Monday, October 12, 2009

വക്കാരിയും ഗവേഷണവും രാഷ്ട്രീയവും

വക്കാരിയുടെ സെലക്ടീവ് ഓമ്ലേഷ്യം എന്ന പോസ്റ്റിനുള്ള പ്രതികരണം:

വക്കാരി എഴുതിയതു് ഒരു നാലഞ്ചു തവണ വായിച്ചതിൽ നിന്നു് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം എന്നു തോന്നുന്നു.

  1. ചന്ത്രക്കാറന്റെ "വസ്തുതാപരമായ ചില പിശകുകൾ!" എന്ന പോസ്റ്റ് വക്കാരിയെ വല്ലാതെ ചൊടിപ്പിച്ചു.
  2. ഹനാൻ ബിൻ‌ത് ഹാഷിം എന്ന കുട്ടി ഗവേഷിച്ചു കണ്ടുപിടിച്ചതായി പറയപ്പെടുന്ന ശാസ്ത്രവസ്തുതകളിൽ കാമ്പൊന്നുമില്ലെന്നു് ഗവേഷണവിദ്യാർത്ഥിയായ/ആയിരുന്ന വക്കാരിക്കു് അഭിപ്രായമില്ല. ഉണ്ടെങ്കിലുംപോസ്റ്റിൽ അതിനെപ്പറ്റി പറയാൻ വക്കാരിക്കു് ഉദ്ദേശ്യമില്ല. ഇവിടെ ഹനാനെ വിമർശിച്ചതിന്റെ ധാർമ്മികതയെ വിമർശിക്കാനേ വക്കാരിക്കു താത്പര്യമുള്ളൂ.
  3. ഹനാനെപ്പറ്റി സിസി ജേക്കബ് ഒന്നാം പേജിൽ വലുതായി എഴുതിയ വാർത്ത അറിവില്ലായ്മ കൊണ്ടു വന്ന ചെറിയ ഒരു തെറ്റാണു്. അതിനു് വായനക്കാരുടെ കോളത്തിൽ ഒരു വരി തിരുത്തു കൊടുത്തതു തന്നെ ധാരാളം. ചരമവാർത്തയുടെയും ആണിരോഗം സുഖപ്പെട്ട പരസ്യത്തിന്റെയും ഇടയ്ക്കു മതിയായിരുന്നു. മാതൃഭൂമി ഡീസന്റായതു കൊണ്ടു് അവർ ഇത്രയെങ്കിലും ചെയ്തു.
  4. രാഷ്ട്രീയം, രാഷ്ട്രീയബോധം, കക്ഷിരാഷ്ട്രീയം എന്നിവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്നു് വക്കാരിക്കു തോന്നുന്നില്ല. ബ്ലോഗിൽ എഴുതുന്ന ഏതാനും ഇടതന്മാരുടെ സൃഷ്ടിയാണു് വക വാദങ്ങൾ.
  5. ചന്ത്രക്കാറനെപ്പോലെയുള്ള കമ്യൂണിസ്റ്റ് ചായ്‌വുള്ളവർ ഇരട്ടത്താപ്പുകാരാണു്. അവരെ അനുകൂലിക്കുകയോ അവരുടെ എതിരാളികളെ വിമർശിക്കുകയോ ചെയ്യുമ്പോൾ കോടതിയെയും മാദ്ധ്യമങ്ങളെയും വാഴ്ത്തിപ്പറയുകയോ അവരുടെ ചെറ്റത്തരങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നു. നേരേ മറിച്ചു് അവരെ എതിർക്കുമ്പോൾ അവർ കോടതികളെയും മാദ്ധ്യമങ്ങളെയും തള്ളിപ്പറയുന്നു.
  6. സയൻസായാലും രാഷ്ട്രീയമായാലും പിണ്ണാക്കായാലും മാധ്യമങ്ങളും ബ്ലോഗേഴ്സും നമ്മളും ഒരേ പോലെ പ്രതികരിക്കണം. (ഉദാഹരണത്തിനു്, വേദത്തിൽ കാൽക്കുലസ് ഉണ്ടായിരുന്നു എന്നു് ആരെങ്കിലും പറയുമ്പോൾ പ്രതികരിക്കുന്ന ഉശിരോടേ ഞാൻ രാജീവ് ചേലനാട്ട് ചൈനീസ് ചാരനാണു് എന്നു പറയുമ്പോഴും പ്രതികരിക്കണം. തേങ്ങാപ്പിണ്ണാക്കിനു ടേയ്സ്റ്റു കുറഞ്ഞാലും പ്രതികരിക്കണം.)

ഈ പറഞ്ഞതല്ലാതെ എന്തെങ്കിലും വക്കാരിയുടെ ഈ പോസ്റ്റിൽ ഉണ്ടെങ്കിൽ ദയവായി വ്യക്തമാക്കുക.

ആദ്യത്തെ രണ്ടു കാര്യങ്ങൾ വക്കാരിയുടെ വ്യക്തിപരമായ കാര്യങ്ങളായതു കൊണ്ടു് അവയെപ്പറ്റി കൂടുതൽ പറയുന്നില്ല. എങ്കിലും രണ്ടാമത്തെ പോയിന്റിനെപ്പറ്റി ഒരു വാക്യം. (ഒന്നു മാത്രം, കൂടുതലാവില്ല).

ഹനാന്റെ കണ്ടുപിടിത്തങ്ങൾ എന്ന പേരിൽ മാതൃഭൂമിയെപ്പോലെയുള്ള ഒരു പത്രം സാധാരണജനത്തിനെ കബളിപ്പിക്കാൻ ചെയ്ത തെറ്റിനെയും അതു തിരുത്തിയതിൽ കാണിച്ച അനവധാനതയെയും ബ്ലോഗുകളിലും മറ്റു മാദ്ധ്യമങ്ങളിലും ഉള്ള വിമർശനങ്ങളായും മാതൃഭൂമിയ്ക്കു നേരിട്ടുള്ള സന്ദേശങ്ങളായും പലരും കാര്യം പത്രപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അവയെ അവഗണിച്ചും എന്നാൽ അവയിലെ ഉള്ളടക്കം അപഹരിച്ചും മാതൃഭൂമിക്കു് അഭിമതനായ ഒരുത്തന്റെ പേരിൽ പുതിയ കണ്ടുപിടിത്തത്തിന്റെ കർത്തൃത്വം ചാർത്തിയതു വഴി കബളിപ്പിക്കൽ ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്തതിനേയും നിശിതമായി വിമർശിച്ച ചന്ത്രക്കാറപോസ്റ്റിനെ വിമർശിച്ചപ്പോൾ, അതിന്റെ കേന്ദ്രാശയത്തെപ്പറ്റി ഒരക്ഷരം പോലും പറയാതിരിക്കുകയും ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ചു് പത്രക്കാർക്കു സാധാരണ സംഭവിക്കുന്ന കൈപ്പിശകുകൾ മാത്രമാണു് എന്നു ഭംഗ്യന്തരേണ പ്രസ്താവിക്കുകയും ചെയ്ത വക്കാരി, പത്രങ്ങളിലെ തെറ്റുകളെപ്പറ്റി രോഷാകുലനായി ഘോരഘോരം മുമ്പെഴുതിയിട്ടുള്ള വക്കാരി, രാഷ്ട്രീയമില്ലാത്ത ഒരു അരാഷ്ട്രീയനാണു് എന്നു് ഇതിനു മുമ്പു് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അയാളെ മുക്കാലിയിൽ കെട്ടി മുന്നൂറു തല്ലു കൊടുക്കേണ്ടതാകുന്നു. (ഒരു വാക്യമല്ലേ ഉള്ളൂ എന്നു നോക്കിക്കോണേ!)

കുറേക്കാലം മുമ്പു് ഞാനും വക്കാരിയും വേറേ ഒന്നു രണ്ടു പേരും ചേർന്നു് "പത്രങ്ങൾക്കു തെറ്റുമ്പോൾ" എന്നൊരു ബ്ലോഗ് തുടങ്ങിയിരുന്നു, പത്രങ്ങളിൽ വരുന്ന ഇതുപോലെയുള്ള സംഭവങ്ങളെ വിമർശിക്കാൻ. പിന്നെ അതു നിന്നു പോയി. വക്കാരി വിമർശനങ്ങൾ സ്വന്തം ബ്ലോഗിൽത്തന്നെ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പറഞ്ഞു വന്നതു്, ഈ ബ്ലോഗ് തുടങ്ങിയതു് കക്ഷിരാഷ്ട്രീയത്തിൽ എതിർചേരികളിലാണെങ്കിലും വക്കാരിയും ഞാനും ഒരേ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയിരുന്നതിനാലാണു്. ഒരു സുപ്രഭാതത്തിൽ പത്രങ്ങളെ വിമർശിച്ചു കളയാം എന്നു പറഞ്ഞു തുടങ്ങിയതല്ല അതു്. ബ്ലോഗിൽ വരുന്നതിനൊന്നും വിശ്വാസ്യത ഇല്ല എന്നും പത്രങ്ങളിൽ വരുന്നതൊക്കെ പല പ്രൂഫ് റീഡർമാർ പരിശോധിച്ചു കുറ്റമറ്റതാക്കിയതാണെന്നും അതിന്റെ വിശ്വാസ്യത അപാരമായിരുന്നെന്നും പല പത്രക്കാരും എഴുതിയതിനെ പൊളിച്ചു കയ്യിൽക്കൊടുക്കുക എന്ന രാഷ്ട്രീയമായിരുന്നു ഞങ്ങളെ ഒന്നിപ്പിച്ചതു്. ഇനി രാഷ്ട്രീയബോധം എന്താണെന്നുള്ളതിനു് ദേവൻ ഇവിടെ പറഞ്ഞതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല.

ഇനി പത്രക്കാർ വരുത്തുന്ന ചില തെറ്റുകൾ നമുക്കു പരിശോധിക്കാം. ഇവയ്ക്കെല്ലാം ഒരേ പ്രാധാന്യമാണോ എന്നും.

