ചിന്തയില്‍ ചേക്കേറുന്ന ബ്ലോഗുകള്‍
(മുമ്പു പോസ്റ്റു ചെയ്തവയ്ക്കെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നു. അവ ഡിലീറ്റ് ചെയ്തു. ക്ഷമിക്കുക.)
ബൂലോഗക്ലബ്ബില്‍ പ്രസിദ്ധീകരിച്ച കലേഷിന്റെ പോസ്റ്റിനും ആദിത്യന്റെ പോസ്റ്റിനും അവയ്ക്കുള്ള ചില കമന്റുകള്‍ക്കുമുള്ള പ്രതികരണം.
(സാധാരണയില്‍ നിന്നു വ്യത്യസ്തമായി ഈ പോസ്റ്റിനു കമന്റുകള്‍ അനുവദിക്കുന്നു)
എഴുത്തുകാരുടെ പോസ്റ്റുകള്‍ അവരവരുടെ ബ്ലോഗില്‍ നിന്നു പൊക്കിയെടുത്തു ചിന്തയിലിട്ടാല്‍ ടെമ്പ്ലേറ്റുകളുടെ പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെട്ടു സുഖമായി വായിക്കാന്‍ കഴിയും എന്ന കൂമന്റെ അഭിപ്രായത്തോടു (“aggregator full text കാണിക്കുന്നതാണ് സമ്മറിയേക്കാള്‍ മെച്ചം. എല്ലാ സൃഷ്ടികളും ഒരു റീഡറില്‍ വായിക്കാന്‍ കഴിഞ്ഞാല്‍ ഒരൊറ്റ interface-ലൂടെ എല്ലാം browse ചെയ്യാനുമാകും. ഉള്ളടക്കം വായിക്കാന്‍ ഓരോ ബ്ലോഗിലേക്കും പോകുമ്പോള്‍ പല പല template കളുമായി ഒത്തിണങ്ങാന്‍ പ്രയാസം” എന്നു കൂമന്റെ വാക്കുകള്‍.)യോജിക്കാന്‍ കഴിയുന്നില്ല. ഒരു ഉദാഹരണം പറയാം.
എന്റെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ഹാന്‍ഡ്‌ബുക്ക് എന്ന പോസ്റ്റ് നോക്കുക - എന്റെ ബ്ലോഗില്‍.
ഇനി അതു് ചിന്ത എങ്ങനെ കാണിക്കുന്നു എന്നു നോക്കുക - ഇവിടെ.
ചിന്തയുടെ പേജില്‍ അതു ചിന്തയുടെ ലേഖനമായി മാറിയെന്നും എന്റെ പേരു് അതിലില്ലെന്നും ശ്രദ്ധിക്കുക. “നിദര്‍ശന” എന്ന പദം ഗൂഗിളില്‍ തെരയുന്നവര്‍ ചിന്തയുടെ ഈ പേജിലെത്തുകയും ഇത്തരം കാര്യങ്ങള്‍ മലയാളഭാഷയ്ക്കു സംഭാവന ചെയ്യുന്ന ചിന്തയെപ്പറ്റി അഭിമാനപുളകിതരാകുകയും ഒക്കെ ചെയ്യും എന്നു വിചാരിച്ചു ഞാന്‍ തല പുണ്ണാക്കുന്നില്ല.
പക്ഷേ,
- ഞാന്‍ ശ്ലോകങ്ങളെയും മറ്റും കാണിക്കാന്‍ ഉപയോഗിച്ച നിറങ്ങളും CSS ടെമ്പ്ലേറ്റുകളും ബ്ലോക്ക് ക്വാട്ടുകളും അക്കമിട്ടു നിരത്തിയ കാര്യങ്ങളും എവിടെപ്പോയി? (ഇപ്പോള്‍ ഇതേ ഉദാഹരണം കിട്ടുന്നുള്ളൂ. ഗണിതലേഖനങ്ങളില്‍ ഇതിനെക്കാള്‍ നല്ല ഉദാഹരണങ്ങള്‍ കിട്ടും.)
- ഉള്ളടക്കത്തിനു മാത്രമല്ല, പ്രതിപാദനത്തിനും സ്ഥാനമുണ്ടു് എന്നു ഞാന്‍ കരുതുന്നു. അതു കൊണ്ടു്, ഞാന്‍ അതിനു നന്നായി സമയം ചെലവാക്കുന്നുമുണ്ടു്. എന്റെ ബ്ലോഗില്‍ ഉപയോഗിക്കുന്ന ഓരോ പ്രത്യേക രൂപത്തിനും (ശ്ലോകം, ശരി, തെറ്റ്, മലയാളം, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയവയ്ക്കു്) പ്രത്യേക ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടു്. വായിക്കുന്നവര്‍ക്കു സൌകര്യത്തിനാണിവ. ഇതിനേക്കാള്‍ നന്നായി മനസ്സിലാകുന്നതു് ചിന്തയിലെ പേജാണോ കൂമാ?
- ചില ബ്ലോഗുകളില്‍ ടെമ്പ്ലേറ്റിനു നല്ല പ്രാധാന്യമുണ്ടു്. വിശ്വപ്രഭ, വര്‍ണ്ണമേഘങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍.
ഒരു കണക്കിനു് ചിന്തയിലെ പേജില്‍ എന്റെ പേരില്ലാത്തതു നന്നായി. ഇങ്ങനെ വികലമായാണു ഞാന്‍ ലേഖനങ്ങളെഴുതുന്നതെന്നു് ആരും കരുതില്ലല്ലോ!
ഫീഡുകളില്‍ ഫോര്‍മാറ്റിംഗ് നഷ്ടപ്പെടുമെന്നു് അറിയാഞ്ഞിട്ടല്ല. ഫീഡുകള്‍ കൊടുത്തോട്ടേ. പക്ഷേ, “ഇതൊരു ഫീഡ് മാത്രമാണു്, ഒറിജിനല്‍ വായിക്കാന്‍ ഇവിടെ ഞെക്കുക” എന്നൊരു സന്ദേശം ആ പേജില്‍ ആവശ്യമാണു്. ഗൂഗിള്‍ സേര്‍ച്ചില്‍ക്കൂടിയും ആളുകള്‍ അവിടെ എത്തും എന്നറിയുക.
52 Comments:
ബ്ലോഗറിന്റെ ബഗ്ഗുകള്‍ കൊണ്ടു മടുത്തു കൂട്ടരേ. എല്ലാവര്‍ക്കും കമന്റ് ചെയ്യാനുള്ള കഴിവു കൊടുത്തു പല തവണ. ഇപ്പോഴും ബ്ലോഗറു പറയുന്നതു ടീം മെംബേഴ്സിനേ പറ്റൂ എന്നാണു്.
ഇതിനു വേണ്ടി രണ്ടു മൂന്നു പോസ്റ്റുകള്‍ ഡിലീറ്റു ചെയ്യുകയും ചെയ്തു. ലോഗൌട്ടു ചെയ്തു തിരിച്ചു വരുകയും ചെയ്തു. നോ രക്ഷ.
ഇവിടെ കമന്റു ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ദയവായി കലേഷിന്റെയോ ആദിത്യന്റെയോ ഒറിജിനല്‍ പോസ്റ്റുകളില്‍ കമന്റിടൂ.
നോക്കട്ടെ..
പറ്റി..പറ്റീ
ഉമേഷേട്ടാ..ഹെയ്..അങ്ങിനെ ഒന്നുമല്ല..
1. ഗൂഗ്ഗിളില്‍ സേര്‍ച്ച് ചെയ്ത് ചിന്തയില്‍ ആദ്യം സേര്‍ച്ച് വരുമ്പോള്‍ അവര്‍ക്ക് അതുകൊണ്ട് എന്തു ഗുണം?
2. പിന്നെ ആളുകള്‍ ചിന്ത മാത്രം വായിക്കുമ്പോ അതുകൊണ്ട് അവര്‍ക്ക് എന്തു ഗുണം..
