ഭാഷയുടെ ഉപയോഗത്തെപ്പറ്റി ഒരു ക്ലാസ്സ്‌ എടുക്കേണ്ടതായിട്ടുണ്ടു്‌. ഓരോ യൂണിവേഴ്സിറ്റിയ്ക്കും അതിനു്‌ ഗൈഡ്‌ലൈന്‍സും ഉണ്ടായിരിക്കും. അതു കൂടാതെ അവര്‍ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെയ്ക്കും. ഉദാഹരണമായി, അഞ്ചു പേജില്‍ നീട്ടിവലിച്ചെഴുതിയ ഒരു വിവരത്തെ ഒരു പട്ടികയായി (table) കാണിക്കുക, കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു ചിത്രമോ ഗ്രാഫോ ചേര്‍ക്കുക, ഒരു സങ്കീര്‍ണ്ണസിദ്ധാന്തത്തിനെ ഒന്നോ അതിലധികമോ സമവാക്യങ്ങള്‍ കൊണ്ടു ചിത്രീകരിക്കുക, ആ ശാസ്ത്രശാഖയുടെ സങ്കേതങ്ങളുപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍. ഇതൊക്കെ പാലിച്ചു്‌ തിരുത്തിയെഴുതുക അല്‍പം ബുദ്ധിമുട്ടുള്ള പണി തന്നെയാണു്‌. അതു ചെയ്യാന്‍ കഴിയാത്തവന്‍ “ഞാന്‍ എഴുതിയതു്‌ അവര്‍ക്കു മനസ്സിലായില്ല” എന്നു പറയും. ഗവേഷണം പകുതിക്കു വെച്ചു നിര്‍ത്തിയ പലരും ഇങ്ങനെ പറയാറുണ്ടു്‌.

ബാക്കി കാര്യങ്ങളൊക്കെ മന്‍ജിത്ത്‌ പറഞ്ഞു. പുസ്തകം ഞാന്‍ വായിച്ചില്ല. ലേഖനം വായിച്ചു. മതിയായി.

അപ്പോള്‍ പറഞ്ഞുവന്നതു പത്രങ്ങളുടെ വിശ്വാസ്യത. ലേഖനം എഴുതിയ ആള്‍ ഇന്റര്‍നെറ്റില്‍ നോക്കിക്കാണില്ല - മന്‍ജിത്ത്‌ ചെയ്തതുപോലെ. ഇന്റര്‍നെറ്റ്‌, വിക്കിപീഡിയ, ബ്ലോഗുകള്‍ തുടങ്ങിയവ വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങളല്ലല്ലോ!

Thursday, July 06, 2006

ജ്യോത്സ്യം, ശാസ്ത്രം, മനുഷ്യന്‍ എന്ന ഉത്തമജന്തു...

പുല്ലൂരാന്റെ പോസ്റ്റില്‍ ശ്രീജിത്തിന്റെ കമന്റിനു മറുപടി:

ആദ്യമായി, ഞാന്‍ ഒരു ജ്യോത്സ്യനല്ല. ഇതുവരെയുള്ള അറിവു വെച്ചു് ജ്യോത്സ്യം ഒരു കപടശാസ്ത്രമാണു് എന്നു കരുതുന്ന ഒരുവനാണു്. എന്റെ അറിവു തെറ്റാകാം. ആണെങ്കില്‍ അഭിപ്രായം മാറ്റാനും ഞാന്‍ തയ്യാറാണു്.

എന്തിന്റെയും ജാതകം കണ്ടുപിടിക്കാമോ എന്നു്. പറ്റില്ല. ഭൂമിയുടെ ഉപരിതലത്തിലുള്ള സംഭവങ്ങളുടെ മാത്രമേ ജാതകം നിര്‍ണ്ണയിക്കാന്‍ ജ്യോതിഷത്തിന്റെ തിയറിയ്ക്കു പറ്റൂ.