  1. ആസൂത്രണക്കമ്മീഷൻ ചെയർമാന്റെ പടമെന്നു പറഞ്ഞു് മനോരമ ഒരു കൂട്ടക്കൊലയാളിയുടെ പടം ഇട്ടതു്. ഇതു് വെറുമൊരു കയ്യബദ്ധം മാത്രം. ആസൂത്രണക്കമ്മീഷൻ കള്ളനാണെന്നു മനോരമ പറഞ്ഞു എന്നോ മറ്റോ ആരെങ്കിലുംഇതിനു വ്യാഖ്യാനമുണ്ടാക്കിയാൽ അതു കടന്ന കയ്യാണു്. (ഇതിനു മനോരമ മാപ്പു പറഞ്ഞതായി എനിക്കറിവില്ല.)
  2. ഒരുത്തൻ 68 ഹോട്ട് ഡോഗ് തിന്നു എന്ന ഇംഗ്ലീഷ് വാർത്ത തർജ്ജമ ചെയ്തപ്പോൾ ദേശാഭിമാനി ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടികളാക്കിയതു്. ഇതു് പത്രത്തിലെഴുതുന്നവരുടെ അജ്ഞതയെ കാണിക്കുന്നു. ഇതിനെ ന്യായീകരിക്കാൻ ആരെങ്കിലും ചൂടുള്ള പട്ടി എന്നതു ഹോട്ട് ഡോഗിന്റെ മലയാളമാണെന്നോ മറ്റോ പറഞ്ഞാൽ അതു് അപഹാസ്യമാകും. (ഇതിനു ദേശാഭിമാനി മാപ്പു പറഞ്ഞിരുന്നു. മാപ്പു പറഞ്ഞു കൊണ്ടെഴുതിയ ഹോട്ട് ഡോഗ് പാചകക്കുറിപ്പിൽ മറ്റു ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നതു വേറൊരു കാര്യം.)

    രണ്ടു തെറ്റുകളിലും പലർ പ്രൂഫ് റീഡ് ചെയ്യുന്ന പത്രക്കാരുടെ വിശ്വാസ്യതയെ കളിയാക്കാം എന്നതിൽക്കവിഞ്ഞു് ഒന്നുമില്ലെന്നു പറയാം. അവർ തെറ്റു തിരുത്തി ഖേദം പ്രകടിപ്പിച്ചാൽ പിന്നെ അതിൽ കൂടുതൽ ഒന്നും വേണ്ട എന്നർത്ഥം.

    ഇനി ചിലതു കൂടി:
  3. തമിഴ് പുലി പ്രഭാകരന്റെ അച്ഛൻ വേലുപ്പിള്ള കൊല്ലത്തുകാരനാണെന്ന മാതൃഭൂമി വാർത്ത.

    ഇതു് സെൻസേഷൻ ഉണ്ടാക്കാൻ വേണ്ടി മനഃപൂർ‌വ്വം കെട്ടിച്ചമച്ച കള്ളക്കഥ. മുമ്പു പറഞ്ഞവയെക്കാൾ സീരിയസായി എടുക്കേണ്ടവയാണു് ഇതു്. കാരണം ഇതു് ഒരു അബദ്ധമല്ല എന്നതു തന്നെ. ഇതു തെറ്റാണെന്ന തിരുത്തു പിന്നെ വന്നാൽ‌പ്പോലും വാർത്ത ഉണ്ടാക്കിയ തെറ്റായ വിവരം മനുഷ്യരുടെ മനസ്സിൽ കിടക്കും. ഇതിനു തിരുത്തു കൊടുത്തിട്ടുണ്ടെങ്കിൽ വാർത്ത വന്ന പേജിൽത്തന്നെ കൊടുക്കണം.

    എങ്കിലും വാർത്ത ഒരു ലേഖകന്റെ വയറ്റിൽ‌പ്പിഴപ്പിനുണ്ടാക്കിയ കെട്ടുകഥയെന്നതിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നില്ല.
  4. പോൾ വധക്കേസിലെ പ്രതികൾ ദുബായിയിൽ ആരുടെയൊക്കെയോ കൂടെ ഉണ്ടെന്നു തെളിവു സഹിതം ഒരു ചാനൽ പുറത്തിറക്കിയ വാർത്ത.

    മേൽ‌പ്പറഞ്ഞവർ തമിഴ്‌നാട്ടിൽ നിന്നു പിന്നീടു കീഴടങ്ങി. ദുബായി വാർത്ത പച്ചക്കള്ളമാണെന്നു വ്യക്തമായി. പ്രഭാകരൻ വാർത്തയെപ്പോലെ ഇതും കെട്ടിച്ചമച്ചതാണെന്നു വ്യക്തം. പക്ഷേ അതിനെക്കാൾ നശീകരണശക്തി ഇതിനുണ്ടു്. കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകന്റെ മകനു് പോളിന്റെ വധവുമായി ബന്ധമുണ്ടെന്നുള്ള ധ്വനി പരന്നു കഴിഞ്ഞു. ഒരു തിരുത്തിനും അതിനെ തിരുത്താൻ കഴിയുമോ എന്നു സംശയമാണു്.

    ശക്തമായി പ്രതികരിക്കേണ്ടവ ഇവിടെത്തൊട്ടു തുടങ്ങുന്നു.
  5. ഹനാൻ എന്ന അപൂർ‌വ്വപ്രതിഭ ഐൻസ്റ്റീനെയും ഡാർ‌വിനെയും തിരുത്തുന്ന കണ്ടുപിടിത്തങ്ങൾ നടത്തിയിരിക്കുന്നു എന്ന പച്ചക്കള്ളം.

    ഇതും മനഃപൂർ‌വ്വം കെട്ടിച്ചമച്ച കഥ തന്നെ. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ:
    • മനുഷ്യരെ കബളിപ്പിക്കൽ. തിയറികൾക്കു് ഇല്ലാത്ത തെറ്റുകളുണ്ടെന്നുള്ള ധ്വനി. കേരളത്തിലെ പതിന്നാലുവയസ്സുള്ള ഒരു കുട്ടിക്കു തിരുത്താൻ പറ്റുന്നവയാണു് അവയെന്നുള്ള തെറ്റായ ധ്വനി. കുട്ടിക്കു് വിദേശത്തുനിന്നു് എന്തൊക്കെയോ അംഗീകാരങ്ങൾ കിട്ടി എന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കരുതിക്കൂട്ടിയ ശ്രമം.
    • കബളിപ്പിക്കൽ വഴി മറ്റു ലാഭങ്ങളുണ്ടാക്കൽ. കേരളത്തിലെ ഒരു മന്ത്രിയെ വരെ കബളിപ്പിച്ചു എന്നാണു വാർത്തകളിൽ നിന്നു മനസ്സിലായതു്. സ്കൂൾ വിദ്യാഭ്യാസം കഴിയാറായിരിക്കുന്ന, എം. . ടി. യിൽ ഉപരിപഠനത്തിനു പോകാൻ കച്ച കെട്ടിയിരിക്കുന്ന ഒരു കുട്ടിക്കു് സർക്കാരിൽ നിന്നു് ധനസഹായം കിട്ടിയാൽ അതു വളരെ നന്നാകും. നാട്ടുകാരെ ഒന്നടങ്കം കബളിപ്പിച്ചു് അവർ നികുതി കൊടുക്കുന്ന പണം കൊണ്ടു തന്നെ വേണം ഇതൊക്കെ ചെയ്യാൻ.
    • ന്യൂനപക്ഷങ്ങളെയും വനിതകളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ടാക്കി അവാർഡുകൾ വാരിക്കൂട്ടിയ സിസി ജേക്കബിനു് തന്റെ കരിയർ അച്ചീവ്‌മെന്റ്സിൽ എഴുതാൻ മറ്റൊന്നു കൂടി. കുപ്പയിൽ കിടന്ന ഒരു മാണിക്യത്തെ പൊടി തട്ടിയെടുത്തു ലോകശ്രദ്ധയിൽ കൊണ്ടു വന്നതിനു്.


    ഈ ഗൂഢാലോചന തെറ്റാണെന്നു മനസ്സിലായാൽ അതു മാന്യമായി സമ്മതിക്കലാണു പത്രത്വം. ഒന്നാംപേജിൽ ഏറ്റവും മുകളിൽ വന്ന വാർത്ത പൊട്ടത്തെറ്റാണെന്നുള്ള തിരുത്തു് വായനക്കാരുടെകത്തുകളുടെ കീഴിൽ പോരാ. ഒന്നാം പേജിൽത്തന്നെ വേണം.

  6. (ഔട്ട്‌സോഴ്സു ചെയ്ത കമ്പനിയിലെ പിള്ളേർ ചെയ്ത അബദ്ധം മൂലം പാചകപേജിൽ വന്ന പ്രശ്നത്തിനു യാഹൂ അവരുടെ ഫ്രണ്ട് പേജിൽത്തന്നെ മാപ്പു പറയണം എന്നു വാദിച്ചവരല്ലേ നമ്മളൊക്കെ?)
  7. ഹനാന്റെ വാർത്ത തെറ്റാണെന്നു പലരും പലയിടത്തും എഴുതിയിട്ടും അതു മാതൃഭൂമിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അതിനൊന്നും പ്രതികരിക്കാതെ ആ കണ്ടെത്തലുകളെല്ലാം കൂടി മാതൃഭൂമിയുടെ ഒരു വരേണ്യനിരൂപകകേസരിയുടെ വായിൽ തിരുകി അദ്ദേഹത്തെ മഹാപണ്ഡിതനാക്കിയ പ്രവൃത്തി.

    ഈ കേസരിയോ മാതൃഭൂമിയോ ഇതിനു മറുപടി പറയും എന്നു് എനിക്കു തീരെ വിശ്വാസമില്ല. അതു വെളിച്ചത്താക്കുകയാണു ബ്ലോഗു പോലെയുള്ള മാദ്ധ്യമങ്ങൾ ചെയ്യേണ്ടതു്. ചന്ത്രക്കാറന്റെ പോസ്റ്റ് ചെയ്തതും അതാണു്.

    നിരയിൽ പെടുന്ന ഒരു കാര്യം കൂടി എഴുതാം.

  8. കുപ്രസിദ്ധമായ ചാരക്കേസ്. ഐ. എസ്. ആർ. ഓ. യിലെ ചില ശാസ്ത്രജ്ഞർ ചില വിദേശവേശ്യകളുടെ വലയിൽ കുരുങ്ങി രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ചോർത്തി എന്ന കേസ്.

    ഇതും തെറ്റാണെന്നു തെളിഞ്ഞു. പക്ഷേ, അതുകൊണ്ടു് അതുണ്ടാക്കിയ ആഘാതങ്ങൾ ഇല്ലാതായോ? നമ്പി നാരായണൻ, ശശി കുമാർ തുടങ്ങിയ ശാസ്ത്രജ്ഞർക്കു് നഷ്ടപ്പെട്ടതു് ഒരു ജീവിതത്തിന്റെ മാന്യതയാണു്. ഈ പത്രക്കാർ എന്തൊരു ആഘോഷമായിരുന്നു! നമ്മുടെ ഷിറ്റു ഗോവിയണ്ണനും വിജയരാഘവനും കൂടി സിൽമേൽ ശാസ്ത്രജ്ഞന്മാരെ പൂരത്തെറി പറഞ്ഞതു കേട്ടു നമ്മൾ പുളകിതരായില്ലേ?