ശ്ശെ! എന്റെ ഇരട്ടത്താപ്പ് കണ്ണുകള്‍ എന്തോ കുഴപ്പമുണ്ടല്ലൊ... കണ്ണൊന്ന് ടെസ്റ്റ് ചെയ്യാന്‍ പോണം..ദുബായ് വഴി പോണൊന്നാണെന്റെ ഡൌബ്ട്..അവിടെയാത്രെ ഇപ്പൊ കണ്ണ് ഡോക്ടര്‍ നല്ലത്...
ഹാഹാ എല്‍ജി അതു കൊണ്ടല്ലേ ;)
Contents duplicate ചെയ്യാതിരിക്കുന്ന ചിന്ത.കോം -നെ കുറിച്ചു എല്‍ജിയൊന്നും പറഞ്ഞില്ല. ഒരു ഇരട്ടത്താപ്പ് ഇപ്പോഴും എവിടെയോ കിടന്നു കളിക്കുന്നുണ്ടു് [പോള്‍ അതൊരു ഒപ്ഷന്‍ മാത്രമാണെന്നും, എപ്പോള്‍ വേണമെങ്കിലും ബ്ലോഗേഴ്സിന്റെ അഭിപ്രായം അനുസരിച്ചു മാറ്റാമെന്നും പറഞ്ഞ സ്ഥിതിയ്ക്കു് ഇതു തന്നെ പറഞ്ഞും എഴുതിയും സമയം കൊല്ലണോ? ഓ മറന്ന് ഇതൊരു യൂണിയന്‍ അജണ്ടയാണല്ലേ ;)]
“അവര്‍ക്കു്” എന്നു പറഞ്ഞാല്‍ ആര്‍ക്കു്, ഇഞ്ചിപ്പെണ്ണേ? സേര്‍ച്ചു ചെയ്യുന്നവര്‍ക്കോ ചിന്തയ്ക്കോ?
എനിക്കു പ്രശ്നമുണ്ടു്. അതെഴുതിയതു ഞാനാണെന്നു് അതു വായിക്കുന്നവര്‍ അറിയാതിരിക്കുന്നതില്‍. ഞാന്‍ എഴുതിയതു് വേറെയൊരിടത്തു വികൃതമായി കാണുന്നതില്‍.
എന്നെ ഒരു സ്വാര്‍ത്ഥന്നായി കണക്കാക്കിക്കൊള്ളൂ :-)
ഇത്രേം പേരു അഭിപ്രായം പറഞ്ഞതില്‍ പോളേട്ടന്റെ മറുപിടി ഞാന്‍ കണ്ടില്ല.. ഓ കണ്ണിന്റെ കുഴപ്പമാണൊ...ഇനി?
പിന്നേയ്..അതു തന്നെ..അജണ്ട തന്നെ.. ഞമ്മള്‍ക്കൊക്കെ ഇഷ്ടം പോലെ സമയം ഉണ്ടല്ലൊ..സമയം ഇല്ലാത്തവര്‍ സ്കിപ് മാടീ പ്ലീസ്..
ശ്ശൊ! ഈ ഉമേഷേട്ടന്റെ ഒരു കാര്യം..
ഉമേഷേട്ടാ.. sarcasm ത്തിന്റെ മലയാളം ഇതാണ് ഞാന്‍ ചോദിച്ചോണ്ടിരുന്നെ.
ഞാന്‍ ചിന്തക്കാരെ ഒന്ന് ആക്കാന്‍ ശ്രമിച്ചതല്ലെ?
ഓ! ഇപ്പൊ വരും കണ്ണ് ഡോക്ടര്‍ കം ചിന്താ തൊഴിലാളി...
ഒരു സ്‌മൈലി ഒക്കെ ഇട്ടെഴുത് എന്റെ ഇഞ്ചി പെണ്ണെ. :)
ഇഞ്ചീ,
പോള്‍ ഇന്ത്യയിലാണു്. ഇപ്പോള്‍ ഉറങ്ങുകയാവും. രാവിലെ ഉണര്‍ന്നാല്‍ അദ്ദേഹത്തിനൊരു ജോലിയുണ്ടു്. അതിനിടയില്‍ കിട്ടുന്ന സമയത്താണു് ഇതൊക്കെ ചെയ്യുന്നതു്. അദ്ദേഹത്തിനു സമയം കിട്ടുമ്പോള്‍ ഉത്തരം പറഞ്ഞേക്കാം. നാട്ടുകാര്‍ക്കെല്ലാം ഉത്തരം രാത്രി ഉറക്കമിളച്ചിരുന്നു പറയേണ്ട ബാദ്ധ്യത അദ്ദേഹത്തിനില്ല.
ഏവൂരാന്‍ (തനിമലയാളം എന്താടോ ഒച്ചിഴയുന്നതുപോലെ?), പെരിങ്ങോടന്‍ (കീമാനില്‍ ബായ്ക്ക്‍സ്പേസ് മാപ്പു ചെയ്യാന്‍ അറിയില്ലേടോ കൂവേ?), കെവിന്‍ (എന്താടോ അഞ്ജലിയില്‍ “ണ്ണ” ഇല്ലാത്തേ? താന്‍ എന്തു ചെയ്യുവാടോ അവിടെ?), സിബു (പേളല്ലാതെ ഒന്നും അറിയില്ലേടോ തനിക്കു്? മര്യാദയ്ക്കു് ഒരു നല്ല ഗുയി എഴുതെടോ) മുതലായവരോടു സംസാരിക്കുമ്പോഴും ഇതു ശ്രദ്ധിച്ചാല്‍ നന്നു്.
കമന്റുകളും തമാശയും വികാരപ്രകടനവും പ്രതിഷേധം അറിയിക്കലും ഒക്കെ കൊള്ളാം. അതു വ്യക്തിഹത്യയാകരുതു്. അതു കഴിഞ്ഞു് ഞാന്‍ ഒന്നും ഉദ്ദേശിച്ചില്ല, ഒന്നും തോന്നരുതു് എന്നു പറഞ്ഞാല്‍ അതിന്റെ പ്രശ്നം പോവുകയുമില്ല.
(ഈ കമന്റില്‍ സ്മൈലികളില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക.)
ഞാന്‍ പെരിങ്ങോടരെയാണ് പറഞ്ഞത്..
പോളേട്ടനെ അല്ല.
ഒന്നും കൂടി പറയട്ടെ. എന്നിട്ട് ഞാന്‍ ഈ അജണ്ട നിറുത്താം.
പെരിങ്ങ്സ് എന്നെ ആക്ഷേപിച്ച വാക്കുകള്‍ തന്നെയാണ് ഞാന്‍ ഉപയോഗിച്ചത്. അതില്‍ സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും തോന്നിയുമില്ല.
ഒരു വാദം ഉണ്ടാവുമ്പോള്‍ എന്നേയും ആളുകള്‍ ആക്ഷേപിക്കും എന്ന് എനിക്ക് നല്ലോണം അറിയാം. അല്ലെങ്കില്‍ എനിക്ക് ഏതാണ് പോപ്പുലര്‍ വാദം..എന്നാ അതിന്റെ കൂടെ എന്ന് വെച്ച് മിണ്ടാതെ ഇരിക്കാം. നല്ല കുട്ടിയാവാം.
പക്ഷെ അതുകൊണ്ട് പെരിങ്ങ്സിനോട് ഞാന്‍ ഒന്നും തിരിച്ചു പറയാന്‍ പാടില്ലാന്ന് അല്ലെങ്കില്‍ കീമാപ്പ് പെരിങ്ങ്സ് ചെയ്തതുകൊണ്ട് പെരിങ്ങ്സ് -നെ തിരിച്ചും കളിയാക്കാന്‍ പാടില്ല്ല എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല.
അതിനി തെറ്റാണെന്ന് ഉമേഷേട്ടന്‍ പറയുവാണെങ്കില്‍ തെറ്റ് എന്ന് വിചാരിക്കുന്നു..
എന്നാ പെരിങ്ങ്സ്..സോറി..ആത്മാര്‍ത്ഥമായി തന്നെ.