ഗ്രഹങ്ങളുടെ സ്ഥാനവും (Geocentric latitude and longitude) അവയില്‍ നിന്നു കണ്ടുപിടിക്കാവുന്ന മറ്റു മൂല്യങ്ങളും (നക്ഷത്രം, തിഥി തുടങ്ങിയവ) എതു സ്ഥലത്തിനും കണ്ടുപിടിക്കാം. കാരണം അതു് ഒരു നിശ്ചിതസമയവുമായി (instance) മാത്രം ബന്ധപ്പെട്ടതാണു്.

ജ്യോതിഷത്തിലെ മറ്റു പലതും (ലഗ്നം, ഭാവങ്ങള്‍ (houses) തുടങ്ങിയവ) സ്ഥലത്തെയും അടിസ്ഥാനമാക്കിയുള്ളതാണു്. (ഉദാഹരണമായി, ഒരു സ്ഥലത്തു് ഒരു നിശ്ചിതസമയത്തു് നേരേ കിഴക്കു കാണുന്ന രാശിയാണു് ലഗ്നം.) ഇവ ഭൂമിയുടെ ഉപരിതലത്തില്‍ കുറച്ചു സ്ഥലത്തു മാത്രമേ കണ്ടുപിടിക്കാന്‍ പറ്റുകയുള്ളൂ. ഒരു റോക്കറ്റിനകത്തോ, വേണ്ട, ഒരു വിമാനത്തിനകത്തോ നടക്കുന്ന ഒരു സംഭവത്തിനെ വിശകലനം ചെയ്യാനുള്ള തിയറി ജ്യോതിഷത്തിലില്ല.

റോക്കറ്റിലും വിമാനത്തിലുമൊന്നും പോകേണ്ട. ആര്‍ട്ടിക് വൃത്തത്തിനു വടക്കും അന്റാര്‍ട്ടിക് വൃത്തത്തിനു തെക്കും ഉള്ള സ്ഥലങ്ങളില്‍ ഇതു പലതും ദുഷ്കരമാണു്. ഇവിടെ ആറു മാസം വീതം പകലും രാത്രിയുമുള്ളതാണു് ഒരു കാര്യം. സൂര്യോദയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പല കാര്യങ്ങളും ഇവിടെ തകിടം മറിയുന്നു. ഭാവങ്ങള്‍ പലതും വളരെ വലുതും പലതും വളരെ ചെറുതുമാകുന്നു. തെക്കു് എന്നൊരു ദിശ മാത്രമുള്ള ഉത്തരധ്രുവത്തില്‍ ലഗ്നം എങ്ങനെ കണ്ടുപിടിക്കും?

ഗണിതശാസ്ത്രപരമായി, ഭാവങ്ങള്‍ കണ്ടുപിടിക്കാന്‍ tan(latitude) കണ്ടുപിടിക്കണം. അക്ഷാംശം (latitude) കൂടുമ്പോള്‍ tan-ന്റെ മൂല്യം വളരെ കൂടും. 90 ഡിഗ്രിയില്‍ (ധ്രുവം) അതു് അനന്തമാവുകയും ചെയ്യും.

റോക്കറ്റിലും വിമാനത്തിലുമൊന്നും കുട്ടികള്‍ ജനിക്കുന്നില്ലല്ലോ എന്നൊരു ചോദ്യമുണ്ടാവാം. പക്ഷേ ഫിന്‍‌ലാന്‍ഡിലും അലാസ്കയിലും ഉണ്ടാകാമല്ലോ.