    അതു കൊണ്ടാണു് നശീകരണം ഒരു പരിധിയിൽ കൂടുതലാകുന്നതിനു മുമ്പു് ഇത്തരം വാർത്തകളെ പൊളിച്ചടുക്കണം എന്നതു്. ബ്ലോഗ് എന്ന മാദ്ധ്യമം അതുപയോഗിക്കുന്നതു് നല്ലതു തന്നെ.

ഈ ഏഴു വാർത്തകളെയും ഒരേ പ്രാധാന്യത്തോടെ പത്രപ്രവർത്തകർക്കു പറ്റുന്ന ചെറിയ തെറ്റുകളായി മാത്രം കാണണം എന്നാണോ വക്കാരിയുടെ അഭിപ്രായം?

പിന്നെ, ഏറെക്കാലം വളരെയധികം ആളുകൾ ഇവിടെ പറഞ്ഞു പഴകിയ ഒരു കാര്യമുണ്ടു്. വേദങ്ങളിൽ കാൽക്കുലസ് ഉണ്ടെന്നു പറയുമ്പോൾ പ്രതികരിക്കുന്ന ഒരാളെന്തേ തേങ്ങാപ്പിണ്ണാക്കിനു ടേയ്സ്റ്റു കുറവാണു് എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? എന്തേ രണ്ടാമതൊരാൾ വേദങ്ങളിൽ കാൽക്കുലസ് ഉണ്ടായിരുന്നു എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? വിശാലന്റെ അക്ഷരത്തെറ്റു് തിരുത്തിയ ആൾ എന്തേ കൈപ്പള്ളിയുടേതു തിരുത്തുന്നില്ല?

ഓരോരുത്തനും എന്തൊക്കെ വായിക്കുന്നു എന്നും എന്തിനൊക്കെ പ്രതികരിക്കാൻ തോന്നുന്നു എന്നും എന്തൊക്കെ ചെയ്യാൻ സമയമുണ്ടു് എന്നതും എന്തെഴുതിയാൽ പ്രയോജനമുണ്ടു് എന്തൊക്കെ കണക്കിലെടുത്തായിരിക്കും പ്രതികരണങ്ങൾ. ബ്ലോഗിൽ വരുന്ന സകലമാന സംഭവങ്ങളും വായിച്ചു് അതിനു മുഴുവനും പ്രതികരിക്കണം എന്നു പറഞ്ഞാൽ അതു നടപ്പിലാക്കിയാൽ പണ്ടു വക്കാരി ജപ്പാനിൽ ഗവേഷണം ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്നതു പോലെ മനുഷ്യർക്കു് ഇവിടെ സമയമില്ല. ദാറ്റ്സ് ഓൾ!

പിന്നെ, വക്കാരി പറഞ്ഞ ഒരു സുപ്രധാനകാര്യം ചന്ത്രക്കാറൻ തുടങ്ങിയ ഇടതന്മാരുടെ ഇരട്ടത്താപ്പാണു്. ഗാന്ധിജിയുടെ ന്യൂനതകൾ ഒരാൾ പറഞ്ഞപ്പോൾ "വിഗ്രഹങ്ങൾ ഉടയട്ടേ" എന്നു പറഞ്ഞ ഒരാൾ ഈ. എം. എസ്.-നു വിവരമില്ല എന്നു പറഞ്ഞപ്പോൾ പറഞ്ഞതിൽ കഴമ്പില്ല എന്നു പറഞ്ഞു എന്നതാണു പ്രശ്നം. ആ പറഞ്ഞ വ്യക്തി ഈ. എം. എസ്.-നെപ്പറ്റി എന്തു മോശം കാര്യം പറഞ്ഞാലും അതിനെ എതിർക്കും (അതു പോലെ ഗാന്ധിജിയെപ്പറ്റി എന്തു പറഞ്ഞാലും അനുകൂലിക്കും എന്നും) എന്നാണോ വക്കാരി വിചാരിച്ചതു്? കാലിക്കട്ടറുടെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ ചിലതിൽ കഴമ്പില്ല എന്നേ അവിടെ പറഞ്ഞിട്ടുള്ളൂ. ഉടയാൻ ഗാന്ധിജിയ്ക്കുള്ളതുപോലെ ഈ. എം. എസ്.-നു കാര്യമായി വിഗ്രഹമൊന്നുമില്ല.

ഈ. എം. എസ്.-നെപ്പറ്റി കൈപ്പള്ളി അന്നു ഗാന്ധിജിയെപ്പറ്റി എഴുതിയ ലേഖനം പോലെ വിവരങ്ങളുമായി ആരെങ്കിലും എഴുതട്ടേ. പ്രതികരിക്കുമോ എന്നു നോക്കാം.

എല്ലാവർക്കും അവനവന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ടു്. അതുകൊണ്ടാണല്ലോ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും ഉണ്ടാകുന്നതു്. അതു കൊണ്ടു് ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ അവനവന്റെ ചായ്‌വ് അനുസരിച്ചു് അഭിപ്രായത്തിൽ വ്യത്യാസമുണ്ടാവുക സ്വാഭാവികം. ജോലി ചെയ്യുന്ന ഓഫീസിൽ വിജയദശമിയ്ക്കു പൂജ നടത്തണോ എന്ന കാര്യത്തിൽ വിശ്വാസിക്കും അവിശ്വാസിക്കും രണ്ടു കാഴ്ചപ്പാടുണ്ടാവും. ഇന്ത്യയുടെ ഭാവിക്കു നല്ലതു് ഗാന്ധിസമാണോ കമ്യൂണിസമാണോ എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടാവാം. എന്നാൽ നിധി കിട്ടാൻ വേണ്ടി പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാമോ എന്ന കാര്യത്തിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ടാവില്ല. ഉണ്ടാവാൻ പാടില്ല. അതിനെ അനുകൂലിക്കുന്നവരെ അറ്റം വരെ എതിർക്കേണ്ടതുണ്ടു്. (ഇത്തരം കാര്യങ്ങളും കുറച്ചൊക്കെ ആപേക്ഷികമാവാം. മതമില്ലാത്ത ജീവൻ ഒരുദാഹരണം.) എങ്കിലും ഇത്തരം കാര്യങ്ങളെ ആളുകളുടെ അഭിപ്രായചായ്‌വനുസരിച്ചുള്ള വ്യത്യാസത്തിൽ നിന്നു വേർതിരിച്ചു കാണേണ്ടതുണ്ടു്. അത്തരം ഒരു പ്രശ്നമാണു് ഹനാന്റെ കണ്ടുപിടിത്തങ്ങളും മാതൃഭൂമിയുടെ സർക്കസ്സുകളും.

പിന്നെ, ഇതിൽ ആനുഷംഗികമായി വക്കാരി പറഞ്ഞ ചില കാര്യങ്ങളെപ്പറ്റി:

  1. കോടതികൾ എപ്പോഴും ശരിയായിരുന്നെങ്കിൽ നമുക്കു പല ലെവലിലുള്ള കോടതികളും അപ്പീലും ഒന്നുംവേണ്ടിയിരുന്നില്ലല്ലോ. ലെവലില്ലാത്ത കോടതികൾ രാജഭരണം പോലെയുള്ള ഏകാധിപത്യത്തിൽ മാത്രമേ ഉള്ളല്ലോ. ഒരു കോടതിയിൽവിധിച്ചു എന്നതു കൊണ്ടു് ഒന്നും ആത്യന്തികസത്യമാകുന്നില്ല. വക്കീലിന്റെ മിടുക്കു മുതൽ ജഡ്ജിയുടെ പക്ഷഭേദംവരെ അതിൽ ഘടകങ്ങളാവാം. എങ്കിലും മാദ്ധ്യമക്കോടതികളെക്കാളും നന്ദകുമാറിന്റെ ക്രൈമിനെക്കാളുംകോടതികൾക്കു് ഒരു വ്യത്യാസമുണ്ടു്. തെളിവുകളുടെയും നിയമത്തിന്റെയും പിൻ‌പറ്റി മാത്രമേ ജഡ്ജിയ്ക്കുവിധിക്കാനാവൂ. തെളിവുകൾ കെട്ടിച്ചമച്ചതാവാം യഥാർത്ഥത്തിൽ. എങ്കിലും തെളിവുകൾ ഉണ്ടാവണം. മാദ്ധ്യമങ്ങളുടെതെറ്റിദ്ധരിപ്പിക്കുന്ന കസർത്തുകളെക്കാൾ കോടതിവിധികൾക്കു കൂടുതൽ വിശ്വാസ്യത കൊടുക്കുന്നതു് അതുകൊണ്ടാണു്.

    അതേ സമയം കോടതിയ്ക്കു തെറ്റിയാൽ മാദ്ധ്യമങ്ങൾക്കു വിമർശിക്കാം. പക്ഷേ അതു ചായക്കടയിലെ കോമൺ സെൻസ് വെച്ചു് ആവരുതു്. പലപ്പോഴും കോടതിവിധികളെ ചോദ്യം ചെയ്തു് മാദ്ധ്യമങ്ങളിൽ നിയമജ്ഞർ എഴുതുന്നതു കാണാം.
  2. വക്കാരി പറയുന്നു: "ലവലെനിന്‍ പ്രശ്നത്തില്‍ പിണറായിക്ക് കിട്ടിയതിന്റെ ആയിരത്തിലൊരു അംശം ആനുകൂല്യം ബ്ലോഗിലും മറ്റും എന്റെ ആരാദ്യപുരുഷന്മാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അവരൊക്കെ എപ്പോഴേ മഹാത്മാക്കളായിപ്പോയേനെ :("