എന്റെ കണ്ണിനു കുഴപ്പമൊന്നുമില്ല ഇഞ്ചീ. ഞാന്‍ ഈ കമന്റിനെയാണു് ഉദ്ദേശിച്ചതു്:
“ഇത്രേം പേരു അഭിപ്രായം പറഞ്ഞതില്‍ പോളേട്ടന്റെ മറുപിടി ഞാന്‍ കണ്ടില്ല.. ഓ കണ്ണിന്റെ കുഴപ്പമാണൊ...ഇനി?“
പിന്നെ മറ്റു രണ്ടു പോസ്റ്റിലും ധനസമ്പാദനത്തിനായി പോള്‍ ഇതൊക്കെ ചെയ്യുന്നു എന്ന പ്രസ്താവവും.
നമ്മള്‍ (ഇഞ്ചിയും ആദിയും ഞാനുമൊക്കെ) അങ്ങോട്ടുമിങ്ങോട്ടും തമാശയ്ക്കു പലതും പറയും. എനിക്കതില്‍ ഒരു പ്രശ്നവുമില്ല. പക്ഷേ അതുപോലെയല്ല ഇങ്ങനെയൊരു ആരോപണം മറ്റൊരാളെപ്പറ്റി ഉന്നയിക്കുമ്പോള്‍. ആലോചിക്കണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ബ്ലോഗ് വായിക്കുന്നവരുടെ നന്മയെ ഉദ്ദേശിച്ചു് ഒരു ബ്ലോഗ് ബ്ലോക്കു ചെയ്ത ഏവൂരാനു കിട്ടിയ പ്രഹരങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു എന്നു് എനിക്കുറപ്പാണു്.
ഏവൂരാന്‍, പെരിങ്ങോടന്‍ തുടങ്ങിയവരെപ്പറ്റി ബ്രായ്ക്കറ്റില്‍ എഴുതിയതു് എന്റെ ഭാവനയില്‍ വന്ന കാര്യമാണു്. ആരും പറഞ്ഞതല്ല. ആരും പറയുമെന്നും തോന്നുന്നില്ല.
എല്‍ജി, കീമാനെ കുറിച്ചൊരു ചോദ്യത്തിനു പെരിങ്ങോടന്‍ ഉറങ്ങുന്ന സമയത്തു മറുപടി ലഭിക്കണമെന്നു നിര്‍ബന്ധം കാണിക്കരുതെന്നാവണം ഉമേഷിന്റെ ഉദ്ദേശം. പോളിന്റെ അഭിപ്രായം ഇപ്പോള്‍ കാണണമെന്നു വാശിപിടിക്കുന്നതും അതുപോലെയാണു്.
ചിന്ത.കോം തൊഴിലാളിയെന്നൊക്കെ ചുമ്മാ ആരോപിക്കുന്നതു ഒരു രസക്കേടാണു്, ഞാന്‍ ചിന്തയിലെ ഒരു അംഗമായതു കൊണ്ടാണു പോളിനെ ന്യായികരിക്കുന്നതെന്നു വായനക്കാര്‍ ധരിച്ചേയ്ക്കും. അതെന്റെയും പോളിന്റെയും ക്രെഡിബിളിറ്റിയെ നശിപ്പിക്കുന്നതുമാണു്. എന്തായാലും ചിന്ത.കോം -ല്‍ എനിക്കു യാതൊരു പ്രവര്‍ത്തന/സാമ്പത്തിക പങ്കാളിത്തവുമില്ലെന്നു ഞാന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു (വിശ്വസിക്കാമെങ്കില്‍ മതി)
പിന്നെ ഇമ്മാതിരി കസര്‍ത്തുകള്‍ ആദ്യമായല്ല കാണുന്നതു്, അമ്പലം എന്നെഴുതിയാല്‍ സവര്‍ണ്ണനാക്കപ്പെടുന്നതും, ഭാരതീയം എന്നെഴുതിയാല്‍ സംഘ്‌പരിവാര്‍ ആക്കുന്നതുമെല്ലാം ധാരാളം കണ്ടിട്ടുണ്ടു്, മലയാളി കമ്യൂണിറ്റികളില്‍ ഇതൊരു സ്ഥിരം ഏര്‍പ്പാടല്ലേ ഒട്ടും അതിശയമില്ല ;)
ഉമേഷേട്ടാ
പോള്‍ മറുപിടി തന്നുവല്ലൊ,ഓ എന്നാലും ഇതു ഇങ്ങിനെ വാദം കണ്ടിന്യൂ ചെയ്യണമെന്ന് ഉള്ളത് നിങ്ങളുടെ അജണ്ടയാണല്ലൊ എന്ന് പെരിങ്ങ്സ് പറഞ്ഞതിനെയാണ് ഞാന്‍ തിരിച്ചും കളിയാക്കിയത്.
എന്ന് വെച്ചാല്‍ ഞാന്‍ വെറുതെ ഇങ്ങിനെ ഒരോന്നു പറയുന്നതാണെന്നും ഒരു ഓഫ് ‘തൊഴിലാളി’ എന്ന നിലക്കു കമന്റ് കൂട്ടാന്‍ നോക്കുന്നതാണെന്നും ഞാന്‍ ആ സെന്റെന്‍സില്‍ നിന്ന് ധരിച്ചു.
അതുകൊണ്ടാണ് പോളേട്ടന്റെ മറുപിടി ഞാന്‍ കണ്ടില്ലാന്ന് പെരിങ്ങ്സിനോട് പറഞ്ഞത്.
അല്ലാണ്ട് ഞാന്‍ പറയുന്നതിന് അതേ സെക്കണ്ടില്‍ മറുപിടി കിട്ടണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിട്ടല്ല.
അതുകൊണ്ട് അതേ പോലെ തിരിച്ചു പറഞ്ഞതാണ്. അതുകൊണ്ടാണ് ചിന്ത
‘തൊഴിലാളി’ എന്ന് പറഞ്ഞത്..അല്ലാണ്ട് ആരുടേയും ക്രെഡിബിളിറ്റിയില്‍ എനിക്ക് ഒരു സംശയവും ഇല്ല. എന്തായാലും ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്റെ ക്രെഡിബിളിറ്റിയിലേ സംശയം തോന്നുള്ളൂ..
പോളേട്ടന്റെ സൈറ്റില്‍ പോളേട്ടന്‍ എന്ത് കാണിച്ചാലും എനിക്ക് ഒന്നുമില്ല.ഞാന്‍ അത് നേരത്തെ തന്നെ പല പ്രവശ്യം പറഞ്ഞു. ഒരു സൈറ്റ് നടത്തിക്കൊണ്ട് പോകാന്‍ വരുമാനം ആവശ്യമാണ് താനും.അതില്‍ ലാഭം വേണം താനും.അതില്‍ യാതൊരു തെറ്റുമില്ല. അല്ലാണ്ട് എല്ലാവരും ഫ്രീ തരണമെന്ന് ഞാന്‍ പറയുന്നതെങ്ങിനെ?
പക്ഷെ അതുകൊണ്ട് യൂസര്‍ രെജിസ്റ്റ്രേഷനും വോട്ടിങ്ങും പിന്നെ കണ്ടന്റ് മൊത്തം ഇടലും ശരിയല്ലായെന്നും പ്രത്യേകിച്ച് അവിടെ ആഡ്സ് കൊണ്ട് നിറക്കുമ്പോള്‍ എന്നിട്ട് ആഡ്സ് വെറുതെ ഇട്ടതാണ് എന്ന് പറയുമ്പോള്‍ എനിക്ക് ന്യായമായും ചോദ്യങ്ങള്‍ ചോദിക്കാം എന്ന് തന്നെയാണ് ഞാന്‍ കരുതിയത്. പക്ഷെ അപ്പോള്‍ അതൊരു സെര്‍വീസ് അല്ല,അതൊരു ബിസിനസ്സ് ആണ്..ഒരു ബിസിനിസ്സ് എന്ന് പറയുന്നതില്‍ എന്തു തെറ്റ്? എനിക്ക് ഒരു തെറ്റും തോന്നിയിട്ടില്ല. ഒരു ബിസ്നിസ്സ് നടത്തിക്കൊണ്ട് പോവുന്ന എനിക്കും അതില്‍ വരുമാനം 0 എന്ന് കാണിച്ചാല്‍ ശരിയാവില്ല എന്ന് നല്ലവണ്ണം അറിയാം. പക്ഷെ ഞാന്‍ അതൊരു സെര്‍വീസ് ആണെന്ന് ആരോടും പറയാറില്ല അത്രെ ഉള്ളൂ.