എന്തുകൊണ്ടു് ഇതു സംഭവിച്ചു? ജ്യോതിഷം പ്രചാരത്തിലിരുന്ന രാജ്യങ്ങള്‍ ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ളവയായിരുന്നു. ഭൂമി ഉരുണ്ടതാണെന്നു പോലും അറിവില്ലായിരുന്ന ആളുകള്‍ ഇങ്ങനെയൊക്കെ ഭൂമിയില്‍ സംഭവിക്കാം എന്നു കരുതിയേ ഇല്ല. കാലം മാറിയപ്പോള്‍, പഴയ നിര്‍വ്വചനങ്ങള്‍ മാറ്റാതെയും പുതിയ ശാസ്ത്രീയസിദ്ധാന്തങ്ങള്‍ ഉപയോഗിച്ചും തിയറി പരിഷ്കരിച്ചപ്പോള്‍ ഇങ്ങനെ പല പാളിച്ചകളും ഉണ്ടായതു സ്വാഭാവികം. പല ഭാരതീയജ്യോതിഷപുസ്തകങ്ങളിലും, 30 ഡിഗ്രി വീതം ദൈര്‍ഘ്യമുള്ള 12 തുല്യഭാഗങ്ങളായി ഭാവങ്ങളെ കരുതുന്നുന്നുണ്ടു്. (ലഗ്നം ഒന്നാം ഭാവത്തിന്റെ ആദിയിലാണോ അതോ മദ്ധ്യത്തിലാണോ എന്നു വേറൊരു തര്‍ക്കവുമുണ്ടു്.) ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ള ഭാരതത്തില്‍ ഇതു് ഏറെക്കൂറെ ശരിയാണു്. കണക്കുകൂട്ടല്‍ എളുപ്പവുമാണു്. വടക്കോട്ടോ തെക്കോട്ടോ കൂടുതല്‍ പോയാല്‍ ഭാവങ്ങളുടെ ദൈര്‍ഘ്യങ്ങള്‍ വ്യത്യസ്തമാവും.

ഒരു പ്രത്യേക സ്ഥലത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ശാസ്ത്രം നിര്‍വ്വചിക്കുന്നതു പിന്നീടുള്ളവരെ വല്ലാതെ കുഴക്കിയിട്ടുണ്ടു്. മതപരമായ കണക്കുകളില്‍ ഏറ്റവും ശാസ്ത്രീയമായ ഇസ്ലാം കലണ്ടറില്‍ പോലും ഇതു പറ്റിയിട്ടുണ്ടു്. ഇസ്ലാം നിസ്കാരസമയങ്ങള്‍ കണ്ടുപിടിക്കാനുള്ള അല്‍ഗരിതത്തിനായി ഞാന്‍ കുറെക്കാലമായി ശ്രമിക്കുന്നു. അല്‍ഗരിതം കിട്ടി. പക്ഷേ, അക്ഷാംശം അനുസരിച്ചു് ഇതിന്റെ വ്യതിയാനത്തെപ്പറ്റി പണ്ഡിതര്‍ ഏകാഭിപ്രായക്കാരല്ല. ഒറിജിനല്‍ നിര്‍വ്വചനം എടുക്കാമെന്നു വെച്ചാല്‍ അതു് നിരക്ഷദേശത്തേ ശരിയാവുകയുള്ളൂ. (ഒരു വടി തറയില്‍ കുഴിച്ചുവച്ചിട്ടു്, അതിന്റെ നിഴലിന്റെ നീളത്തെ അടിസ്ഥാനമാക്കിയാണു് നിര്‍വ്വചനം. നിഴലില്ലാതെയാകുന്ന സമയം കണ്ടുപിടിക്കണം. അക്ഷാംശം കൂടുന്തോറും നിഴലില്ലാതാകുന്നില്ലല്ലോ.)