    ലാവ്‌ലിൻ പ്രശ്നത്തിൽ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ചു ക്രൈം നന്ദകുമാർ, പ്രസിദ്ധീകരിച്ച ചില വസ്തുതകൾ, കോടതിവിധികൾ, ഗവർണ്ണറുടെ വാക്കുകൾ എന്നിവയെ വിശകലനം ചെയ്തു് പിണറായി കാർത്തികേയനേക്കാളും മറ്റു പലരേക്കാളും വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നു വാദിക്കുന്ന പോസ്റ്റുകളാണു് ഞാൻ കണ്ടിട്ടുള്ളതു്. ഗാന്ധിജിയെയും നെഹ്രുവിനെയും യേശുദാസിനെയും എന്തിനു മോഹൻ ലാലിനെയും വരെ ദൈവതുല്യരാക്കുന്ന തരം ചപ്പടാച്ചിയൊന്നും ഇതു വരെ ആരെങ്കിലും പിണറായിയെപ്പറ്റിയോ . എം. എസ്. -നെപ്പറ്റിയോ പറഞ്ഞു കേട്ടിട്ടുമില്ല.
  3. ജന്മഭൂമിയിലെ വാർത്ത കണ്ടാൽ അതു മാതൃഭൂമിയെ താഴ്ത്തിക്കെട്ടാൻ മാത്രമാണു് എന്നു മനസ്സിലാവും. എങ്ങനെ അവർ അതു മനസ്സിലാക്കി? അവരുടെ സ്വന്തം ലേഖകന്റെ ബുദ്ധിയും വിവരവും കൊണ്ടു്. വിവരങ്ങൾ വെളിച്ചത്തു കൊണ്ടു വന്ന ബ്ലോഗേഴ്സിന്റെയോ മറ്റാരുടെയെങ്കിലുമോ എന്തെങ്കിലും അതിലുണ്ടോ എന്നു നോക്കൂ. ഉണ്ടാവില്ല. ശ്രീജനും ജന്മഭൂമിയും തമ്മിൽ എന്തു വ്യത്യാസം?
  4. ഹനാൻ പ്രശ്നത്തിൽ കക്ഷിരാഷ്ട്രീയം ഉണ്ടോ? ആകെ അതിലുള്ള ഒരു കക്ഷിരാഷ്ട്രീയം ഒരു കമ്യൂണിസ്റ്റ് മന്ത്രി പോലും കബളിപ്പിക്കപ്പെട്ടു എന്നതു മാത്രമാണു്. അതല്ലാതെ ഇല്ലാത്ത കബളിപ്പിക്കലിനെ എതിർക്കുന്നതു് കമ്യൂണിസ്റ്റുകാരന്റെ കുത്തകയാണോ? ബ്ലോഗിലെ വലത്തുപക്ഷചിന്താഗതിയുള്ള പലരും ഇതിനെ വിമർശിച്ചല്ലോ. ചന്ത്രക്കാറന്റെ ലേഖനത്തിൽ കമ്യൂണിസചായ്‌വുണ്ടോ? ഇവിടെ ജയകൃഷ്ണൻ വധത്തിന്റെ പ്രസക്തി എന്താണു്?

    "ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ" എന്നൊരു വാക്യമുണ്ടു മേൽ‌പത്തൂരിന്റേതായി. എതിർക്കുന്നവർക്കു് ഒരു കാര്യം കിട്ടിയാൽ മതി. കല്പാന്തകാലത്തോളം പറഞ്ഞു കൊണ്ടു നടക്കും. കമ്യൂണിസ്റ്റ് വിരുദ്ധർക്കു് കുട്ടികളുടെ മുന്നിൽ വെച്ചു് ഒരു 'ഗുരു'വിനെ കൊന്ന കഥയുണ്ടു്. സംഘപരിവാർ വിരുദ്ധർക്കു് ഒരു ഗർഭിണിയുടെ വയർ പിളർന്നു ശിശുവിനെ ശൂലത്തിൽ കോർത്ത കഥയുമുണ്ടു്. ഇവയെ നിസ്സാരവൽക്കരിക്കുന്നതല്ല, പക്ഷേ ഇവയെ ഇവയുമായി ബന്ധമില്ലായിടത്തു പിന്നെയും പൊക്കിക്കൊണ്ടു വരുന്നതു് ജുഗുപ്സാവഹമാണു്.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്നെപ്പറ്റി മാത്രമാണു്. എന്തിനു് എന്നെപ്പറ്റി ഇവിടെ പറയുന്നു എന്നു ചോദിച്ചാൽ, എന്റെ കാര്യം മാത്രമേ എനിക്കറിയൂ, വ്യക്തികൾ എന്തു ചെയ്യണം എന്നു വക്കാരി അനുശാസിച്ച ചില കാര്യങ്ങൾ എന്റെ കാര്യം പറഞ്ഞു കുറെയെങ്കിലും വ്യക്തമാക്കാം എന്നു കരുതി മാത്രമാണു്. മറ്റുള്ളവർ ഇതു പോലെയാണു് എന്നു് വാച്യമായോ വ്യംഗ്യമായോ ഞാൻ ഉദ്ദേശിക്കുന്നില്ല.

  1. സമയത്തിനു വലിയ ദൗർലഭ്യമുള്ള ഒരാളാണു ഞാൻ. ജോലിത്തിരക്കും വീട്ടുതിരക്കും ഒക്കെയായി. സമയംകിട്ടുമ്പോൾ പകുതിക്കു നിർത്തിയിരിക്കുന്ന പല പോസ്റ്റുകളിലൊന്നു പൂർത്തിയാക്കാനാണു സാധാരണശ്രമിക്കാറുള്ളതു്. അതിനാൽ പ്രതികരിക്കൽ അല്പം കുറവാണു്. മറ്റുള്ളവർ വായിക്കണം എന്നു് എനിക്കഭിപ്രായമുള്ളപോസ്റ്റുകൾ ഗൂഗിൾ റീഡറിൽ ഷെയർ ചെയ്യുകയും, അവയിൽ എനിക്കിഷ്ടപ്പെട്ടവയെ (അതായതു്, അനുകൂലാഭിപ്രായമുള്ളവയെ) Like എന്നു ലേബലൊട്ടിക്കുകയും എന്തെങ്കിലും പറയണമെങ്കിൽ റീഡർ നോട്ട്സ്ആയി ചേർക്കുകയുമാണു് എന്റെ ഇപ്പോഴത്തെ രീതി. ദാ ഇവിടെ ഉണ്ടു്. എഴുതിയ ആളോടോ കമന്റിട്ട ആളൂകളോടോവല്ലതും പറയാനുണ്ടെങ്കിൽ മാത്രമേ സാധാരണയായി പോസ്റ്റിൽ കമന്റിടാറുള്ളൂ.
  2. ഇനി, കമന്റിടണമെന്നു തോന്നുന്ന പോസ്റ്റുകളിലും എനിക്കു പറയാനുള്ളതു് ആരെങ്കിലും നേരത്തേ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പിന്നെ കമന്റിടാറില്ല. വക്കാരിയുടെ പോസ്റ്റിലും ആരെങ്കിലും എന്റെ മനസ്സിലുള്ള കാര്യങ്ങൾ തന്നെ കമന്റായി ഇടും എന്നു കരുതി രണ്ടു ദിവസം കാത്തിട്ടു് ഒന്നും കാണാത്തതു കൊണ്ടാണു് കമന്റ് എഴുതിയതു്. ഇനി ഇതു പോലെ ഒരു സാധനം നാളെ ഇടിവാളോ സിമിയോ കിരൺ തോമസോ എഴുതിയാൽ ഞാൻ ഇത്രയും സമയമെടുത്തു് ഒരു കമന്റിടും എന്നു പ്രതീക്ഷിക്കരുതു്.
  3. അഭിപ്രായഭേദം മാത്രം മൂലമുള്ള തർക്കങ്ങൾ എന്നു് എനിക്കു തോന്നുന്ന തർക്കങ്ങളിൽ ഞാൻ സാധാരണ ഇടപെടാറില്ല. ഞാൻ ഇടത്തുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ച പോസ്റ്റിനു തുടർച്ചയായി മാരീചനും ഇഞ്ചിപ്പെണ്ണും ഓരോ നെടുങ്കൻ പോസ്റ്റിടുകയും നൂറുകണക്കിനാളുകൾ രണ്ടിലും അതിഭീകരകമന്റുകളിട്ടു തമ്മിൽത്തല്ലുകയും ചെയ്തിട്ടും രണ്ടിലും ഞാൻ ഒരു അഭിപ്രായവും പറഞ്ഞില്ല. എന്റെ പ്രതികരണം എന്റെ പോസ്റ്റിൽ വന്ന കമന്റുകൾക്കു മാത്രമായി ഒതുക്കി. ഇതിന്റെ അർത്ഥം ഞാൻ പോസ്റ്റുകൾ വായിച്ചില്ലെന്നോ അവയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തെപ്പറ്റിയും എനിക്കു് അഭിപ്രായമില്ല എന്നോ അല്ല. (എന്നാൽ അഭിപ്രായഭേദങ്ങളിൽ മാത്രം ഇടപെടുന്ന ബ്ലോഗേഴ്സും ഉണ്ടു്. 'ഭിന്നരുചിർ ഹി ബ്ലോഗാഃ' എന്നാണല്ലോ :)) എന്നാൽ ഞാൻ ആദ്യമായി വായിച്ച ഒരു ബ്ലോഗിൽ ഉദ്ധരിച്ച ഒരു ഗണിതപ്രശ്നത്തിൽ ബ്രാഹ്മണന്മാരെ രക്ഷിക്കുകയും ശൂദ്രനെ കൊല്ലുകയും ചെയ്യേണ്ടതിനെപ്പറ്റിയുള്ള പരാമർശത്തെപ്പറ്റി എഴുതണമെന്നു തോന്നുകയും ചെയ്തു. പോപ്പുലാരിറ്റിയും പ്രതികരണവും തമ്മിൽ വലിയ ബന്ധമില്ല എന്നു താത്പര്യം.
  4. ലാവ്‌ലിൻ പ്രശ്നം തുടങ്ങിയവയിൽ ഞാൻ ഇതു വരെ ഒരു ഇടപെടലും നടത്തിയിട്ടില്ല. അറിവില്ലായ്മ തന്നെ കാരണം. (ഒരിക്കൽ കണ്ടകശനിയുടെ വാദത്തിലെ ഒരു പാളിച്ച ചൂണ്ടിക്കാണിച്ചതിനു ഞാൻ പിണറായിയുടെ സ്തുതിപാഠകനാണെന്നു ശനിയന്മാർ ബഹളം വെച്ചിരുന്നു. അതു മറ്റൊരു കാര്യം.) അതു കൊണ്ടു് മറ്റുള്ളവർ എഴുതുന്നതു വായിക്കുന്നു. പക്ഷേ, ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറ്റൊരു ചാരക്കേസാവാതെ പോകാൻ മാദ്ധ്യമങ്ങളുടെ പൊള്ളത്തരങ്ങളും മറ്റും വെളിച്ചതു കൊണ്ടു വരാൻ ശ്രമിക്കുന്ന ഇടത്തുപക്ഷബ്ലോഗുകളും അവയിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുന്ന വലത്തുപക്ഷബ്ലോഗുകളും ശ്രദ്ധയോടെ വായിക്കുന്നു. അവയിലെ എന്റെ നിശ്ശബ്ദത വേദിക് മാത്തമാറ്റിക്സിനെപ്പറ്റി ഞാൻ എഴുതുമ്പോൾ കിരൺ തോമസും സിമിയും പാലിക്കുന്ന നിശ്ശബ്ദതയോടു സമാനമാണു്. താത്പര്യമുള്ള വിഷയം തന്നെ; എങ്കിലും അറിവില്ലാത്ത കാര്യത്തിൽ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ കേൾക്കാനാണു് വായലച്ചു മലിനീകരണം നടത്തുന്നതിനെക്കാൾ താത്പര്യം.