പെരിങ്ങ്സ് ഞാനും കേട്ടിട്ടുണ്ട് ഇഷ്ടം പോലെ....ദേ ഇപ്പൊ തന്നെ എന്റെ നയം ഇരട്ടത്താപ്പ് എന്നും ചിക്കിലി മാത്രം കാണുന്ന കണ്ണെന്നും എനിക്കൊരു അജണ്ട ഉണ്ടെന്നും പെരിങ്ങ്സ് തന്നെ പറഞ്ഞില്ലെ? :)
ഉമേഷ് ചേട്ടാ...ഞാനിങ്ങനെ പാതിരാത്രിയില്‍ ഇരുന്ന് കമന്റെ വായിക്കവെ നിവൃത്തിയില്ലാതെ അടിച്ചു പോവുന്നതാണ്..”അപ്പന്റെ തലേലാണോ ...മോളേ ഷേവിങ്ങ് പഠിക്കുന്നത് എന്ന് ചോദിക്കരുതേ..എന്റെ ശ്രദ്ധ ആ കമന്റില്‍ മാത്രമാണ് .തനിക്കതില്‍ ഒന്നും തോന്നിയില്ലെന്നും പറഞ്ഞ് ഇഞ്ചി ഉടനെ മറുപടി തന്നെങ്കിലും അത് തൂടര്‍ന്നപ്പോള്‍ എഴുതാന്‍ തോന്നി..
ഇഞ്ചിക്ക് കണ്ണിന് കുഴപ്പമുണ്ടോ എന്ന കമന്റ് ഉദ്ദരിച്ചല്ലേ പിന്നെയുള്ള കമന്റില്‍ മുഴുവന്‍ അവരത് ആഡ് ചെയ്തത്..അത് വരെ ചിന്തയുടെ strenght and weakness ഇടകലര്‍ത്തി പറഞ്ഞുകൊണ്ടിരുന്ന ചേട്ടനെന്തിനാ പെട്ടന്ന് ഇങ്ങനെ ഒരു കമന്റ് അടിച്ചത്..“ഇന്നയാളെ കണ്ടില്ലല്ലോ എന്ന ചോദ്യമാണോ” ആ ആളിക്കത്തലിന് കാരണം.താങ്കളുടെ കമന്റില്‍ സാമ്പിളിനിട്ടിരിക്കുന്ന ബാക്കിള്ളവയുടെ അത്രയും വിഷമയമായിരുന്നുവോ ആ അന്വെഷണം..
രാജാവായാലും തുണിയുടുത്തില്ലേല്‍ ഇല്ലെന്ന് പറയണം എന്ന ചോല്ല് വച്ച് ഞാന്‍ പറയട്ടെ..ആ കമന്റില്‍ ഒരു സുപീരിയോരിറ്റി കോമ്പ്ലെക്സ് ഉണ്ടായിരുന്നു..ഒന്ന് മനസ്സിരുത്തി അതിനു ശേഷമുള്ള കമന്റുകള്‍ വായിച്ചു നൊക്കിക്കേ..അത് വരെയുണ്ടായിരുന്ന സൌഹൃദം കാണാന്‍ ആവുന്നുണ്ടോ..?
ഇത് പറയാന്‍ ഞാന്‍ ആരുമല്ല..നിങ്ങളൊക്കെ പയറ്റിതെളിഞ്ഞ കളരികള്‍ കണ്ട് അന്തിച്ച് നില്‍ക്കുന്ന ഒരു മുരടിച്ച ബാല്യം...എങ്കിലും ഒരു ഈഗോ ക്ലാഷില്‍ ഇങ്ങനെ സുഹൃത്തുക്കളുടെ മനസ്സ് നോവിക്കണോ?
എന്തോ..എനിക്ക് പറയാന്‍ തോന്നിയത് ഞാന്‍ പറഞ്ഞു...survival is the art of fittest"..എന്ന് കേട്ടിട്ടുണ്ട്..ഒരിക്കല്‍ ചിന്തയും വിജയമായാല്‍ അതും ഈ തറവാട് പോലെ തഴയ്ക്കും,ഇല്ലെങ്കില്‍ മറ്റൊരു മരണം..അതിന്റെ പേരില്‍ ഒരിക്കലും മായാത്ത ചെളിവാരി എറിയുന്നതെന്തിന്..എനിക്കറിയില്ല..?
-പാര്‍വതി.
പാര്‍വ്വതിക്കു്,
ഇഞ്ചിയുമായുള്ള സൌഹൃദത്തിനു് ഇതുകൊണ്ടു് ഒരു കുറവും വരില്ല എന്നു തന്നെയാണു് എന്റെ വിശ്വാസം. തെറ്റെന്നു തോന്നിയ ഒരു കാര്യം ചൂണ്ടിക്കാണിച്ചു എന്നു മാത്രം.
സാധാരണ ഇങ്ങനെയുള്ളവ ഇ-മെയിലിലൂടെയോ ഫോണ്‍ ചെയ്തോ ആണു പറയാറുള്ളതു്. (മറ്റുള്ളവര്‍ എന്നോടും ഇതു ചെയ്യാറുണ്ടു്. എനിക്കതിനു നന്ദിയുമുണ്ടു്.) ഇഞ്ചിയെ ഇതല്ലാതെ അറിയിക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നും കണ്ടില്ല.
പാര്‍വ്വതിയുടെ ആരോപണങ്ങള്‍ അംഗീകരിക്കുന്നു. എന്റെ കമന്റില്‍ സുപീരിയോരിറ്റി കോമ്പ്ലക്സ് മുഴച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക.
പക്ഷേ, ഈ സംവാദത്തിന്റെ ഭവിഷ്യത്തെന്താണെന്നു കണ്ടില്ലേ? പോള്‍ ഈ പരിപാടി നിര്‍ത്തി. ആദിയുടെയും ഇഞ്ചിയുടെയും സൂവിന്റെയും ബ്ലോഗുകള്‍ ഒഴിവാക്കുകയും ചെയ്തു. ആര്‍ക്കു് എന്തു നേട്ടം കിട്ടി അവസാനം?
ഇതു് ഒരു പൊതുവേദിയില്‍ പറയേണ്ടി വന്നതില്‍ ഖേദമുണ്ടു്. ഇഞ്ചിയോടു മാത്രമായി പറഞ്ഞതിലും ഖേദമുണ്ടു്. ഇഞ്ചിയെപ്പോലെയോ അതില്‍ കൂടുതലായോ മറ്റു പലരും (ആദി, ഇടിവാള്‍ തുടങ്ങിയവര്‍) ഈ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടു്. എല്ലാവര്‍ക്കും കൂടിയുള്ള മറുപടിയാണു് എന്റേതു്.
ഞാന്‍ പോളിന്റെ വക്താവല്ലെന്നും വ്യക്തമാക്കട്ടേ. രണ്ടുമൂന്നു കാര്യങ്ങള്‍ ഞാനും ന്നന്നായി വിമര്‍ശിച്ചിട്ടുണ്ടു്.
ദയവായി ഞാന്‍ പറഞ്ഞതു വ്യക്തിപരമായി എടുക്കാതെ ആശയത്തോടുള്ള എതിര്‍പ്പാണെന്നു് എല്ലാവരും കരുതണം എന്നു് എല്ലാവരോടും, പ്രത്യേകിച്ചു് ഇഞ്ചിയോടു്, അപേക്ഷിക്കുന്നു.
സത്യം പറയട്ടെ ഉമേഷേട്ടാ
ഉമേഷേട്ടന്‍ എന്നെ വഴക്ക് പറയണമായിരുന്നു എന്ന് തന്നെയാണ് .അതുകൊണ്ട് ഞാന്‍ ഒന്ന് ഒതുങ്ങി..അല്ലെങ്കില്‍ ഞാന്‍ പിന്നേയും പലരേയും വേദനിപ്പിച്ചേനെ..
