Thursday, July 06, 2006

ജ്യോത്സ്യം, ശാസ്ത്രം, മനുഷ്യന്‍ എന്ന ഉത്തമജന്തു...

പുല്ലൂരാന്റെ പോസ്റ്റില്‍ ശ്രീജിത്തിന്റെ കമന്റിനു മറുപടി:

ആദ്യമായി, ഞാന്‍ ഒരു ജ്യോത്സ്യനല്ല. ഇതുവരെയുള്ള അറിവു വെച്ചു് ജ്യോത്സ്യം ഒരു കപടശാസ്ത്രമാണു് എന്നു കരുതുന്ന ഒരുവനാണു്. എന്റെ അറിവു തെറ്റാകാം. ആണെങ്കില്‍ അഭിപ്രായം മാറ്റാനും ഞാന്‍ തയ്യാറാണു്.

എന്തിന്റെയും ജാതകം കണ്ടുപിടിക്കാമോ എന്നു്. പറ്റില്ല. ഭൂമിയുടെ ഉപരിതലത്തിലുള്ള സംഭവങ്ങളുടെ മാത്രമേ ജാതകം നിര്‍ണ്ണയിക്കാന്‍ ജ്യോതിഷത്തിന്റെ തിയറിയ്ക്കു പറ്റൂ.

ഗ്രഹങ്ങളുടെ സ്ഥാനവും (Geocentric latitude and longitude) അവയില്‍ നിന്നു കണ്ടുപിടിക്കാവുന്ന മറ്റു മൂല്യങ്ങളും (നക്ഷത്രം, തിഥി തുടങ്ങിയവ) എതു സ്ഥലത്തിനും കണ്ടുപിടിക്കാം. കാരണം അതു് ഒരു നിശ്ചിതസമയവുമായി (instance) മാത്രം ബന്ധപ്പെട്ടതാണു്.

ജ്യോതിഷത്തിലെ മറ്റു പലതും (ലഗ്നം, ഭാവങ്ങള്‍ (houses) തുടങ്ങിയവ) സ്ഥലത്തെയും അടിസ്ഥാനമാക്കിയുള്ളതാണു്. (ഉദാഹരണമായി, ഒരു സ്ഥലത്തു് ഒരു നിശ്ചിതസമയത്തു് നേരേ കിഴക്കു കാണുന്ന രാശിയാണു് ലഗ്നം.) ഇവ ഭൂമിയുടെ ഉപരിതലത്തില്‍ കുറച്ചു സ്ഥലത്തു മാത്രമേ കണ്ടുപിടിക്കാന്‍ പറ്റുകയുള്ളൂ. ഒരു റോക്കറ്റിനകത്തോ, വേണ്ട, ഒരു വിമാനത്തിനകത്തോ നടക്കുന്ന ഒരു സംഭവത്തിനെ വിശകലനം ചെയ്യാനുള്ള തിയറി ജ്യോതിഷത്തിലില്ല.

റോക്കറ്റിലും വിമാനത്തിലുമൊന്നും പോകേണ്ട. ആര്‍ട്ടിക് വൃത്തത്തിനു വടക്കും അന്റാര്‍ട്ടിക് വൃത്തത്തിനു തെക്കും ഉള്ള സ്ഥലങ്ങളില്‍ ഇതു പലതും ദുഷ്കരമാണു്. ഇവിടെ ആറു മാസം വീതം പകലും രാത്രിയുമുള്ളതാണു് ഒരു കാര്യം. സൂര്യോദയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പല കാര്യങ്ങളും ഇവിടെ തകിടം മറിയുന്നു. ഭാവങ്ങള്‍ പലതും വളരെ വലുതും പലതും വളരെ ചെറുതുമാകുന്നു. തെക്കു് എന്നൊരു ദിശ മാത്രമുള്ള ഉത്തരധ്രുവത്തില്‍ ലഗ്നം എങ്ങനെ കണ്ടുപിടിക്കും?

ഗണിതശാസ്ത്രപരമായി, ഭാവങ്ങള്‍ കണ്ടുപിടിക്കാന്‍ tan(latitude) കണ്ടുപിടിക്കണം. അക്ഷാംശം (latitude) കൂടുമ്പോള്‍ tan-ന്റെ മൂല്യം വളരെ കൂടും. 90 ഡിഗ്രിയില്‍ (ധ്രുവം) അതു് അനന്തമാവുകയും ചെയ്യും.

റോക്കറ്റിലും വിമാനത്തിലുമൊന്നും കുട്ടികള്‍ ജനിക്കുന്നില്ലല്ലോ എന്നൊരു ചോദ്യമുണ്ടാവാം. പക്ഷേ ഫിന്‍‌ലാന്‍ഡിലും അലാസ്കയിലും ഉണ്ടാകാമല്ലോ.