    പല പ്രശ്നങ്ങളിലും വർക്കേഴ്സ് ഫോറത്തിന്റെയും കാണാപ്പുറം നകുലന്റെയും (എവിടെപ്പോയി കക്ഷി? ഇപ്പോൾ കാണാനേ ഇല്ലല്ലോ?) പോസ്റ്റുകൾ ചേർത്തു വെച്ചു വായിക്കുന്നതു് എനിക്കു് ഇഷ്ടമുള്ള കാര്യമാണു്.

ഇത്രയും പറഞ്ഞതു മറ്റൊന്നും കൊണ്ടല്ല. ഇതിനോടു സമാനമായ അഭിപ്രായമുള്ള മറ്റു പലരും ഉണ്ടായേക്കാം. വക്കാരിയുടെ പല വ്യഥകൾക്കും ഇതു് അല്പമെങ്കിലും സമാധാനം നൽകിയേക്കാം എന്നൊരു തോന്നൽ. അത്ര മാത്രം.

നിർത്തുന്നതിനു മുമ്പു് വക്കാരിയുടെ സ്റ്റൈലിനെപ്പറ്റി ചില കാര്യങ്ങൾ കൂടി:

  1. എന്റെ ബ്ലോഗിൽ ഒരു 'സി' പറഞ്ഞതു പോലെയുള്ള കൊഞ്ഞനം കുത്തു ശൈലി ഇതിൽ കാണുന്നില്ല. കാര്യങ്ങളൊക്കെ അല്പം നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു. നല്ലതു്. നന്ദി.
  2. അതേ സമയം, വക്കാരിയിൽ മുമ്പു കണ്ടിട്ടുള്ള സ്ഥൈര്യം ഇതിൽ കുറഞ്ഞിരിക്കുന്നു. ഹനാനെ അനുകൂലിക്കണോ എതിർക്കണോ എന്നു വക്കാരിക്കു കൺഫ്യൂഷൻ ആണെന്നു തോന്നുന്നു. അവസാനത്തെ വാക്യത്തിൽ ചന്ത്രക്കാറന്റെ പോസ്റ്റിനെ അഭിനന്ദിക്കുന്ന വക്കാരി പോസ്റ്റു മുഴുവൻ അതിനെ എതിർക്കുകയാണു്.
  3. ഇതുവരെ തന്റെ ആർ. എസ്. എസ്. ചായ്‌വ് വ്യക്തമായി പറഞ്ഞിട്ടില്ലാത്ത വക്കാരി ഇവിടെ അതു വ്യക്തമായി പറഞ്ഞതിന്റെ ആർജ്ജവത്തിനു് (കാണാപ്പുറം നകുലൻ പോലും ഇതു വരെ അതു പറഞ്ഞിട്ടില്ല) ഒരു സ്പെഷ്യൽ സല്യൂട്ട്.

Labels: , , , ,

Saturday, April 28, 2007

ഉണ്ടാപ്രിയുടെ ദോശയും ശാര്‍ദ്ദൂലവിക്രീഡിതവും

ഉണ്ടാപ്രിയുടെ ദോശയും തേങ്ങാചമ്മന്തിയും എന്ന പോസ്റ്റില്‍ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി എന്തു പറയേണ്ടൂ! കറിവേപ്പിലയില്‍ യാഹൂദുനിയാ കേറി വിളയാടിയതിനു ശേഷം ഒരു ഫുഡ്‌ബ്ലോഗില്‍ ഒരു വലിയ അതിക്രമം നടക്കുന്നതു് ഇപ്പോഴാണു്. ജാലിയന്‍ വാലാബാഗ്, തിയാന്മെന്‍ സമചതുരം, തൃശ്ശൂര്‍ പൂരം, ഷക്കീലയുടെ പടം കളിക്കുന്ന സി-ക്ലാസ് തീയേറ്റര്‍ തുടങ്ങിയവയെ ഓര്‍മ്മിപ്പിക്കുന്ന ജനത്തിരക്കു്.

അതു കണ്ടപ്പോള്‍ എന്റെ വ്യഥ ഒരു ശാര്‍ദ്ദൂലവിക്രീഡിതശ്ലോകമായി പുറത്തു വന്നതു താഴെച്ചേര്‍ക്കുന്നു. ഏതോ ഒരു കിളി ചത്തതു കണ്ടപ്പോള്‍ ഈ ശ്ലോകം എന്ന മാരണം ലോകത്തിനു സമ്മാനിച്ച വാല്‌മീകിയുടെ പാവനസ്മരണയ്ക്കു് ഇതു സമര്‍പ്പിക്കുന്നു.


ഇഞ്ചിപ്പെണ്ണിനു ജഞ്ജലിപ്പണയവേ, ഉണ്ടാപ്രിയുണ്ടാക്കിടും
ദോശയ്ക്കാശ, വിശപ്പു, വാശിയിവ തന്‍ ആശാട്ടിമാരെത്തവേ,
ഏറും വീറൊടു നൂറിനേറെ ജനവും - നൂറന്‍ കുമാറായി, മീന്‍-
ചന്തേല്‍ രണ്ടു പരുന്തുപോലെയിവിടെസ്സന്തോഷുമാ ബിന്ദുവും!

Labels: , , ,

Saturday, November 04, 2006

അല്‍പത്തരം?

പ്രധാനമായും കൈപ്പള്ളിയുടെ പോസ്റ്റിനും പോസ്റ്റിനും ഉള്ള കമന്റാണു്‌ ഇതു്‌.

വെള്ളിയാഴ്ച ഓഫീസില്‍ വലിയ തിരക്കായിപ്പോയതിനാലും (ഓഫീസിലിരുന്നു ബ്ലോഗ്‌ വായന/എഴുത്തു്‌ ചെയ്യില്ല എന്നൊരു തീരുമാനവും എടുത്തിരുന്നു) അതു കഴിഞ്ഞു്‌ വീട്ടില്‍ അതിനേക്കാള്‍ തിരക്കായിപ്പോയതുകൊണ്ടും ഇപ്പോഴാണു കമന്റെഴുതാന്‍ പറ്റുന്നതു്‌. ഇപ്പ്പ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടിലിരുന്നു്‌ ഇളമൊഴി ഉപയോഗിച്ചാണു്‌ (ആന്റണിയ്ക്കു നന്ദി) ഇതെഴുതുന്നതു്‌.

ഇതിനിടെ കൈപ്പള്ളി തന്റെ ബ്ലോഗില്‍ കമന്റുകള്‍ നിയന്ത്രിച്ചു എന്നു്‌ ഒരിടത്തു കണ്ടു. മാത്രമല്ല, ഇതിനോടു ബന്ധപ്പെട്ട ഒരു പോസ്റ്റും സംവാദവും പെരിങ്ങോടന്റെ ബ്ലോഗിലും കണ്ടു. എല്ലാറ്റിനും എനിക്കു പറയാനുള്ളതു്‌ ഒരുമിച്ചു പറഞ്ഞേക്കാം എന്നു കരുതിയാണു്‌ ഇവിടെ എഴുതുന്നതു്‌.

ആദ്യമായി എന്നെ തല്ലും എന്ന പറഞ്ഞതില്‍ മാപ്പു ചോദിച്ച കൈപ്പള്ളിയുടെ പ്രവൃത്തിക്കു ഞാന്‍ നന്ദി പറയുകയാണു്‌. അദ്ദേഹം എന്നെ തല്ലാന്‍ ഉദ്ദേശിച്ചില്ല എന്നു്‌ എനിക്കു്‌ ഉറപ്പാണു്‌. ദുബായിയില്‍ വരുകയാണെങ്കില്‍ അവസരം കിട്ടിയാല്‍ കൈപ്പള്ളിയെയും കാണാന്‍ ശ്രമിക്കാം. "അല്‍പത്തരം" എന്ന വാക്കു്‌ ദുരര്‍ത്ഥമുണ്ടാക്കിയതിനു ഞാനും ക്ഷമ ചോദിക്കുകയാണു്‌.

ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്കു വലിയ ദുഃഖമുണ്ടു്‌. "ഇങ്ങനെയൊക്കെ" എന്നു പറഞ്ഞതു്‌ രാജേഷിന്റെ കഥയെപ്പറ്റിയുള്ള സംവാദത്തെപ്പറ്റിയല്ല. അങ്ങനെയുള്ളവ ആവശ്യമാണു്‌. ഞാന്‍ ഉദ്ദേശിച്ചതു്‌ ഞാന്‍ കൈപ്പള്ളിയെ "അല്‍പന്‍" എന്നു വിളിച്ചു എന്നു തോന്നാനിടയായതും, അദ്ദേഹം എന്നെ തല്ലുമെന്നു പറഞ്ഞതും, അതിനു മറുപടിയായി ഞാന്‍ "തന്നെക്കാള്‍ വലിയവന്മാരെ കണ്ടിട്ടുണ്ടെടോ" എന്ന മട്ടില്‍ പറഞ്ഞതും, അരവിന്ദന്‍ കയറി ഏറ്റതും, കൈപ്പള്ളി മാപ്പു പറഞ്ഞതും ഒക്കെ. ഇതൊക്കെ നടക്കരുതായിരുന്നു. എല്ലാം ഒരു പരിധി വരെ തെറ്റിദ്ധാരണയുടെ പുറത്താണു്‌. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതു്‌, നിര്‍ഭാഗ്യവശാല്‍, ഒറ്റവരിക്കഥയുടെ ജാടയെപ്പറ്റിയല്ല, ബൂലോഗര്‍ ചേരി തിരിഞ്ഞു ചന്തത്തല്ലു നടത്തുന്നതിനെപ്പറ്റിയാണു്‌. ഇതിനു കുറെയൊക്കെ കാരണക്കാരനായതില്‍ ഞാന്‍ ഖേദിക്കുന്നു.