അവിവേകം കാണിക്കുമ്പോള്‍ ഉമേഷേട്ടനെപ്പോലെയുള്ളവര്‍ നേര്‍ വഴിക്ക് തന്നെ പറഞ്ഞ് തരണം..അതില്‍ ഞാന്‍ സത്യമായും സന്തോഷിക്കുന്നു..വെറുതെ പറയുന്നതല്ല..101% ആത്മാര്‍ത്ഥ്മായി പറയുന്നതാണ്. അതുകൊണ്ടാണ് ഞാന്‍ പെരിങ്ങ്സിനോട് മാപ്പ് അപ്പോള്‍ തന്നെ പറഞ്ഞത്. കാരണം എനിക്ക് തന്നെ അറിയാം എനിക്ക് ഒത്തിരി അധികം വിവരക്കേടുകള്‍ ഉണ്ട്.
അതുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദയവായി പൊറുക്കണം.
പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലാന്ന് അറിയാം...എന്നാലും..ഇതിനി ഏതെങ്കിലും ശ്ലൊകം ഉണ്ടോ ആവൊ? :)
പാറുക്കുട്ടിയെ...ഉമേഷേട്ടന്‍ അന്നേരം അത് പറഞ്ഞത്കൊണ്ട് ഞാന്‍ അടങ്ങി..അല്ലെങ്കില്‍ എന്റെ കര്‍ത്താവെ ഞാനിവിടെ പെരിങ്ങ്സ് പറഞ്ഞ പോലെ എന്തൊക്കെ കസര്‍ത്തുകള്‍ കാണിച്ചെനെ.. :-)
ഉമേഷേട്ടന്റെ മറുപടി എനിക്കും ഇഷ്ടമായി. എല്‍ ജി വിവേകത്തിനേക്കാള്‍ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നു കമന്റുകളില്‍. തമാശ പറയുമ്പോള്‍ അത് നല്ലതാണ്, പക്ഷെ എപ്പോഴും അല്ല.
പറഞ്ഞത് കൊണ്ട് ഒന്നും തോന്നരുത് എല്‍.ജി. നമ്മള്‍ ഫ്രണ്ട്സ് അല്ലേ ഇപ്പോഴും, എപ്പോഴും, എല്ലായ്പ്പോഴും.
ഓ.ടോ: ഈ കോമ (,) എന്ന സാധനം ഇംഗ്ലീഷുകാരനാണോ? അതോ മലയാളത്തിലും ഇത് പണ്ടേ ഉള്ളതാണോ?
ശരിയാണ് ശ്രീജിത്തെ.
അതുകൊണ്ട് ഇനി ഒരു അഭിപ്രായ പ്രകടനവും
ഇല്ല..പോരെ?
ഫ്രണ്ട്സ് തന്നെ...നോ പ്രോബ്ലം.. :)
എല്‍ജി വിവേകത്തിനേക്കാള്‍ വികാരത്തിനു പ്രാധാന്യം കൊടുക്കുന്നു എന്ന വാദത്തോട് എനിക്കു യോജിക്കാന്‍ പറ്റുന്നില്ല. ഈയിടെ കണ്ടതില്‍ ഏറ്റവും ലോജിക്കല്‍ ആയി വാദിയ്ക്കുന്നത് എല്‍ജിയാണ് എന്നാണ് എനിക്കു തോന്നിയത്. പല കാര്യങ്ങളെപ്പറ്റിയും എല്‍ജിയുടെ അഭിപ്രായങ്ങള്‍ നല്ല ആലോചിച്ച് ഉറപ്പിച്ച അഭിപ്രായങ്ങള്‍ തന്നെയാണ്. അപ്പപ്പോള്‍ മനസില്‍ വരുന്നതു പറയല്‍ അല്ല. എല്‍ജി പറഞ്ഞതെല്ലാം ശരിയാണെന്നല്ല ഞാന്‍ പറഞ്ഞത്. ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഒരു തമാശ പോലെ ഒക്കെ ഒരു ലൂപ്പ് ഹോള്‍ ഒക്കെ ഇട്ടു പറയുക എന്ന ചില്ലറ പൊടിക്കൈകള്‍ ഒക്കെ ഉണ്ട് :)
പറഞ്ഞത് കൊണ്ട് ഒന്നും തോന്നരുത് ശ്രീജിത്തേ. നമ്മള്‍ ഫ്രണ്ട്സ് അല്ലേ ഇപ്പോഴും, എപ്പോഴും, എല്ലായ്പ്പോഴും.
“എന്റെ ആദിക്കുട്ടീ, എന്നാന്നേ ഈ പറയുന്നേ, ഞാന്‍ ചുമ്മാ എനിക്കു മനസില്‍ തോന്നുന്ന പൊട്ട അഭിപ്രായമാന്നേ പറയുന്നേ. അല്ലാതെ പറയുന്നതിനെപ്പറ്റി 2 സെക്കന്റ് പോലും ഞാന്‍ ആലോചിക്കാറില്ലന്നെ. എന്റെ ചേട്ടായി ഇതു പറഞ്ഞ് എന്നെ എപ്പഴും കളിയാകുമെന്നെ“ എന്ന എല്‍ജിയുടെ ഒരു മറുപടി ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. :)
ഹഹഹ....എനിക്ക് വയ്യ! ദേ അപ്പൊ എന്റെ സൂത്ര പാറ്റേര്‍ണ്‍സ് ഒക്കെ കണ്ട് പിടിച്ച് വേച്ചേക്കുവാല്ലെ ആദിക്കുട്ടീ? അതു ശരി! സൂത്രങ്ങള്‍ മാറ്റേണ്ട ടൈം ആയിരിക്കുന്നു.
എനിക്കതൊന്നുമല്ല വിഷമം..പെരിങ്ങ്സ് ആണെങ്കില്‍ എനിക്ക് കുറേ മാര്‍ക്കും തന്നതാ എപ്പോഴൊ. ഇനി അതു മൊത്തം നെഗറ്റീവില്‍ നിന്ന് അതിനും താഴെ ഏതെങ്കിലും നമ്പര്‍ ഉണ്ടെങ്കില്‍ അതിലേക്ക് പോവുമല്ലൊ എന്ന് മാത്രം :(
ഹൊ! എന്നാല്‍ ഒരു അഗ്രിഗേറ്റര്‍ ഉണ്ടാക്കിയിട്ട് തന്നെ കാര്യം. ഇവിരീ പറയുന്ന ഒരു ഭയങ്കര സാധനം എന്താണെന്ന് ഒന്ന് അറിയണമല്ലൊ.
എന്നൊന്നും ഞാന്‍ അമ്മയാണെ പറയൂല്ല..
വല്ലോരുടെം പുറത്ത് കുതിര കയറാനല്ലെ എന്നെക്കൊണ്ടൊക്കെ പറ്റൂ..
ഇഞ്ചീ,
സന്തോഷമായി. ഇഞ്ചിയ്ക്കു വിഷമമാകുമോ എന്നു് എനിക്കു വിഷമമാകുമോ എന്നു് ഇഞ്ചിക്കു വിഷമമാകുമോ എന്നു എനിക്കു വിഷമമായിരുന്നു. അതു തീര്‍ന്നു കിട്ടി. പാര്‍വ്വതിക്കും നന്ദി. ഞാനും ഒന്നടങ്ങി.
കോമ നമുക്കു പണ്ടില്ലായിരുന്നു ശ്രീജിത്തേ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൂടെ കിട്ടിയതാണു്.
അല്ലാ, ആദിയും ശ്രീജിത്തും ഒരു എല്‍ജിയുടെ കാര്യം പറയുന്നുണ്ടല്ലോ. ഇഞ്ചിക്കറിയുമോ അതാരാണെന്നു്? :-)
ഉണ്ടല്ലോ ഇഞ്ചീ. പറഞ്ഞ വാക്കും എയ്ത അമ്പും പിന്നെ വേറേ എന്തോ സാധനങ്ങളും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നര്‍ത്ഥമുള്ള ഒരു ശ്ലോകം ഉണ്ടു്. ഓര്‍ത്തിട്ടു കിട്ടുന്നില്ല. ഓര്‍ത്താല്‍ എഴുതാം.
