Friday, August 04, 2006

ചിന്തയില്‍ ചേക്കേറുന്ന ബ്ലോഗുകള്‍

(മുമ്പു പോസ്റ്റു ചെയ്തവയ്ക്കെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നു. അവ ഡിലീറ്റ് ചെയ്തു. ക്ഷമിക്കുക.)

ബൂലോഗക്ലബ്ബില്‍ പ്രസിദ്ധീകരിച്ച കലേഷിന്റെ പോസ്റ്റിനും ആദിത്യന്റെ പോസ്റ്റിനും അവയ്ക്കുള്ള ചില കമന്റുകള്‍ക്കുമുള്ള പ്രതികരണം.

(സാധാരണയില്‍ നിന്നു വ്യത്യസ്തമായി ഈ പോസ്റ്റിനു കമന്റുകള്‍ അനുവദിക്കുന്നു)

എഴുത്തുകാരുടെ പോസ്റ്റുകള്‍ അവരവരുടെ ബ്ലോഗില്‍ നിന്നു പൊക്കിയെടുത്തു ചിന്തയിലിട്ടാല്‍ ടെമ്പ്ലേറ്റുകളുടെ പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെട്ടു സുഖമായി വായിക്കാന്‍ കഴിയും എന്ന കൂമന്റെ അഭിപ്രായത്തോടു (“aggregator full text കാണിക്കുന്നതാണ് സമ്മറിയേക്കാള്‍ മെച്ചം. എല്ലാ സൃഷ്ടികളും ഒരു റീഡറില്‍ വായിക്കാന്‍ കഴിഞ്ഞാല്‍ ഒരൊറ്റ interface-ലൂടെ എല്ലാം browse ചെയ്യാനുമാകും. ഉള്ളടക്കം വായിക്കാന്‍ ഓരോ ബ്ലോഗിലേക്കും പോകുമ്പോള്‍ പല പല template കളുമായി ഒത്തിണങ്ങാന്‍ പ്രയാസം” എന്നു കൂമന്റെ വാക്കുകള്‍.)യോജിക്കാന്‍ കഴിയുന്നില്ല. ഒരു ഉദാഹരണം പറയാം.

എന്റെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ഹാന്‍ഡ്‌ബുക്ക് എന്ന പോസ്റ്റ് നോക്കുക - എന്റെ ബ്ലോഗില്‍.

ഇനി അതു് ചിന്ത എങ്ങനെ കാണിക്കുന്നു എന്നു നോക്കുക - ഇവിടെ.

ചിന്തയുടെ പേജില്‍ അതു ചിന്തയുടെ ലേഖനമായി മാറിയെന്നും എന്റെ പേരു് അതിലില്ലെന്നും ശ്രദ്ധിക്കുക. “നിദര്‍ശന” എന്ന പദം ഗൂഗിളില്‍ തെരയുന്നവര്‍ ചിന്തയുടെ ഈ പേജിലെത്തുകയും ഇത്തരം കാര്യങ്ങള്‍ മലയാളഭാഷയ്ക്കു സംഭാവന ചെയ്യുന്ന ചിന്തയെപ്പറ്റി അഭിമാനപുളകിതരാകുകയും ഒക്കെ ചെയ്യും എന്നു വിചാരിച്ചു ഞാന്‍ തല പുണ്ണാക്കുന്നില്ല.

പക്ഷേ,


  1. ഞാന്‍ ശ്ലോകങ്ങളെയും മറ്റും കാണിക്കാന്‍ ഉപയോഗിച്ച നിറങ്ങളും CSS ടെമ്പ്ലേറ്റുകളും ബ്ലോക്ക് ക്വാട്ടുകളും അക്കമിട്ടു നിരത്തിയ കാര്യങ്ങളും എവിടെപ്പോയി? (ഇപ്പോള്‍ ഇതേ ഉദാഹരണം കിട്ടുന്നുള്ളൂ. ഗണിതലേഖനങ്ങളില്‍ ഇതിനെക്കാള്‍ നല്ല ഉദാഹരണങ്ങള്‍ കിട്ടും.)


  2. ഉള്ളടക്കത്തിനു മാത്രമല്ല, പ്രതിപാദനത്തിനും സ്ഥാനമുണ്ടു് എന്നു ഞാന്‍ കരുതുന്നു. അതു കൊണ്ടു്, ഞാന്‍ അതിനു നന്നായി സമയം ചെലവാക്കുന്നുമുണ്ടു്. എന്റെ ബ്ലോഗില്‍ ഉപയോഗിക്കുന്ന ഓരോ പ്രത്യേക രൂപത്തിനും (ശ്ലോകം, ശരി, തെറ്റ്, മലയാളം, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയവയ്ക്കു്) പ്രത്യേക ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടു്. വായിക്കുന്നവര്‍ക്കു സൌകര്യത്തിനാണിവ. ഇതിനേക്കാള്‍ നന്നായി മനസ്സിലാകുന്നതു് ചിന്തയിലെ പേജാണോ കൂമാ?


  3. ഒരു കണക്കിനു് ചിന്തയിലെ പേജില്‍ എന്റെ പേരില്ലാത്തതു നന്നായി. ഇങ്ങനെ വികലമായാണു ഞാന്‍ ലേഖനങ്ങളെഴുതുന്നതെന്നു് ആരും കരുതില്ലല്ലോ!

  4. ചില ബ്ലോഗുകളില്‍ ടെമ്പ്ലേറ്റിനു നല്ല പ്രാധാന്യമുണ്ടു്. വിശ്വപ്രഭ, വര്‍ണ്ണമേഘങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍.



ഫീഡുകളില്‍ ഫോര്‍മാറ്റിംഗ് നഷ്ടപ്പെടുമെന്നു് അറിയാഞ്ഞിട്ടല്ല. ഫീഡുകള്‍ കൊടുത്തോട്ടേ. പക്ഷേ, “ഇതൊരു ഫീഡ് മാത്രമാണു്, ഒറിജിനല്‍ വായിക്കാന്‍ ഇവിടെ ഞെക്കുക” എന്നൊരു സന്ദേശം ആ പേജില്‍ ആവശ്യമാണു്. ഗൂഗിള്‍ സേര്‍ച്ചില്‍ക്കൂടിയും ആളുകള്‍ അവിടെ എത്തും എന്നറിയുക.