ഇനി, എനിക്കു പറയാനുള്ളതു്‌:





ഒന്നാമതായി, ഞാന്‍ കൈപ്പള്ളിയെ "അല്‍പന്‍" എന്നു വിളിച്ചിട്ടില്ല. വിളിക്കുകയുമില്ല. അല്‍പത്തരം മാത്രം ചെയ്യുന്നവനാണു്‌ അല്‍പന്‍. അല്‍പത്തരങ്ങള്‍ എല്ലാവരും ചെയ്യുന്നുണ്ടു്‌. എല്ലാവരുടെയും കാര്യം പോട്ടേ, ഞാന്‍ ചെയ്യുന്നുണ്ടു്‌. പിറ്റ്‌സാ വാങ്ങി മുറിച്ചപ്പോള്‍ അതിലെ ഏറ്റവും വലിയ കഷണം ഞാന്‍ ആദ്യം ചാടിയെടുത്തതു്‌ അല്‍പത്തരമാണെന്നു മിനിഞ്ഞാന്നും കൂടി എന്റെ ഭാര്യ പറഞ്ഞതേ ഉള്ളൂ.

"അല്‍പത്തരം" ഒരു തെറിയോ അശ്ലീലമോ ആഭാസത്തരമോ അല്ല. താണതു്‌, പാകതയില്ലാത്തതു്‌, നിസ്സാരം എന്നൊക്കെയേ അതിനു്‌ അര്‍ത്ഥമുള്ളൂ. ചെയ്യുന്നതു മുഴുവന്‍ അല്‍പത്തരം ആയവന്‍ എന്ന അര്‍ത്ഥത്തില്‍ ഒരുത്തനെ അല്‍പന്‍ എന്നു വിളിക്കുന്നതു്‌ ഒരു അധിക്ഷേപമാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഒരാളുടെ ഒരു പ്രവൃത്തി മോശമായി എന്നു പറയുന്നതില്‍ തെറ്റുണ്ടെന്നു്‌ എനിക്കു തോന്നുന്നില്ല. ഞാന്‍ അങ്ങനെ വിളിച്ചതു മോശമായി എന്നു്‌ ഇടിവാളും പറഞ്ഞിട്ടുണ്ടല്ലോ. അതിനു്‌ ഞാന്‍ ഒരു മോശനും നീചനും ആഭാസനുമാണെന്നു്‌ അര്‍ത്ഥമില്ലല്ലോ.

ഞാന്‍ "അല്‍പത്തരം" എന്നു വിളിച്ചതു്‌, ഏതോ അഭിപ്രായത്തില്‍ എന്നെ അനുകൂലിച്ചവരെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന ദേശം നോക്കിയിട്ടു്‌ ഒരു ഗ്രൂപ്പാണെന്നു്‌ ആരോപിച്ചതിനെയാണു്‌. അതു സത്യവിരുദ്ധമായതുകൊണ്ടാണു്‌ എനിക്കു കൂടുതല്‍ ചൊറിഞ്ഞുകയറിയതു്‌. ഞാന്‍ പണത്തോടു്‌ ആര്‍ത്തിയുള്ള ഒരുത്തനാണെന്നു പറഞ്ഞാല്‍ അതില്‍ വലിയ അരിശം തോന്നുകയില്ല. കാരണം, പണക്കൊതിയുള്ളതുകൊണ്ടാണല്ലോ അന്യനാട്ടില്‍ ഇങ്ങനെ കുറ്റിയടിച്ചിരിക്കുന്നതു്‌. പക്ഷേ, റെഡ്‌ക്രോസ്സിന്റെ ഫണ്ടുപയോഗിച്ചു്‌ അന്യനാട്ടില്‍ സുനാമി റിലീഫിനും മറ്റും പോയവരെ "കാശു പിടുങ്ങുന്നവര്‍" എന്നു വിളിച്ചാല്‍ തീര്‍ച്ചയായും ചൊറിഞ്ഞുകയറും.

അമേരിക്കക്കാരെ ദുരിതാശ്വാസപ്രവര്‍ത്തകരുമായി താരതമ്യം ചെയ്തതല്ല. അവര്‍ക്കുള്ള പണക്കൊതിയുടെ അത്രയുമേയുള്ളൂ അമേരിക്കക്കാര്‍ക്കു കൂട്ടായ്മ എന്നു പറഞ്ഞതാണു്‌. പെരിങ്ങോടന്റെ ലേഖനത്തില്‍ നിന്നും കമന്റുകളില്‍ നിന്നും യു. ഇ. ഇ. ക്കാര്‍ക്കു്‌ നല്ല ഒരു കൂട്ടായ്മ ഉണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. വളരെ നല്ലതു്‌. അങ്ങനെയൊരു സാധനം ഇവിടെ ഇല്ല. മൂന്നു മൈല്‍ അകലത്തില്‍ മാത്രം താമസിക്കുന്ന രാജേഷ്‌ വര്‍മ്മയൊഴികെ (അതു്‌ രാജേഷിന്റെ കൃതികളെപ്പറ്റി നല്ലതോ മോശമോ പറയാന്‍-തിരിച്ചും-ഇതുവരെ കാരണമായിട്ടില്ല എന്നും പറഞ്ഞുകൊള്ളട്ടേ) ഒരു അമേരിക്കന്‍ മലയാളി ബ്ലോഗറുമായും എനിക്കു കൂടുതല്‍ അടുപ്പമില്ല. ഇ-മെയില്‍, ചാറ്റ്‌ തുടങ്ങിയവ പ്രചാരത്തില്‍ ഉള്ളതുകൊണ്ടു്‌ കൂടുതല്‍ അടുപ്പം പെരിങ്ങോടനോടും ദേവരാഗത്തോടും ശ്രീജിത്തിനോടും വക്കാരിയോടും വിശ്വത്തോടുമൊക്കെയാണു്‌. അവരോടൊപ്പമോ താഴെയോ മാത്രമേ അമേരിക്കയിലുള്ള സിബുവിനോടും മന്‍ജിത്തിനോടും ആദിത്യനോടും സന്തോഷിനോടുമൊക്കെ അടുപ്പമുള്ളൂ. യു. എ. ഇ. മീറ്റിനെ യു. എ. ഇ. ക്കാരെപ്പോലെ തന്നെ ആഹ്ലാദത്തോടെ കാണുകയും പങ്കെടുക്കാന്‍ പറ്റാത്തതില്‍ സങ്കടപ്പെടുകയും ചെയ്യുന്നവനാണു ഞാന്‍.

അമേരിക്കയിലുള്ളവര്‍ മാത്രം അഭിപ്രായം പറഞ്ഞതു്‌ ഒരു പക്ഷേ അപ്പോള്‍ അവര്‍ മാത്രം ഉണര്‍ന്നു നെറ്റിലുണ്ടായതുകൊണ്ടായിരിക്കാം. നേരത്തോടു നേരമായപ്പോള്‍ ആഫ്രിക്കയിലെ അരവിന്ദനും കേരളത്തിലെ മധുവും അനുകൂലിച്ചല്ലോ.

"അമേരിക്കക്കാര്‍" എന്നതിനു പകരം കൈപ്പള്ളി പറയേണ്ടിയിരുന്നതു്‌ "യൂ. എ. ഇ. ക്കാര്‍ അല്ലാത്തവര്‍" എന്നായിരുന്നു. കൈപ്പള്ളിയെ നേരിട്ടറിയാവുന്നവര്‍ എതിര്‍ത്തു പറയാത്തതു്‌ പെരിങ്ങോടന്‍ പറഞ്ഞതുപോലെ സ്വാഭാവികം. ബ്ലോഗിലെ പല സംവാദങ്ങളെക്കാള്‍ വലുതു്‌ വ്യക്തിസൌഹൃദങ്ങളാണു്‌. അതുപോലെ എന്നെ വ്യക്തിപരമായി അറിയുന്നവര്‍ എന്നെയും എതിര്‍ത്തു പറഞ്ഞേക്കില്ല. പക്ഷേ, ഇവിടെ ആരും അങ്ങനെയില്ല. ഉള്ളതു രാജേഷ്‌ മാത്രം. അദ്ദേഹത്തിനു്‌ എതിര്‍ത്തു പറയാന്‍ മടിയില്ല താനും.

ബാക്കിയുള്ള സകല ബ്ലോഗേഴ്സിനും ഞാനും കൈപ്പള്ളിയും വ്യക്തിപരമായി ഒരുപോലെയാണു്‌. ഞങ്ങള്‍ എഴുതുന്നതു വായിച്ചു്‌ അവയില്‍ നിന്നു്‌ ഓരോരുത്തരും ഉണ്ടാക്കിയെടുത്ത ഒരു ഇമേജും അതില്‍ നിന്നുണ്ടാകുന്ന ചായ്‌വും ഇല്ലെന്നു പറയുന്നില്ല. പക്ഷേ, അതില്‍ അമേരിക്കയിലാണോ ആഫ്രിക്കയിലാണോ താമസിക്കുന്നതു്‌ എന്നൊരു വ്യത്യാസമില്ല എന്നു മാത്രം.

"അമേരിക്കന്‍ ബുദ്ധിജീവികള്‍" എന്ന പരാമര്‍ശം ചിരിയാണുണ്ടാക്കിയതു്‌. വൈകാരികമായ ഒരു അടുപ്പവുമില്ലാത്ത ഒരു വലിയ ദേശത്തിന്റെ പല മൂലകളില്‍ കിടക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമെഴുത്തുകാരനും പത്രപ്രവര്‍ത്തകനും കമ്പ്യൂട്ടര്‍ അഡ്‌മിനിസ്ട്രേറ്റര്‍ക്കും മുമ്പു്‌ വക്കീലായിരുന്ന ടാക്സി ഡ്രൈവര്‍ക്കും (ദിവാസ്വപ്നത്തെപ്പറ്റി എനിക്കു്‌ ഒന്നുമറിയില്ല) പൊതുവായി ഉള്ളതു മലയാളഭാഷ മാത്രമാണു്‌. നാലു പേരേയും കൂടി ഒരു മുറിയിലിരുത്തിയാല്‍ സംസാരിക്കാന്‍ പൊതുവായ ഒരു വിഷയമുണ്ടാകുമെന്നു തന്നെ തോന്നുന്നില്ല. "ഭാരതം" എന്നു പറയുമ്പോള്‍ നമുക്കു തോന്നുന്ന ആ ഒത്തൊരുമയൊന്നും "അമേരിക്ക" എന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കു തോന്നുന്നില്ല സുഹൃത്തേ.