എല്‍ജി വളരെ ലോജിക്കല്‍ ആയിട്ടുള്ള വാദങ്ങളാണ്‍ നടത്തുന്നതെന്ന് ഞാനും ലോജിക്കലായി വാദിക്കുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ളതിനാല്‍ വളരെ passionate (ഉന്മാദം? :)) ആയിട്ടാണ്‍ പറയുന്നതെങ്കിലും. എല്‍ജിയുടെ വാഗ്‌ധോരണി ഹൃദയം വഴിയാണ്‍ കീബോര്‍ഡിലെത്തുന്നതെങ്കിലും, അതിന്റെ ഉദ്‌ഭവസ്ഥാനം തലച്ചോറുതന്നെ :) (വിശ്വപ്രഭയെപ്പോലെ എഴുതാമോ എന്നു ഞാനും നോക്കട്ടെ :))
നല്ലവരില്‍ നല്ലവനായ പോളിനെ ഇവിടെ പലര്‍ക്കും പരിചയമില്ലാത്തതുകൊണ്ടാവാം ഈ വാദത്തില്‍ കുറച്ചൊക്കെ എരിവും പുളിയുമൊക്കെ വന്നത്. പിന്നെ ആദി എവിടെയോ പറഞ്ഞതുപോലെ “ഞങ്ങ ഇതു നടത്തിക്കോളാം, നിങ്ങ അവിടെ മിണ്ടാതിരി” എന്നൊരു ധ്വനി അറിയാതെയാണെങ്കിലും വന്നിട്ടുണ്ടാവാം.
കുറച്ചുനേരം കൂടി ആരോപണപ്രത്യാരോപണങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍ വീട്ടില്‍ പോകാന്‍ സമയമാകുന്നതുവരെ എനിക്കു ബോറടിക്കാതെ ഇരിക്കാമായിരുന്നു :)
ഇനി ഞാന്‍ എന്റെ കോമയിലേക്കു തിരിച്ചുപോട്ടെ...
“നാരാചശല്യം ദേഹത്തിങ്കല്‍ നിന്നെടുത്തിടാം, ക്രൂരവാക്‍ശല്യമെടുക്കും ചികിത്സകനുണ്ടോ” എന്ന് ഏതോ ഹൈസ്‌കൂള്‍ മലയാളം പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്.
..കുറച്ചുനേരം കൂടി ആരോപണപ്രത്യാരോപണങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍ വീട്ടില്‍ പോകാന്‍ സമയമാകുന്നതുവരെ എനിക്കു ബോറടിക്കാതെ ഇരിക്കാമായിരുന്നു :)...
അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടായിരുന്നെങ്കില്‍ സംഭവം തണുത്തു തുടങ്ങിയപ്പോ ഒന്ന് ഇടപെട്ട് കലക്കണ്ടാരുന്നോ? ;)
ഒന്നില്‍ക്കൂടുതല്‍ അഗ്രഗേറ്റര്‍ ഇട്ടതു കൊണ്ടാണ് ടാന്‍സാനിയാല്‍ ടുളു ഭാഷയിലെ ഒരു ബ്ലോഗിങ്ങ് കമ്മ്യൂണിറ്റിക്ക് എഡി 457-ല്‍ വംശനാശം സംഭവിച്ചതെന്നോ മറ്റോ ഒരു ബിറ്റുമായിട്ട് ഒന്ന് എറങ്ങിയാപ്പോരാരുന്നാ? ;))
ഉമേഷേ ... (ഉമേഷേട്ടാ എന്ന് മറ്റുള്ളവര്‍ വിളിക്കുന്ന പോലെ വിളിക്കാത്തതിനാല്‍ , തിരികെ കയറി കൂമേട്ടാ എന്ന് വിളിക്കല്ലേ:) തല്‍ക്കാലം ശരിക്കുള്ള പേരായ സുധീറേ എന്നു വിളിക്കുന്നതില്‍ ഒരു വിരോധവും ഇല്ല) കുറെയേറെ നല്ല ബ്ലോഗുകളെഴുതുന്ന ഒരുപാടു പേരുണ്ട് ബൂലോഗത്തില്‍ . ഓഫീസിലിരുന്ന് കുറച്ചൊക്കെ വായിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് പറഞ്ഞതാണ്. ഒരു xml feed ഉണ്ടെങ്കില്‍ മുഴുവനായി അവിടിരുന്നു വായിക്കാമല്ലോ എന്നാണ് എന്റെ സ്വാര്‍ഥത. ഉദാഹരണം പറയാം. താങ്കളുടെ ഗുരുകുലമൊക്കെ (മനസിലായില്ലെങ്കിലും) ഞാന്‍ നേരിട്ടാണ് വായിക്കാറ്. കാരണം template ഒരു മാതിരി neutral ആയതു കൊണ്ടു തന്നെ. എന്നാല്‍ ദേവന്റെ മുരിങ്ങയും നരിച്ചീറുമൊക്കെ മുഴുവന്‍ cut n paste ചെയ്ത് ഒരു നോട്ട്പാഡിലിട്ടാണ് വായിക്കണം, കാരണം template കൂടുതല്‍ contrast ഉള്ളതിനാല്‍ . telnet windowകളുടെ ഒരു അയ്യരു കളിയ്ക്കിടയില്‍ notepad ഒളിച്ചിരിക്കും അങ്ങനെ ചക്കാത്തില്‍ വായനയും. ഇനി സമ്മറിയായാലും ഞാന്‍ സന്തുഷ്ടനാവും. കാരണം വിശദമായി വായിക്കേണ്ടതിനെ തരം തിരിക്കാമല്ലോ. (ഇതു കണ്ടിട്ട് ‘കൂമാ ഓഫീസിലിരുന്നു വായിക്കണ്ടാ. നിന്റെ തൊപ്പി തെറിച്ചേക്കും‘ എന്നൊന്നും ആരും കരിനാക്കു വളയ്ക്കരുതേ)
ചിന്ത പോലെയുള്ള ഉദ്യമങ്ങള്‍ നമുക്കു ധാരാളം വേണം. അതിനെ പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ വിചാരം.
അതല്ല പാപ്പാനേ. എന്നാലും അതും ഇവിടെ വളരെ പ്രസക്തം.
അതു ഭാരതം കിളിപ്പാട്ടിലേതാണെന്നു തോന്നുന്നു. അങ്ങനെ തന്നെയാണോ വരികള്‍? എഴുത്തച്ഛന്‍
ക്രൂരവാക്‍ശല്യമെടു/ക്കും ചികിത്സകനുണ്ടോ
എന്നൊരു ഭീകരയതിഭംഗം കേകയില്‍ വരുത്തുമോ എന്നൊരു സംശയം. വരികള്‍ ശരിക്കു് എനിക്കു് ഓര്‍മ്മയില്ല.
ഈ എഴുത്തച്ഛന്‍ തന്നെ
അമ്പു കൊണ്ടുള്ള വ്രണം കാലത്താല്‍ നികന്നിടും,
കമ്പുകള്‍ കണ്ടിച്ചാലും പാദപം കിളുര്‍ത്തിടും
എന്നും എഴുതിയിട്ടുണ്ടു്. അതാണൊരു സമാധാനം :-)
കൂമാ, നമ്മളെല്ലാം പറഞ്ഞതു് ഒന്നു തന്നെ. ഓരോ വഴിക്കു നോക്കുമ്പോള്‍ എല്ലാം ശരിതന്നെ. പിന്നെങ്ങനെയോ ഇങ്ങനെയൊക്കെ....
കൂമന്റെയും പാര്‍വ്വതിയുടെയും പോസ്റ്റുകളൊക്കെ വായിക്കാറുണ്ടു്. കൂടുതല്‍ വായിച്ചു മൊത്തം മനസ്സിലാക്കി ആസ്വദിച്ചതിനു ശേഷം കമന്റിടാം എന്നു കരുതി വൈകുന്നതാണു്. അതങ്ങനെ നീണ്ടുപോകും...
ഭാരതംകിളിപ്പാട്ടു് മുഴുവന്‍ കേകയിലാണോ ഉമേഷ്ജി? രാമായണം ഓരോ കാണ്ഡവും വ്യത്യസ്ത വൃത്തങ്ങളിലായിരുന്നുവെന്നു വായിച്ചിട്ടുണ്ടു്.