പിന്നെ, മനുഷ്യനല്ലാത്ത സാധനങ്ങള്‍ക്കു ജാതകമുണ്ടോ എന്നു്. ഉണ്ടു്. ശരിയായ ചോദ്യം, അതു് അവയുടെ ഭാവിയെയോ സ്വഭാവത്തെയോ ബാധിക്കുന്നുണ്ടോ എന്നു്. മനുഷ്യന്റെ കാര്യം തന്നെ നമുക്കറിയില്ല. പട്ടിയ്ക്കും പൂച്ചയ്ക്കും കാറിനും രാജ്യത്തിനുമൊക്കെ ബാധകമാണോ എന്നു് ആളുകള്‍ ഗവേഷണം ചെയ്തു നോക്കട്ടേ. നമ്മുടെ സംസ്കൃതസര്‍വ്വകലാശാലയിലും മറ്റും ജ്യോതിഷഡിഗ്രികളുണ്ടല്ലോ. ഉള്ള കാര്യം തന്നെ വികലമായി ചര്‍വ്വണം ചെയ്യാതെ അവര്‍ക്കു് ഇങ്ങനെയുള്ള ഗവേഷണങ്ങള്‍ നടത്തിക്കൂടേ?

ബൈബിളിലെവിടെയാണു മനുഷ്യനു മാത്രമേ ആത്മാവുള്ളൂ എന്നു പറയുന്നതു്? ദൈവത്തിന്റെ തനിസ്വരൂപമാണു മനുഷ്യന്‍ എന്നു പറഞ്ഞിട്ടുണ്ടെന്നറിയാം.

മനുഷ്യനു ജീവജാലങ്ങളില്‍ ആവശ്യമില്ലാത്ത പ്രാമാണ്യം കൊടുക്കുന്നതു് എല്ലാ മതങ്ങളിലുമുണ്ടു്. ശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതു നോക്കുക:

ജന്തൂനാം നരജന്മ ദുര്‍ല്ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ് വൈദികകര്‍മ്മ....


അതായതു്,

ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ: ബാക്കി ജന്തുക്കളൊക്കെ അധമര്‍!
മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍: സ്ത്രീകളൊക്കെ പാപികള്‍!
പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍ : ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍!
അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍: ബാക്കി ജോലിയൊക്കെ അധമം!

ഇങ്ങനെയുള്ള പക്ഷപാതപരമായ വിഭജനങ്ങളുടെ അന്തിമനിഗമനം ശങ്കരാചാര്യരാണു ലോകത്തിലെ ഏറ്റവും മികച്ച ജീവി എന്നാണു്. കോടാനുകോടി ജന്മങ്ങളില്‍ പുണ്യം ചെയ്താലേ അങ്ങനെയൊരു ജന്മം കിട്ടുകയുള്ളത്രേ!

പ്രതികരണങ്ങള്‍ക്കൊരു ബ്ലോഗ്

മൂന്നാം തമ്പുരാന്റെ ലേഖനത്തില്‍ നിന്നാണു KPയുടെ നിര്‍ദ്ദേശത്തെയും ബ്ലോഗിനെയും പറ്റി അറിഞ്ഞതു്. വളരെ നല്ല കാര്യം. ഇനി മുതല്‍ മൂന്നാലു വരികളില്‍ കൂടുതലുള്ള ഓഫ്ടോപ്പിക്കല്ലാത്ത എല്ലാ കമന്റുകളും ഇവിടെ ഇടാന്‍ തീരുമാനിച്ചു.

ഇതില്‍ കമന്റുകള്‍ അനുവദിച്ചിട്ടില്ല. കമന്റ് ചെയ്യണമെന്നുള്ളവര്‍ ഒറിജിനല്‍ പോസ്റ്റില്‍ കമന്റു ചെയ്യുക.

പോസ്റ്റുകള്‍ പിന്‍‌മൊഴികളിലേക്കു വിടുന്നുണ്ടു്. അതിനാല്‍ ഇതിലുള്ള പ്രതികരണങ്ങളെല്ലാം പിന്‍‌‌മൊഴികളിലും വരും.

ഈ ആവശ്യത്തിനു വേണ്ടി ഈ ബ്ലോഗ് ഉപയോഗിക്കണമെന്നുള്ളവര്‍ എന്നെ അറിയിക്കുക (umesh4blogs അറ്റ് ജീമെയില്‍.കോം). ദേവോ, വക്കാരീ, കുട്ട്യേടത്തീ,...