Saturday, November 04, 2006

അല്‍പത്തരം?

പ്രധാനമായും കൈപ്പള്ളിയുടെ പോസ്റ്റിനും പോസ്റ്റിനും ഉള്ള കമന്റാണു്‌ ഇതു്‌.

വെള്ളിയാഴ്ച ഓഫീസില്‍ വലിയ തിരക്കായിപ്പോയതിനാലും (ഓഫീസിലിരുന്നു ബ്ലോഗ്‌ വായന/എഴുത്തു്‌ ചെയ്യില്ല എന്നൊരു തീരുമാനവും എടുത്തിരുന്നു) അതു കഴിഞ്ഞു്‌ വീട്ടില്‍ അതിനേക്കാള്‍ തിരക്കായിപ്പോയതുകൊണ്ടും ഇപ്പോഴാണു കമന്റെഴുതാന്‍ പറ്റുന്നതു്‌. ഇപ്പ്പ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടിലിരുന്നു്‌ ഇളമൊഴി ഉപയോഗിച്ചാണു്‌ (ആന്റണിയ്ക്കു നന്ദി) ഇതെഴുതുന്നതു്‌.

ഇതിനിടെ കൈപ്പള്ളി തന്റെ ബ്ലോഗില്‍ കമന്റുകള്‍ നിയന്ത്രിച്ചു എന്നു്‌ ഒരിടത്തു കണ്ടു. മാത്രമല്ല, ഇതിനോടു ബന്ധപ്പെട്ട ഒരു പോസ്റ്റും സംവാദവും പെരിങ്ങോടന്റെ ബ്ലോഗിലും കണ്ടു. എല്ലാറ്റിനും എനിക്കു പറയാനുള്ളതു്‌ ഒരുമിച്ചു പറഞ്ഞേക്കാം എന്നു കരുതിയാണു്‌ ഇവിടെ എഴുതുന്നതു്‌.

ആദ്യമായി എന്നെ തല്ലും എന്ന പറഞ്ഞതില്‍ മാപ്പു ചോദിച്ച കൈപ്പള്ളിയുടെ പ്രവൃത്തിക്കു ഞാന്‍ നന്ദി പറയുകയാണു്‌. അദ്ദേഹം എന്നെ തല്ലാന്‍ ഉദ്ദേശിച്ചില്ല എന്നു്‌ എനിക്കു്‌ ഉറപ്പാണു്‌. ദുബായിയില്‍ വരുകയാണെങ്കില്‍ അവസരം കിട്ടിയാല്‍ കൈപ്പള്ളിയെയും കാണാന്‍ ശ്രമിക്കാം. "അല്‍പത്തരം" എന്ന വാക്കു്‌ ദുരര്‍ത്ഥമുണ്ടാക്കിയതിനു ഞാനും ക്ഷമ ചോദിക്കുകയാണു്‌.

ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്കു വലിയ ദുഃഖമുണ്ടു്‌. "ഇങ്ങനെയൊക്കെ" എന്നു പറഞ്ഞതു്‌ രാജേഷിന്റെ കഥയെപ്പറ്റിയുള്ള സംവാദത്തെപ്പറ്റിയല്ല. അങ്ങനെയുള്ളവ ആവശ്യമാണു്‌. ഞാന്‍ ഉദ്ദേശിച്ചതു്‌ ഞാന്‍ കൈപ്പള്ളിയെ "അല്‍പന്‍" എന്നു വിളിച്ചു എന്നു തോന്നാനിടയായതും, അദ്ദേഹം എന്നെ തല്ലുമെന്നു പറഞ്ഞതും, അതിനു മറുപടിയായി ഞാന്‍ "തന്നെക്കാള്‍ വലിയവന്മാരെ കണ്ടിട്ടുണ്ടെടോ" എന്ന മട്ടില്‍ പറഞ്ഞതും, അരവിന്ദന്‍ കയറി ഏറ്റതും, കൈപ്പള്ളി മാപ്പു പറഞ്ഞതും ഒക്കെ. ഇതൊക്കെ നടക്കരുതായിരുന്നു. എല്ലാം ഒരു പരിധി വരെ തെറ്റിദ്ധാരണയുടെ പുറത്താണു്‌. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതു്‌, നിര്‍ഭാഗ്യവശാല്‍, ഒറ്റവരിക്കഥയുടെ ജാടയെപ്പറ്റിയല്ല, ബൂലോഗര്‍ ചേരി തിരിഞ്ഞു ചന്തത്തല്ലു നടത്തുന്നതിനെപ്പറ്റിയാണു്‌. ഇതിനു കുറെയൊക്കെ കാരണക്കാരനായതില്‍ ഞാന്‍ ഖേദിക്കുന്നു.