അല്ല. കിളിപ്പാട്ടു വൃത്തങ്ങള്‍ മിക്കവാറും അതിലുണ്ടു്.
അന്നനട:
നിറന്ന പീലികള്‍ നിരക്കവേ കുത്തി
നിറുകയില്‍ക്കൂട്ടിത്തിറമൊടു കെട്ടി...
കാകളി:
കണ്ടീലയോ നീ മുകുന്ദാ ധരണിയില്‍
ഉണ്ടായ മന്നരില്‍ മുന്നന്‍ ഭഗദത്തന്‍...
കളകാഞ്ചിയുമുണ്ടു്. വരികളൊന്നും ഓര്‍മ്മവരുന്നില്ല.
അധികവും കാകളിയും കേകയുമാണു്. അദ്ധ്യാത്മരാമായണത്തിലും അങ്ങനെയാണല്ലോ.
എന്റെ അഭിപ്രായത്തില്‍ എഴുത്തച്ഛന്റെ ഏറ്റവും മനോഹരമായ കൃതിയാണു് ഭാരതം കിളിപ്പാട്ടു്. എന്തുകൊണ്ടോ അദ്ധ്യാത്മരാമായണത്തിന്റെ പ്രചാരം അതിനു കിട്ടിയിട്ടില്ല. ഭക്തി കുറവായതുകൊണ്ടാണോ, അതോ വീട്ടില്‍ വായിച്ചാല്‍ വഴക്കുണ്ടാകും എന്ന അന്ധവിശ്വാസം കൊണ്ടോ? രാമായണം വായിച്ചാല്‍ അങ്ങനെയാണെങ്കില്‍ കാട്ടില്‍ പോവുകയും (ഇപ്പോള്‍ ഗള്‍ഫും അമേരിക്കയുമൊക്കെയായിരിക്കും) ഭാര്യയെ ഉപേക്ഷിക്കുകയും ഒക്കെ ചെയ്യുമോ?
(വേര്‍ഡ് വേരിയില്ലാതെ എഴുതാന്‍ എന്തൊരു സുഖം!)
ഉമേഷേ, മാവേലിക്കരമന്നാ, വരികള്‍ അതു തന്നെ. വൃത്തഭംഗം ഉണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ ഓര്‍ത്തിരുന്നതു തന്നെ. ഏതോ സംസ്കൃതപദ്യത്തിന്റെ ഒരുമാതിരി കണാകുണാ വിവര്‍ത്തനമായിരുന്നു എന്നാണോര്‍മ്മ.
പെരിങ്ങ്‌സേ, രാമായണം ഓരോ കാണ്ഡവും ഓരോ വൃത്തമല്ല. സുന്ദരകാണ്ഡത്തിനുമാത്രമേ സ്വന്തം വൃത്തമുള്ളൂ എന്നാണോര്‍മ്മ.
അല്ലല്ലോ പാപ്പാനേ:
ബാലകാണ്ഡം: കേക
നാണമെന്നിയേ മുദാ നാവിന്മേല്‍ നടനം ചെയ്-
കേണാങ്കാനനേ, യഥാ കാനനേ ദിഗംബരന്‍
അയോദ്ധ്യാകാണ്ഡം: കാകളി
ആന തേര്‍ കാലാള്‍ കുതിരപ്പടയൊടും
ആനകശംഖപടഹവാദ്യത്തൊടും
കിഷ്കിന്ധാകാണ്ഡം: കാകളി
പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും
നില്ലുനില്ലെന്നണഞ്ഞോരു നേരം തദാ
സുന്ദരകാണ്ഡം: കളകാഞ്ചി
ജനകനരപതിവരമകള്‍ക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം.
യുദ്ധകാണ്ഡം: കാകളി
സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
മൂന്നു കാകളി, ഒരു കേക, ഒരു കളകാഞ്ചി.
ഉത്തരരാമായണത്തിലെ ഒരു വരിയും ഓര്‍മ്മകിട്ടുന്നില്ലല്ലോ...
ഉമേഷേ, ആരണ്യകാണ്ഡം കേകയല്ലേ?
അയ്യോ, അതു വിട്ടു. കേക തന്നെ.
ഭര്‍ത്താവേ, കണ്ടീലയോ, കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം, രത്നഭൂഷിതമിദം...
:-)
കേക, കാകളി, കേക, കാകളി, കളകാഞ്ചി, കാകളി,...
മിക്കവാറും ഉത്തരരാമായണം കേകയായിരിക്കും.
പെരിങ്ങോടന്‍ പറഞ്ഞതു ശരിതന്നെ. ഓരോ കാണ്ഡവും തൊട്ടു മുമ്പിലത്തേതിനേക്കാള്‍ വ്യത്യസ്തമായ വൃത്തം.
പെരിങ്ങോടോ, പൂയ്, ഉറങ്ങിയോ, സമയം വെളുപ്പിനെ മൂന്നേകാലേ ആയിട്ടുള്ളല്ലോ :-)
പെരിങ്ങോടന്‍ പറഞ്ഞത് ഓരോ കാണ്ഡവും ഓരോ വൃത്തം, അപ്പ ഞാന്‍ പറഞ്ഞു അല്ല, ഒരെണ്ണം ഒഴികെ ബാകിയെല്ലാം shared വൃത്തം. അപ്പൊ പോയിന്റാര്‍ക്കാ?
ശരിയാണല്ലോ പാപ്പാനേ. അതെനിക്കു കത്തിയില്ല.
അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും പറഞ്ഞതു ശരി. ഞാന്‍ മാത്രം മണ്ടന്‍ :-(
പാപ്പാന്‍, ഉമേഷ്, നിങ്ങള്‍ ഒന്നടങ്ങൂ. പോയിന്‍റ് സിസ്റ്റം നല്ലതല്ലെന്ന് കാര്യകാരണസാഹിതം ഇഞ്ചിമാങ്ങ തലച്ചോറുപയോഗീച്ച് വികാരപരമായി (തല്ലുകൊള്ളുന്നതുവരെ) പറഞ്ഞതു കേട്ടില്ലായിരുന്നോ. ആര്‍ക്കും പോയിന്‍റില്ല. ഹല്ല, പിന്നെ.
താങ്ക്യൂ സന്തോഷ്... റഷ്യനാണോ സ്പാനിഷാണോന്നറിയാതെ ഞാന്‍ വിഷമിച്ചിരിക്കുവാരുന്നു.
ഉമേഷ്ജി,
ഭര്‍ത്താവേ, കണ്ടീലയോ, കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം, രത്നഭൂഷിതമിദം...
രണ്ടുവട്ടം ചിത്രം എന്നുണ്ടോ? അതോ ഒന്നു ‘ചിത്തം’ എന്നാണോ?
The choice of the metres in each of the six cantos of Adhyatma Ramayana is itself an unmistakable indication of Ezhuthachan's native sense of the cultural moorings of his people: Keka for Balakandam, Kakali for Ayodhya, Keka again for Aranya followed by Kakali for Kishkindha, with a sudden change over to Kalakanchi in Sundarakanda and return to Kakali for the Yudhakanda. The changes in the tempo are clearly marked in these variations. The purely narrative portions have an even flow which is never allowed to drag. The slow-motion unfolding of beauty at close quarters is often rendered in appropriate metrical pattern as in the leisurely description of the childhood of Rama and his three brothers. Hanuman's leap to Lanka and his dangerous pranks there, are rendered in passage marked by a quicker tempo. The intimacy one feels in reading Ezhuthachan is accounted for by the efficient handling of the linguistic resources. എന്നു ഡോ.അയ്യപ്പപണിക്കര്‍ കേരള ഗവ. പബ്ലിക് റിലേഷന്‍സിനു വേണ്ടി തയ്യാറാക്കിയ ലേഖനത്തില്‍. ഇതെന്നോ വായിച്ച ഓര്‍മ്മയിലാ (രാമായണത്തില്‍ ഇങ്ങിനെയാണെങ്കില്‍ ഭാരതത്തിലും ആകാം എന്ന ചിന്തയില്‍) ഏതു ഭാഗത്തിലെ വരിയെന്നെറിയാതെ ‘കേകയിലെ വൃത്തഭംഗം’ ഉമേഷ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ ചിന്താവിഷ്ടനായതു്.