എന്തുകൊണ്ടു് ഇതു സംഭവിച്ചു? ജ്യോതിഷം പ്രചാരത്തിലിരുന്ന രാജ്യങ്ങള്‍ ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ളവയായിരുന്നു. ഭൂമി ഉരുണ്ടതാണെന്നു പോലും അറിവില്ലായിരുന്ന ആളുകള്‍ ഇങ്ങനെയൊക്കെ ഭൂമിയില്‍ സംഭവിക്കാം എന്നു കരുതിയേ ഇല്ല. കാലം മാറിയപ്പോള്‍, പഴയ നിര്‍വ്വചനങ്ങള്‍ മാറ്റാതെയും പുതിയ ശാസ്ത്രീയസിദ്ധാന്തങ്ങള്‍ ഉപയോഗിച്ചും തിയറി പരിഷ്കരിച്ചപ്പോള്‍ ഇങ്ങനെ പല പാളിച്ചകളും ഉണ്ടായതു സ്വാഭാവികം. പല ഭാരതീയജ്യോതിഷപുസ്തകങ്ങളിലും, 30 ഡിഗ്രി വീതം ദൈര്‍ഘ്യമുള്ള 12 തുല്യഭാഗങ്ങളായി ഭാവങ്ങളെ കരുതുന്നുന്നുണ്ടു്. (ലഗ്നം ഒന്നാം ഭാവത്തിന്റെ ആദിയിലാണോ അതോ മദ്ധ്യത്തിലാണോ എന്നു വേറൊരു തര്‍ക്കവുമുണ്ടു്.) ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ള ഭാരതത്തില്‍ ഇതു് ഏറെക്കൂറെ ശരിയാണു്. കണക്കുകൂട്ടല്‍ എളുപ്പവുമാണു്. വടക്കോട്ടോ തെക്കോട്ടോ കൂടുതല്‍ പോയാല്‍ ഭാവങ്ങളുടെ ദൈര്‍ഘ്യങ്ങള്‍ വ്യത്യസ്തമാവും.

ഒരു പ്രത്യേക സ്ഥലത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ശാസ്ത്രം നിര്‍വ്വചിക്കുന്നതു പിന്നീടുള്ളവരെ വല്ലാതെ കുഴക്കിയിട്ടുണ്ടു്. മതപരമായ കണക്കുകളില്‍ ഏറ്റവും ശാസ്ത്രീയമായ ഇസ്ലാം കലണ്ടറില്‍ പോലും ഇതു പറ്റിയിട്ടുണ്ടു്. ഇസ്ലാം നിസ്കാരസമയങ്ങള്‍ കണ്ടുപിടിക്കാനുള്ള അല്‍ഗരിതത്തിനായി ഞാന്‍ കുറെക്കാലമായി ശ്രമിക്കുന്നു. അല്‍ഗരിതം കിട്ടി. പക്ഷേ, അക്ഷാംശം അനുസരിച്ചു് ഇതിന്റെ വ്യതിയാനത്തെപ്പറ്റി പണ്ഡിതര്‍ ഏകാഭിപ്രായക്കാരല്ല. ഒറിജിനല്‍ നിര്‍വ്വചനം എടുക്കാമെന്നു വെച്ചാല്‍ അതു് നിരക്ഷദേശത്തേ ശരിയാവുകയുള്ളൂ. (ഒരു വടി തറയില്‍ കുഴിച്ചുവച്ചിട്ടു്, അതിന്റെ നിഴലിന്റെ നീളത്തെ അടിസ്ഥാനമാക്കിയാണു് നിര്‍വ്വചനം. നിഴലില്ലാതെയാകുന്ന സമയം കണ്ടുപിടിക്കണം. അക്ഷാംശം കൂടുന്തോറും നിഴലില്ലാതാകുന്നില്ലല്ലോ.)

പിന്നെ, മനുഷ്യനല്ലാത്ത സാധനങ്ങള്‍ക്കു ജാതകമുണ്ടോ എന്നു്. ഉണ്ടു്. ശരിയായ ചോദ്യം, അതു് അവയുടെ ഭാവിയെയോ സ്വഭാവത്തെയോ ബാധിക്കുന്നുണ്ടോ എന്നു്. മനുഷ്യന്റെ കാര്യം തന്നെ നമുക്കറിയില്ല. പട്ടിയ്ക്കും പൂച്ചയ്ക്കും കാറിനും രാജ്യത്തിനുമൊക്കെ ബാധകമാണോ എന്നു് ആളുകള്‍ ഗവേഷണം ചെയ്തു നോക്കട്ടേ. നമ്മുടെ സംസ്കൃതസര്‍വ്വകലാശാലയിലും മറ്റും ജ്യോതിഷഡിഗ്രികളുണ്ടല്ലോ. ഉള്ള കാര്യം തന്നെ വികലമായി ചര്‍വ്വണം ചെയ്യാതെ അവര്‍ക്കു് ഇങ്ങനെയുള്ള ഗവേഷണങ്ങള്‍ നടത്തിക്കൂടേ?

ബൈബിളിലെവിടെയാണു മനുഷ്യനു മാത്രമേ ആത്മാവുള്ളൂ എന്നു പറയുന്നതു്? ദൈവത്തിന്റെ തനിസ്വരൂപമാണു മനുഷ്യന്‍ എന്നു പറഞ്ഞിട്ടുണ്ടെന്നറിയാം.

മനുഷ്യനു ജീവജാലങ്ങളില്‍ ആവശ്യമില്ലാത്ത പ്രാമാണ്യം കൊടുക്കുന്നതു് എല്ലാ മതങ്ങളിലുമുണ്ടു്. ശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതു നോക്കുക:

ജന്തൂനാം നരജന്മ ദുര്‍ല്ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ് വൈദികകര്‍മ്മ....


അതായതു്,

ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ: ബാക്കി ജന്തുക്കളൊക്കെ അധമര്‍!
മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍: സ്ത്രീകളൊക്കെ പാപികള്‍!
പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍ : ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍!
അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍: ബാക്കി ജോലിയൊക്കെ അധമം!

ഇങ്ങനെയുള്ള പക്ഷപാതപരമായ വിഭജനങ്ങളുടെ അന്തിമനിഗമനം ശങ്കരാചാര്യരാണു ലോകത്തിലെ ഏറ്റവും മികച്ച ജീവി എന്നാണു്. കോടാനുകോടി ജന്മങ്ങളില്‍ പുണ്യം ചെയ്താലേ അങ്ങനെയൊരു ജന്മം കിട്ടുകയുള്ളത്രേ!

Links to this post:

Create a Link

<< Home