ഇനി, എനിക്കു പറയാനുള്ളതു്‌:





ഒന്നാമതായി, ഞാന്‍ കൈപ്പള്ളിയെ "അല്‍പന്‍" എന്നു വിളിച്ചിട്ടില്ല. വിളിക്കുകയുമില്ല. അല്‍പത്തരം മാത്രം ചെയ്യുന്നവനാണു്‌ അല്‍പന്‍. അല്‍പത്തരങ്ങള്‍ എല്ലാവരും ചെയ്യുന്നുണ്ടു്‌. എല്ലാവരുടെയും കാര്യം പോട്ടേ, ഞാന്‍ ചെയ്യുന്നുണ്ടു്‌. പിറ്റ്‌സാ വാങ്ങി മുറിച്ചപ്പോള്‍ അതിലെ ഏറ്റവും വലിയ കഷണം ഞാന്‍ ആദ്യം ചാടിയെടുത്തതു്‌ അല്‍പത്തരമാണെന്നു മിനിഞ്ഞാന്നും കൂടി എന്റെ ഭാര്യ പറഞ്ഞതേ ഉള്ളൂ.

"അല്‍പത്തരം" ഒരു തെറിയോ അശ്ലീലമോ ആഭാസത്തരമോ അല്ല. താണതു്‌, പാകതയില്ലാത്തതു്‌, നിസ്സാരം എന്നൊക്കെയേ അതിനു്‌ അര്‍ത്ഥമുള്ളൂ. ചെയ്യുന്നതു മുഴുവന്‍ അല്‍പത്തരം ആയവന്‍ എന്ന അര്‍ത്ഥത്തില്‍ ഒരുത്തനെ അല്‍പന്‍ എന്നു വിളിക്കുന്നതു്‌ ഒരു അധിക്ഷേപമാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഒരാളുടെ ഒരു പ്രവൃത്തി മോശമായി എന്നു പറയുന്നതില്‍ തെറ്റുണ്ടെന്നു്‌ എനിക്കു തോന്നുന്നില്ല. ഞാന്‍ അങ്ങനെ വിളിച്ചതു മോശമായി എന്നു്‌ ഇടിവാളും പറഞ്ഞിട്ടുണ്ടല്ലോ. അതിനു്‌ ഞാന്‍ ഒരു മോശനും നീചനും ആഭാസനുമാണെന്നു്‌ അര്‍ത്ഥമില്ലല്ലോ.

ഞാന്‍ "അല്‍പത്തരം" എന്നു വിളിച്ചതു്‌, ഏതോ അഭിപ്രായത്തില്‍ എന്നെ അനുകൂലിച്ചവരെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന ദേശം നോക്കിയിട്ടു്‌ ഒരു ഗ്രൂപ്പാണെന്നു്‌ ആരോപിച്ചതിനെയാണു്‌. അതു സത്യവിരുദ്ധമായതുകൊണ്ടാണു്‌ എനിക്കു കൂടുതല്‍ ചൊറിഞ്ഞുകയറിയതു്‌. ഞാന്‍ പണത്തോടു്‌ ആര്‍ത്തിയുള്ള ഒരുത്തനാണെന്നു പറഞ്ഞാല്‍ അതില്‍ വലിയ അരിശം തോന്നുകയില്ല. കാരണം, പണക്കൊതിയുള്ളതുകൊണ്ടാണല്ലോ അന്യനാട്ടില്‍ ഇങ്ങനെ കുറ്റിയടിച്ചിരിക്കുന്നതു്‌. പക്ഷേ, റെഡ്‌ക്രോസ്സിന്റെ ഫണ്ടുപയോഗിച്ചു്‌ അന്യനാട്ടില്‍ സുനാമി റിലീഫിനും മറ്റും പോയവരെ "കാശു പിടുങ്ങുന്നവര്‍" എന്നു വിളിച്ചാല്‍ തീര്‍ച്ചയായും ചൊറിഞ്ഞുകയറും.