സത്യം ഇതായിരിക്കേ, അമേരിക്കയിലുള്ളവര്‍ അമേരിക്കയിലുള്ളവരെ താങ്ങിപ്പറഞ്ഞു എന്ന പരാമര്‍ശത്തെയാണു ഞാന്‍ "അല്‍പത്തരം" എന്നു വിളിച്ചതു്‌. അതു ശരിയാണെന്നു തന്നെയാണു്‌ എനിക്കു്‌ ഇപ്പോഴും തോന്നുന്നതു്‌. ഒരു തെരഞ്ഞെടുപ്പുകാലത്തു്‌ പ്രസംഗവേദിയില്‍ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയുള്ള വാഗ്വാദങ്ങള്‍ (ഇതില്‍ ജാതിമതചിന്തകള്‍ക്കെതിരെയുള്ള തീപ്പൊരിപ്രസ്താവനകളും ഉണ്ടായിരുന്നു.) മാത്രം നടത്തിയ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്റെ വീട്ടില്‍ വന്നു്‌ "ഒന്നുമല്ലെങ്കിലും ഞാനൊരു നായരല്ലേ" എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അയാളോടു തന്നെ അയാളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ "അല്‍പത്തരം" എന്ന വാക്കാണു്‌ ഉപയോഗിച്ചതു്‌.

ഇനി ഈ 'അല്‍പ്പത്തരം' എന്ന വാക്കു കേരളത്തിലെ എനിക്കറിയാത്ത ഏതോ ഭാഗത്തു മോശമായ രീതിയിലാണു പ്രയോഗിക്കുന്നതെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. പോക്രിത്തരം, നുണ, കോപ്പു്‌ തുടങ്ങിയ വാക്കുകള്‍ക്കു്‌ ഇങ്ങനെ അര്‍ത്ഥവ്യത്യാസം വന്നിട്ടുണ്ടു്‌. അങ്ങനെയാണെങ്കില്‍ ഞാന്‍ ആ വാക്കു ക്ഷമ ചോദിച്ചുകൊണ്ടു്‌ ആ വാക്കു പിന്‍വലിക്കുന്നു. പകരം 'സങ്കുചിതമനസ്ഥിതി' എന്ന വാക്കു്‌ (സങ്കുചിതമനസ്കന്‍ പ്രശ്നമുണ്ടാക്കില്ല എന്നു കരുതട്ടേ:)) അവിടെ ഉപയോഗിക്കുന്നു. ഇവിടെ മാത്രമല്ല, ഞാന്‍ ഉദ്ധരിച്ച മറ്റു സ്ഥലങ്ങളിലും (ഡോ. പല്‍പ്പു/ഈഴവര്‍ തുടങ്ങി) ഈ സങ്കുചിതമനസ്ഥിതി ഉണ്ടെന്നു തന്നെയാണു്‌ എന്റെ അഭിപ്രായം.

സംഗ്രഹം: ഞാന്‍ ബൂലോഗത്തിലെ ഒരു മാന്യബ്ലോഗറെയും അല്‍പന്‍, വിഡ്ഢി, മണ്ടന്‍ (ശ്രീജിത്തിനെ വിളിക്കും. അതു ഞങ്ങളുടെ മൌലികാവകാശമാണു്‌. അല്ലേ, കുമാറേ?), ക്രൂരന്‍ തുടങ്ങിയ പദങ്ങള്‍ കൊണ്ടു വിശേഷിപ്പിക്കുകയില്ല. (പാഷാണത്തില്‍ കൃമികളായി വരുന്ന ചില അനോണികളെയും മറ്റും വിളിച്ചേക്കും.) എങ്കിലും ആരുടെയെങ്കിലും പ്രവൃത്തി മോശമായാല്‍ അതിനെ അല്‍പത്തരം, വിഡ്ഢിത്തം, മണ്ടത്തരം, ക്രൂരത എന്നൊക്കെ വിശേഷിപ്പിക്കും. അതിനിയും തുടരുകയും ചെയ്യും. ഈ പറഞ്ഞ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന പ്രവൃത്തികള്‍ ഞാനും മിക്കവാറും എല്ലാ ദിവസവും ചെയ്യുന്നുണ്ടു്‌.




രണ്ടാമതായി, എന്നെ തല്ലുമെന്നു്‌ കൈപ്പള്ളി ഉദ്ദേശിച്ചെന്നോ, നേരിട്ടു കണ്ടിരുന്നെങ്കില്‍ തല്ലുമായിരുന്നെന്നോ എനിക്കു തോന്നുന്നില്ല. കൈപ്പള്ളിയും ഞാനും അരവിന്ദനും ബാക്കിയുള്ളവരുമൊക്കെ പറഞ്ഞതു വികാരത്തിന്റെ പുറത്താണു്‌. ഈ കാര്യത്തില്‍ എല്ലാവരുടെയും പ്രവൃത്തി അല്‍പം മോശമായി എന്നേ എനിക്കു്‌ അഭിപ്രായമുള്ളൂ.

ഈ സംവാദത്തിന്റെ പ്രധാനവിഷയങ്ങളെപ്പറ്റിയും (ഒറ്റവരിക്കഥ/ ജാട/ ദേശീയപതാകയുടെ അവഹേളനം) തുടങ്ങിയവയെപ്പറ്റിയും ഈ കമന്റില്‍ എഴുതണമെന്നു വിചാരിച്ചതാണു്‌. ഇതു തന്നെ ഒരുപാടു വലുതായി. അവ സമയം കിട്ടിയാല്‍ പിന്നീടെഴുതാം.

Sunday, October 22, 2006

ദ്വ്യക്ഷരശ്ലോകങ്ങള്‍

ഇന്‍ഡ്യാ ഹെറിറ്റേജിന്റെ രണ്ടക്ഷരം കൊണ്ടുള്ള ശ്ളോകങ്ങള്‍- ആദ്യഭാഗം, രണ്ടക്ഷരം കൊണ്ടുണ്ടാക്കിയ ശ്ളോകങ്ങള്‍ തുടരുന്നു എന്നീ പോസ്റ്റുകളുടെ പ്രതികരണം:

മറ്റു ചില ദ്വ്യക്ഷരശ്ലോകങ്ങളും മാഘത്തിലുണ്ടു്.

രാജരാജീ രുരോജാജേജിരേऽജോऽജരോऽരജാഃ
രേജാരിജൂരജോര്‍ജാര്‍ജീരരാജര്‍ജൂരജര്‍ജരഃ


ഭൂരിഭിര്‍ഭാരിഭിര്‍ഭീരൈര്‍ഭൂഭാരൈരഭിരേഭിരേ
ഭേരീരേഭിഭിരഭ്രാഭൈരഭീരുഭിരിഭൈരിഭാഃ


മലയാളത്തില്‍, അഴകത്തു രാമചന്ദ്രക്കുറുപ്പിന്റെ രാമചന്ദ്രവിലാസം, പന്തളം കേരളവര്‍മ്മയുടെ രുക്മാംഗദചരിതം എന്നീ മഹാകാവ്യങ്ങളിലും ചിത്രശ്ലോകങ്ങളുണ്ടു്. താഴെക്കൊടുക്കുന്ന ദ്വ്യക്ഷരശ്ലോകങ്ങള്‍ രുക്മാംഗദചരിതത്തില്‍ നിന്നു്:

മാമുനീനമനം മാനമാര്‍ന്ന മാനിനിമാനനാല്‍
നൂനമന്നൂനമെന്നാനുമേനേ മന്നിനു മന്നനും.


വരാരവം വീരരേവം വരാം വിരവില്‍ വൈരിവല്‍
വരാരവം വന്‍ വിവരാല്‍ വരും വരവു വൈരവല്‍

Tuesday, October 03, 2006

എന്റെ ബ്ലോഗുകള്‍ പണിമുടക്കില്‍

വേര്‍ഡ്‌പ്രെസ്സില്‍ ഞാന്‍ ഉണ്ടാക്കിയിരിക്കുന്ന ബ്ലോഗുകള്‍ തത്‌കാലം പണിമുടക്കിലാണു് എന്റെ മുന്നില്‍. അതിനാല്‍ പുതിയ പോസ്റ്റുകള്‍ ഇടാനോ, കമന്റുകള്‍ മോഡറേറ്റ് ചെയ്യാനോ ഇപ്പോള്‍ സാദ്ധ്യമല്ല. ഒരു ചെറിയ ഹാക്കര്‍ അറ്റായ്ക്ക് ആണെന്നു സംശയിക്കുന്നു. (തന്നെപ്പറ്റി കള്ളക്കഥയും പസിലും എഴുതിയതുകൊണ്ടു് എടത്താടന്‍ മുത്തപ്പന്‍ പിണങ്ങിയതാണെന്നും ഒരു പക്ഷമുണ്ടു് :) )

നിങ്ങള്‍ക്കു് ഇപ്പോള്‍ അവിടെ ഉള്ള പോസ്റ്റുകള്‍ വായിക്കാനും കമന്റിടാനും തത്‌കാലം പ്രശ്നമൊന്നുമില്ല.




ഗുരുകുലം” അല്ലാതെ ഇവനു വേറെ ഏതു വേര്‍ഡ്‌പ്രെസ്സ് ബ്ലോഗ് എന്നു സംശയിക്കുന്നവര്‍ക്കു്:

ബുദ്ധിപരീക്ഷ എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. പസിലുകള്‍‍ക്കായി. രഹസ്യമായി വെച്ചിരുന്ന അതിനെ ഏവൂരാന്റെ പാതാളകരണ്ടി ഇന്നലെ പൊക്കിയതുകൊണ്ടു് ഇതാ ഇപ്പോള്‍ പരസ്യമാക്കുന്നു.

ഇവിടെയാണു പുതിയ പസില്‍ ബ്ലോഗ്.

ഈ ബ്ലോഗിനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ ഈ പോസ്റ്റ് ആദ്യം വായിക്കൂ.

മുമ്പു ചോദിച്ച രണ്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളുമുണ്ടു്. കൂടാതെ രണ്ടു പുതിയ ചോദ്യങ്ങളുമുണ്ടു്-നിങ്ങള്‍ക്കു ചെയ്യാനായി.


  1. രണ്ടു ചോദ്യം, ഒരുത്തരം: ഒരു കടംകഥ.