ഭര്‍ത്താവേ, കണ്ടീലയോ, കനകമയമൃഗ-
മെത്രയും ചിത്രം! ചിത്രം!!, രത്നഭൂഷിതമിദം...
ആദ്യത്തെ ചിത്രത്തിനു ശേഷം ഒരു ! ഉണ്ടെന്നും രണ്ടാമത്തേതിനു ശേഷം രണ്ടു് ! ഉണ്ടെന്നുമാണോ സൂ ഉദ്ദേശിച്ചതു്?
ഉമേഷിനോടു ചോദിച്ചാല്‍ ഇപ്പോള്‍ പറയും ഈ “!“ പോര്‍ച്ചുഗീസുകാരാണ്‍ കൊണ്ടുവന്നത് അതുകൊണ്ട് എഴുത്തച്ഛന്‍ അങ്ങനെ രണ്ടെണ്ണം ഇടാന്‍ ഒരു സാധ്യതയുമില്ല എന്ന്.
“ചിത്രം ചിത്രം” എന്നത് “ഒരൊന്നൊന്നര ചിത്രം” എന്നതിന്റെ ആദ്യകാലമലയാളം മാത്രം! മാത്രം!! വൃത്തഭംഗം ഒഴിവാക്കുകയുമായി.
അതിവിടെ പുസ്തകത്തില്‍ അങ്ങനെയുണ്ടെന്ന് പറഞ്ഞതാ. ഞാന്‍ പഠിച്ചത് ചിത്രം ചിത്രം എന്ന് തന്നെയാണ്.
ചിത്രം എന്നത് വിചിത്രം എന്നും ചിത്രം എന്നത് മനോഹരം എന്നും കണ്ടുപിടിത്തം നടത്തി. ഉമേഷ്‌ജി എന്നെയിന്ന് കൊല്ലും. ;) ഉറങ്ങിയിട്ടുണ്ടാകും എന്നൊരു ധൈര്യം.
ചേട്ടന്‍ സഹായിച്ചു.
ചിത്രം എന്നതിനു പുള്ളിമാന്‍ എന്ന് അര്‍ത്ഥം ഉണ്ടത്രെ.
എത്രയും മനോഹരമായ മാന്‍ എന്നാണോ അര്‍ത്ഥം ആവോ.
സൂ ചിത്രം എന്നാല്‍ പുള്ളിമാനാണെന്നു് അറിയാം. കനകമയമൃഗം (സ്വര്‍ണ്ണമാന്‍, മൃഗം എന്നാലും മാന്‍) എന്നെഴുതിയ സ്ഥിതിക്കു വീണ്ടും ചിത്രം എന്നെഴുതേണ്ടതുണ്ടോ എന്നായിരുന്നു എന്റെ സംശയം. ചിത്രം എന്ന വാക്കിന്റെ മറ്റൊരു അര്‍ത്ഥം ‘അത്ഭുതം ദ്യോതിപ്പിക്കുന്നതു്’ എന്നാണു്.
കനകമയമൃഗമെത്രയും ചിത്രം ചിത്രം, രത്നഭൂഷിതമിദം - രണ്ടും ചിത്രം എന്നാകുന്നതു തന്നെയാവണം ശരി.
അത്ഭുതം എന്ന് തന്നെ. ആവും. സ്വര്‍ണമാന്‍. അത്ഭുതം! പുള്ളിമാന്‍ !! എന്നൊക്കെ ആവും.
അല്ലെങ്കില്‍ സീത ചില പെണ്ണുങ്ങളുടെ സ്വഭാവം പോലെ ഒന്ന് കൂട്ടിപ്പറഞ്ഞാവും ;)
( ഒരു ആന വരുന്നുണ്ടെങ്കില്‍ പറയണേ. ഹേയ്... എനിക്ക് ആനയെ പേടിയൊന്നുമില്ല. അതിന്റെ പുറത്ത് ഒരു മനുഷ്യന്‍ ഉണ്ട് പക്ഷെ ;))
ഉമെഷേട്ടാ..(ഇപ്പൊള്‍ അങനെ വിളിക്കുന്നതാണു കൂടുതല്‍ പധ്യം-അക്ഷര തെറ്റ്കള്‍ typing ലെ പരിചയക്കുരവായ് കണക്കാക്കി ക്ഷമിക്കുക)
നിങളുടെ ലേഖനങള്‍ വളരെ രസകരം. അതിനെക്കാള്‍ ഏറെ സൌഹ്രുദവും സ്നേഹവും ഗ്രുഹാതുരത്ത്വവും നിറഞ്ഞ പ്രതികരണങളും അതിനു നിണ്‍ഗളുടെ മറുപടികളും ഏറെകാലമായി നഷ്ടപ്പെട്ട വായനയിലേക്കു എന്നെ തിരികെ കൊണ്ടുപോകുന്നു. നന്ദി !
ഉമേഷേട്ടാ
നിദര്‍ശന എന്ന വാക്ക് ഗൂഗ്ഗിളില്‍ തിരഞ്ഞാല്‍ കൃത്യമായും ഗുരുകുലം തന്നെയാണ് കാണിക്കുന്നത് . ഇതാ ഇവിടെ നോക്കൂ.
ഓഫ്ഫിനു മാപ്പ്.
പെരിങ്ങോടാ,
“ചിത്രം, ചിത്രം” എന്നു തന്നെ. “അദ്ഭുതം, അദ്ഭുതം” എന്നും, “ശരി, ശരി”എന്നും “കൊള്ളാം കൊള്ളാം” എന്നും നമ്മളും പറയാറുള്ളതല്ലേ?
പറഞ്ഞതു് അയ്യപ്പപ്പണിക്കരാണെങ്കിലും, ആപ്പറഞ്ഞതു വെറും വാചകക്കസര്‍ത്താണെന്നാണു് എന്റെ അഭിപ്രായം. അദ്ധ്യായം മാറുമ്പോള്‍ വൃത്തം മാറുന്നഥു സംസ്കൃതകാവ്യങ്ങളുടെ രീതിയാണു്. എഴുത്തച്ഛനും അതു തുടര്‍ന്നു എന്നേ ഉള്ളൂ.
മഹാകാവ്യങ്ങളില്‍ ചില ഭാവങ്ങള്‍ക്കു ചില വൃത്തങ്ങള്‍ ഉപയോഗിക്കാറുണ്ടു്. വിലാപത്തിനു വിയോഗിനി, സന്ദേശത്തിനു മന്ദാക്രാന്ത, സെക്സിനു രഥോദ്ധത, യമകത്തിനു ദ്രുതവിളംബിതം, ശൃംഗാരത്തിനു കുസുമമഞ്ജരി, യുദ്ധത്തിനു ഭുജംഗപ്രയാതം തുടങ്ങി പലതും.
അനോണീ,
കമന്റിടുമ്പോള്‍ ഏതു് അനോണിയാണെന്നു് ഒരു ഹിന്റു കൂടി കൊടുത്തിരുന്നെങ്കില്‍! പല അനോണികളെയും പരിചയമുണ്ടു്. ആരാണെന്നറിഞ്ഞാല്‍ ചിലപ്പോള്‍ ഗുണമാവും. വക്കാരിയുടെ പടങ്ങള്‍ ബ്ലോഗില്‍ കമന്റിട്ട അനോണി തന്നെയോ ഇതു്?
ഷിജുവേ, അതൊരു ഉദാഹരണം മാത്രമായിരുന്നു. നന്ദി.
സൂവിന്റെ ചേട്ടനൊരു പണ്ഡിതനാണല്ലോ.
നൂനം സമാനഗുണദമ്പതിയോജനത്താല്‍
നീണാളകീര്‍ത്തിയണയാത്തവനായ് വിരിഞ്ചന്‍...
(ശാകുന്തളം - ആറ്റൂരിന്റെ തര്‍ജ്ജമ)
Post a Comment
<< Home