അമേരിക്കക്കാരെ ദുരിതാശ്വാസപ്രവര്‍ത്തകരുമായി താരതമ്യം ചെയ്തതല്ല. അവര്‍ക്കുള്ള പണക്കൊതിയുടെ അത്രയുമേയുള്ളൂ അമേരിക്കക്കാര്‍ക്കു കൂട്ടായ്മ എന്നു പറഞ്ഞതാണു്‌. പെരിങ്ങോടന്റെ ലേഖനത്തില്‍ നിന്നും കമന്റുകളില്‍ നിന്നും യു. ഇ. ഇ. ക്കാര്‍ക്കു്‌ നല്ല ഒരു കൂട്ടായ്മ ഉണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. വളരെ നല്ലതു്‌. അങ്ങനെയൊരു സാധനം ഇവിടെ ഇല്ല. മൂന്നു മൈല്‍ അകലത്തില്‍ മാത്രം താമസിക്കുന്ന രാജേഷ്‌ വര്‍മ്മയൊഴികെ (അതു്‌ രാജേഷിന്റെ കൃതികളെപ്പറ്റി നല്ലതോ മോശമോ പറയാന്‍-തിരിച്ചും-ഇതുവരെ കാരണമായിട്ടില്ല എന്നും പറഞ്ഞുകൊള്ളട്ടേ) ഒരു അമേരിക്കന്‍ മലയാളി ബ്ലോഗറുമായും എനിക്കു കൂടുതല്‍ അടുപ്പമില്ല. ഇ-മെയില്‍, ചാറ്റ്‌ തുടങ്ങിയവ പ്രചാരത്തില്‍ ഉള്ളതുകൊണ്ടു്‌ കൂടുതല്‍ അടുപ്പം പെരിങ്ങോടനോടും ദേവരാഗത്തോടും ശ്രീജിത്തിനോടും വക്കാരിയോടും വിശ്വത്തോടുമൊക്കെയാണു്‌. അവരോടൊപ്പമോ താഴെയോ മാത്രമേ അമേരിക്കയിലുള്ള സിബുവിനോടും മന്‍ജിത്തിനോടും ആദിത്യനോടും സന്തോഷിനോടുമൊക്കെ അടുപ്പമുള്ളൂ. യു. എ. ഇ. മീറ്റിനെ യു. എ. ഇ. ക്കാരെപ്പോലെ തന്നെ ആഹ്ലാദത്തോടെ കാണുകയും പങ്കെടുക്കാന്‍ പറ്റാത്തതില്‍ സങ്കടപ്പെടുകയും ചെയ്യുന്നവനാണു ഞാന്‍.

അമേരിക്കയിലുള്ളവര്‍ മാത്രം അഭിപ്രായം പറഞ്ഞതു്‌ ഒരു പക്ഷേ അപ്പോള്‍ അവര്‍ മാത്രം ഉണര്‍ന്നു നെറ്റിലുണ്ടായതുകൊണ്ടായിരിക്കാം. നേരത്തോടു നേരമായപ്പോള്‍ ആഫ്രിക്കയിലെ അരവിന്ദനും കേരളത്തിലെ മധുവും അനുകൂലിച്ചല്ലോ.

"അമേരിക്കക്കാര്‍" എന്നതിനു പകരം കൈപ്പള്ളി പറയേണ്ടിയിരുന്നതു്‌ "യൂ. എ. ഇ. ക്കാര്‍ അല്ലാത്തവര്‍" എന്നായിരുന്നു. കൈപ്പള്ളിയെ നേരിട്ടറിയാവുന്നവര്‍ എതിര്‍ത്തു പറയാത്തതു്‌ പെരിങ്ങോടന്‍ പറഞ്ഞതുപോലെ സ്വാഭാവികം. ബ്ലോഗിലെ പല സംവാദങ്ങളെക്കാള്‍ വലുതു്‌ വ്യക്തിസൌഹൃദങ്ങളാണു്‌. അതുപോലെ എന്നെ വ്യക്തിപരമായി അറിയുന്നവര്‍ എന്നെയും എതിര്‍ത്തു പറഞ്ഞേക്കില്ല. പക്ഷേ, ഇവിടെ ആരും അങ്ങനെയില്ല. ഉള്ളതു രാജേഷ്‌ മാത്രം. അദ്ദേഹത്തിനു്‌ എതിര്‍ത്തു പറയാന്‍ മടിയില്ല താനും.

ബാക്കിയുള്ള സകല ബ്ലോഗേഴ്സിനും ഞാനും കൈപ്പള്ളിയും വ്യക്തിപരമായി ഒരുപോലെയാണു്‌. ഞങ്ങള്‍ എഴുതുന്നതു വായിച്ചു്‌ അവയില്‍ നിന്നു്‌ ഓരോരുത്തരും ഉണ്ടാക്കിയെടുത്ത ഒരു ഇമേജും അതില്‍ നിന്നുണ്ടാകുന്ന ചായ്‌വും ഇല്ലെന്നു പറയുന്നില്ല. പക്ഷേ, അതില്‍ അമേരിക്കയിലാണോ ആഫ്രിക്കയിലാണോ താമസിക്കുന്നതു്‌ എന്നൊരു വ്യത്യാസമില്ല എന്നു മാത്രം.

"അമേരിക്കന്‍ ബുദ്ധിജീവികള്‍" എന്ന പരാമര്‍ശം ചിരിയാണുണ്ടാക്കിയതു്‌. വൈകാരികമായ ഒരു അടുപ്പവുമില്ലാത്ത ഒരു വലിയ ദേശത്തിന്റെ പല മൂലകളില്‍ കിടക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമെഴുത്തുകാരനും പത്രപ്രവര്‍ത്തകനും കമ്പ്യൂട്ടര്‍ അഡ്‌മിനിസ്ട്രേറ്റര്‍ക്കും മുമ്പു്‌ വക്കീലായിരുന്ന ടാക്സി ഡ്രൈവര്‍ക്കും (ദിവാസ്വപ്നത്തെപ്പറ്റി എനിക്കു്‌ ഒന്നുമറിയില്ല) പൊതുവായി ഉള്ളതു മലയാളഭാഷ മാത്രമാണു്‌. നാലു പേരേയും കൂടി ഒരു മുറിയിലിരുത്തിയാല്‍ സംസാരിക്കാന്‍ പൊതുവായ ഒരു വിഷയമുണ്ടാകുമെന്നു തന്നെ തോന്നുന്നില്ല. "ഭാരതം" എന്നു പറയുമ്പോള്‍ നമുക്കു തോന്നുന്ന ആ ഒത്തൊരുമയൊന്നും "അമേരിക്ക" എന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കു തോന്നുന്നില്ല സുഹൃത്തേ.

സത്യം ഇതായിരിക്കേ, അമേരിക്കയിലുള്ളവര്‍ അമേരിക്കയിലുള്ളവരെ താങ്ങിപ്പറഞ്ഞു എന്ന പരാമര്‍ശത്തെയാണു ഞാന്‍ "അല്‍പത്തരം" എന്നു വിളിച്ചതു്‌. അതു ശരിയാണെന്നു തന്നെയാണു്‌ എനിക്കു്‌ ഇപ്പോഴും തോന്നുന്നതു്‌. ഒരു തെരഞ്ഞെടുപ്പുകാലത്തു്‌ പ്രസംഗവേദിയില്‍ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയുള്ള വാഗ്വാദങ്ങള്‍ (ഇതില്‍ ജാതിമതചിന്തകള്‍ക്കെതിരെയുള്ള തീപ്പൊരിപ്രസ്താവനകളും ഉണ്ടായിരുന്നു.) മാത്രം നടത്തിയ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്റെ വീട്ടില്‍ വന്നു്‌ "ഒന്നുമല്ലെങ്കിലും ഞാനൊരു നായരല്ലേ" എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അയാളോടു തന്നെ അയാളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ "അല്‍പത്തരം" എന്ന വാക്കാണു്‌ ഉപയോഗിച്ചതു്‌.

ഇനി ഈ 'അല്‍പ്പത്തരം' എന്ന വാക്കു കേരളത്തിലെ എനിക്കറിയാത്ത ഏതോ ഭാഗത്തു മോശമായ രീതിയിലാണു പ്രയോഗിക്കുന്നതെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. പോക്രിത്തരം, നുണ, കോപ്പു്‌ തുടങ്ങിയ വാക്കുകള്‍ക്കു്‌ ഇങ്ങനെ അര്‍ത്ഥവ്യത്യാസം വന്നിട്ടുണ്ടു്‌. അങ്ങനെയാണെങ്കില്‍ ഞാന്‍ ആ വാക്കു ക്ഷമ ചോദിച്ചുകൊണ്ടു്‌ ആ വാക്കു പിന്‍വലിക്കുന്നു. പകരം 'സങ്കുചിതമനസ്ഥിതി' എന്ന വാക്കു്‌ (സങ്കുചിതമനസ്കന്‍ പ്രശ്നമുണ്ടാക്കില്ല എന്നു കരുതട്ടേ:)) അവിടെ ഉപയോഗിക്കുന്നു. ഇവിടെ മാത്രമല്ല, ഞാന്‍ ഉദ്ധരിച്ച മറ്റു സ്ഥലങ്ങളിലും (ഡോ. പല്‍പ്പു/ഈഴവര്‍ തുടങ്ങി) ഈ സങ്കുചിതമനസ്ഥിതി ഉണ്ടെന്നു തന്നെയാണു്‌ എന്റെ അഭിപ്രായം.

സംഗ്രഹം: ഞാന്‍ ബൂലോഗത്തിലെ ഒരു മാന്യബ്ലോഗറെയും അല്‍പന്‍, വിഡ്ഢി, മണ്ടന്‍ (ശ്രീജിത്തിനെ വിളിക്കും. അതു ഞങ്ങളുടെ മൌലികാവകാശമാണു്‌. അല്ലേ, കുമാറേ?), ക്രൂരന്‍ തുടങ്ങിയ പദങ്ങള്‍ കൊണ്ടു വിശേഷിപ്പിക്കുകയില്ല. (പാഷാണത്തില്‍ കൃമികളായി വരുന്ന ചില അനോണികളെയും മറ്റും വിളിച്ചേക്കും.) എങ്കിലും ആരുടെയെങ്കിലും പ്രവൃത്തി മോശമായാല്‍ അതിനെ അല്‍പത്തരം, വിഡ്ഢിത്തം, മണ്ടത്തരം, ക്രൂരത എന്നൊക്കെ വിശേഷിപ്പിക്കും. അതിനിയും തുടരുകയും ചെയ്യും. ഈ പറഞ്ഞ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന പ്രവൃത്തികള്‍ ഞാനും മിക്കവാറും എല്ലാ ദിവസവും ചെയ്യുന്നുണ്ടു്‌.




രണ്ടാമതായി, എന്നെ തല്ലുമെന്നു്‌ കൈപ്പള്ളി ഉദ്ദേശിച്ചെന്നോ, നേരിട്ടു കണ്ടിരുന്നെങ്കില്‍ തല്ലുമായിരുന്നെന്നോ എനിക്കു തോന്നുന്നില്ല. കൈപ്പള്ളിയും ഞാനും അരവിന്ദനും ബാക്കിയുള്ളവരുമൊക്കെ പറഞ്ഞതു വികാരത്തിന്റെ പുറത്താണു്‌. ഈ കാര്യത്തില്‍ എല്ലാവരുടെയും പ്രവൃത്തി അല്‍പം മോശമായി എന്നേ എനിക്കു്‌ അഭിപ്രായമുള്ളൂ.

ഈ സംവാദത്തിന്റെ പ്രധാനവിഷയങ്ങളെപ്പറ്റിയും (ഒറ്റവരിക്കഥ/ ജാട/ ദേശീയപതാകയുടെ അവഹേളനം) തുടങ്ങിയവയെപ്പറ്റിയും ഈ കമന്റില്‍ എഴുതണമെന്നു വിചാരിച്ചതാണു്‌. ഇതു തന്നെ ഒരുപാടു വലുതായി. അവ സമയം കിട്ടിയാല്‍ പിന്നീടെഴുതാം.

5 Comments:

Blogger ഇടിവാള്‍ said...

നന്നായി ഉമേഷ്ജി, ഈ വിശദീകരണം.

എല്ലാം തീര്‍ന്നല്ലോ, ഇനി രണ്ടു പേരും ഒന്നു ഷേക്കാന്‍ഡു ചെയ്തേ ;)

അതിനു ശേഷം കൈപ്പിള്ളി ആ കമന്റു പെട്ടി ഒന്നു ഓപ്പണ്‍ ചെയ്തേ, ( എനിക്കു രണ്ടു പള്ളു പറയാനാ.. ;) )

അമേരിക്കേം ചൈനേം തമ്മിലുള്ള യുദ്ധത്തില്‍ സോമാലിയ മദ്ധ്യസ്തതക്കു വന്ന പോലൊരു ഫീലിങ്ങ് ആര്‍ക്കെങ്കിലും തോന്നിയോ എന്റെ ഈ കമന്റു കണ്ടപ്പോ ? ;) ഷെമി....

8:54 PM  
Blogger മുസ്തഫ|musthapha said...

മനുഷ്യസഹജമായ വികാരപ്രകടനങ്ങള്‍!

തെറ്റ് ചെയ്യാനും, അത് ബോധ്യം വരുമ്പോള്‍ തിരുത്താനും കഴിയുക - അതില്പരമെന്തു വേണം.

കൈപ്പള്ളിയും ഉമേഷും ഞാനും നിങ്ങളും - എല്ലാവരുടെയുള്ളങ്ങളും ഇതുപോലെ ശുദ്ധം തന്നെ!


ഇടിവാള്‍: ഒരു സോമാലിയക്കാരന്‍ കൂടെ ഒപ്പു വെച്ചു :)

9:29 PM  
Blogger അലിഫ് /alif said...

തെറ്റ് ചൂണ്ടികാട്ടുവാനും തിരുത്തുവാനും അല്ലങ്കില്‍ വിശദമാക്കുവാനുമുള്ള സിദ്ധി ഒരു ഭാഗ്യമാണ്. കൈപ്പള്ളിയ്കും ഉമേഷ്ജിയ്ക്കും അത് വേണ്ടുവോളമുണ്ട്.ആശംസകള്‍.

2:40 AM  
Blogger Mohanam said...

ശ്രീ ഭൂതനാഥവിംശതിഃ
പ്രസിദ്ധീകരിച്ചു....
നോക്കീട്ട്‌ അഭിപ്രായം പറയണേ...

http://sannidhaanam.blogspot.com/

1:06 AM  
Blogger Babu Kalyanam said...

"രാജേഷിന്റെ ക്രിസ്തു അങ്ങനെ പറഞ്ഞതു് ഒരു പക്ഷേ ഉയിര്‍ത്തെഴുന്നേല്‍പ്പിനെച്ചൊല്ലി നടക്കുന്ന കോലാഹലങ്ങള്‍ കണ്ടായിരിക്കും, അല്ലേ?"

എന്നെഴുതിയപ്പോള്‍, "കോലാഹലങ്ങള്‍" എന്നതുകൊണ്ട്‌ ഉമേഷ്ജി ഈസ്റ്റര്‍ ദിനം കണ്ടുപിടിക്കുന്നതാണോ ഉദ്ദേശിച്ചത്‌? അതോ ബൂലോഗത്തെ കോലാഹലങ്ങളോ?

;-)

11:33 AM  

Post a Comment

<< Home