  2. എടത്താടന്‍ മുത്തപ്പന്‍ ചെക്കിലെ തെറ്റും: ഒരു ഗണിതപ്രശ്നം. ഗണിതം താത്‌പര്യമില്ലെങ്കിലും വായിക്കുക. വിശാലന്റെയും എന്റെയും കഥയുമുണ്ടു്.



ഇവയുടെ ഉത്തരം പ്രസിദ്ധീകരിക്കുവാനും കമന്റുകള്‍ മോഡറേറ്റ് ചെയ്യാനും അല്പം വൈകും. രണ്ടു ബ്ലോഗും ചിലപ്പോള്‍ കുറച്ചു സമയത്തേക്കു് അടച്ചുപൂട്ടിയെന്നും വരും. തുറന്നിരിക്കുന്ന സമയത്തു് വരൂ, വായിക്കൂ, ഉത്തരങ്ങള്‍ അയയ്ക്കൂ.

Friday, August 04, 2006

ചിന്തയില്‍ ചേക്കേറുന്ന ബ്ലോഗുകള്‍

(മുമ്പു പോസ്റ്റു ചെയ്തവയ്ക്കെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നു. അവ ഡിലീറ്റ് ചെയ്തു. ക്ഷമിക്കുക.)

ബൂലോഗക്ലബ്ബില്‍ പ്രസിദ്ധീകരിച്ച കലേഷിന്റെ പോസ്റ്റിനും ആദിത്യന്റെ പോസ്റ്റിനും അവയ്ക്കുള്ള ചില കമന്റുകള്‍ക്കുമുള്ള പ്രതികരണം.

(സാധാരണയില്‍ നിന്നു വ്യത്യസ്തമായി ഈ പോസ്റ്റിനു കമന്റുകള്‍ അനുവദിക്കുന്നു)

എഴുത്തുകാരുടെ പോസ്റ്റുകള്‍ അവരവരുടെ ബ്ലോഗില്‍ നിന്നു പൊക്കിയെടുത്തു ചിന്തയിലിട്ടാല്‍ ടെമ്പ്ലേറ്റുകളുടെ പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെട്ടു സുഖമായി വായിക്കാന്‍ കഴിയും എന്ന കൂമന്റെ അഭിപ്രായത്തോടു (“aggregator full text കാണിക്കുന്നതാണ് സമ്മറിയേക്കാള്‍ മെച്ചം. എല്ലാ സൃഷ്ടികളും ഒരു റീഡറില്‍ വായിക്കാന്‍ കഴിഞ്ഞാല്‍ ഒരൊറ്റ interface-ലൂടെ എല്ലാം browse ചെയ്യാനുമാകും. ഉള്ളടക്കം വായിക്കാന്‍ ഓരോ ബ്ലോഗിലേക്കും പോകുമ്പോള്‍ പല പല template കളുമായി ഒത്തിണങ്ങാന്‍ പ്രയാസം” എന്നു കൂമന്റെ വാക്കുകള്‍.)യോജിക്കാന്‍ കഴിയുന്നില്ല. ഒരു ഉദാഹരണം പറയാം.

എന്റെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ഹാന്‍ഡ്‌ബുക്ക് എന്ന പോസ്റ്റ് നോക്കുക - എന്റെ ബ്ലോഗില്‍.

ഇനി അതു് ചിന്ത എങ്ങനെ കാണിക്കുന്നു എന്നു നോക്കുക - ഇവിടെ.

ചിന്തയുടെ പേജില്‍ അതു ചിന്തയുടെ ലേഖനമായി മാറിയെന്നും എന്റെ പേരു് അതിലില്ലെന്നും ശ്രദ്ധിക്കുക. “നിദര്‍ശന” എന്ന പദം ഗൂഗിളില്‍ തെരയുന്നവര്‍ ചിന്തയുടെ ഈ പേജിലെത്തുകയും ഇത്തരം കാര്യങ്ങള്‍ മലയാളഭാഷയ്ക്കു സംഭാവന ചെയ്യുന്ന ചിന്തയെപ്പറ്റി അഭിമാനപുളകിതരാകുകയും ഒക്കെ ചെയ്യും എന്നു വിചാരിച്ചു ഞാന്‍ തല പുണ്ണാക്കുന്നില്ല.

പക്ഷേ,


  1. ഞാന്‍ ശ്ലോകങ്ങളെയും മറ്റും കാണിക്കാന്‍ ഉപയോഗിച്ച നിറങ്ങളും CSS ടെമ്പ്ലേറ്റുകളും ബ്ലോക്ക് ക്വാട്ടുകളും അക്കമിട്ടു നിരത്തിയ കാര്യങ്ങളും എവിടെപ്പോയി? (ഇപ്പോള്‍ ഇതേ ഉദാഹരണം കിട്ടുന്നുള്ളൂ. ഗണിതലേഖനങ്ങളില്‍ ഇതിനെക്കാള്‍ നല്ല ഉദാഹരണങ്ങള്‍ കിട്ടും.)


  2. ഉള്ളടക്കത്തിനു മാത്രമല്ല, പ്രതിപാദനത്തിനും സ്ഥാനമുണ്ടു് എന്നു ഞാന്‍ കരുതുന്നു. അതു കൊണ്ടു്, ഞാന്‍ അതിനു നന്നായി സമയം ചെലവാക്കുന്നുമുണ്ടു്. എന്റെ ബ്ലോഗില്‍ ഉപയോഗിക്കുന്ന ഓരോ പ്രത്യേക രൂപത്തിനും (ശ്ലോകം, ശരി, തെറ്റ്, മലയാളം, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയവയ്ക്കു്) പ്രത്യേക ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടു്. വായിക്കുന്നവര്‍ക്കു സൌകര്യത്തിനാണിവ. ഇതിനേക്കാള്‍ നന്നായി മനസ്സിലാകുന്നതു് ചിന്തയിലെ പേജാണോ കൂമാ?


  3. ഒരു കണക്കിനു് ചിന്തയിലെ പേജില്‍ എന്റെ പേരില്ലാത്തതു നന്നായി. ഇങ്ങനെ വികലമായാണു ഞാന്‍ ലേഖനങ്ങളെഴുതുന്നതെന്നു് ആരും കരുതില്ലല്ലോ!

  4. ചില ബ്ലോഗുകളില്‍ ടെമ്പ്ലേറ്റിനു നല്ല പ്രാധാന്യമുണ്ടു്. വിശ്വപ്രഭ, വര്‍ണ്ണമേഘങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍.



ഫീഡുകളില്‍ ഫോര്‍മാറ്റിംഗ് നഷ്ടപ്പെടുമെന്നു് അറിയാഞ്ഞിട്ടല്ല. ഫീഡുകള്‍ കൊടുത്തോട്ടേ. പക്ഷേ, “ഇതൊരു ഫീഡ് മാത്രമാണു്, ഒറിജിനല്‍ വായിക്കാന്‍ ഇവിടെ ഞെക്കുക” എന്നൊരു സന്ദേശം ആ പേജില്‍ ആവശ്യമാണു്. ഗൂഗിള്‍ സേര്‍ച്ചില്‍ക്കൂടിയും ആളുകള്‍ അവിടെ എത്തും എന്നറിയുക.

Monday, July 17, 2006

രാശികള്‍ - പാശ്ചാത്യവും ഭാരതീയവും

ഷിജുവിന്റെ ഖഗോളം, നക്ഷത്ര രാശികള്‍
എന്ന പോസ്റ്റില്‍ സിബുവും പെരിങ്ങോടനും ചോദിച്ച ചോദ്യങ്ങളുടെ മറുപടി:

ഭാരതീയജ്യോതിഷത്തിന്റെയും പാശ്ചാത്യജ്യോതിഷത്തിന്റെയും തുടക്കം ഗ്രീസിലാണു്. രാശികള്‍ക്കു പേരുകള്‍ ഒന്നായതിന്റെ കാരണവും അതാണു്. അവ ഒന്നു തന്നെ.

പക്ഷേ, നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ നക്ഷത്രങ്ങളുടെ സ്ഥാനം മാറി. ഉദാഹരണത്തിനു്, രേവതിയുടെയും അശ്വതിയുടെയും ഇടയ്ക്കുള്ള ഭാഗം 0 ഡിഗ്രി എന്നു സങ്കല്‍പ്പിച്ചാല്‍ ചിത്തിരനക്ഷത്രം 180 ഡിഗ്രി ആയിരുന്നു. പക്ഷേ ഇപ്പോളല്ല. ഏതു നക്ഷത്രത്തിനെ അടിസ്ഥാനമാക്കി വേണം കണക്കാക്കാന്‍ എന്നതിലുള്ള വ്യത്യാസം മൂലം പല systems ഉണ്ടു്. ഇവയില്‍ ഓരോന്നുമനുസരിച്ചു് രാശികളുടെ സ്ഥാനവും മാറും.

പാശ്ചാത്യഗണനമനുസരിച്ചു് സൂര്യന്‍ തെക്കു നിന്നു വടക്കോ‍ട്ടേക്കു ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ മേടം (Aries) തുടങ്ങുന്നു എന്നു കണക്കുകൂട്ടുന്നു. ഇതു് ഏകദേശം മാര്‍ച്ച് 21-നാണു്. ആ ദിവസമാ‍ണു് ലോകത്തെല്ലായിടത്തും പകലും രാത്രിയും തുല്യമായി വരുന്നതു്. (തെക്കോട്ടു കടക്കുന്ന സെപ്റ്റംബര്‍ 23-നും അങ്ങനെ തന്നെ.) വിഷു, ഉത്തരായണം, ദക്ഷിണായനം എന്നിവയുടെ നിര്‍വ്വചനങ്ങളും ഇതിനെ ആസ്പദമാക്കി ആണെങ്കിലും ഭാരതീയര്‍ അവ 24 ദിവസം കഴിഞ്ഞാണു (ഏപ്രില്‍ 14)കണക്കില്‍പ്പെടുത്തുന്നതു്. പാശ്ചാത്യരീതിയും ഭാരതീയരീതിയും തമ്മില്‍ ഏതാണ്ടു് 23 ഡിഗ്രിയുടെ വ്യത്യാസം ഉള്ളതുകൊണ്ടാണതു്. കൂടുതല്‍ വിവരങ്ങള്‍ക്കു് എന്റെ പുസ്തകത്തില്‍ അയനാംശത്തെപ്പറ്റി പറയുന്ന ഭാഗം നോക്കുക.

പാശ്ചാത്യരുടെ ഇടവമാസം ഏകദേശം ഏപ്രില്‍ 20-നടുപ്പിച്ചു തുടങ്ങുന്നു. അപ്പോഴാണു സൂര്യന്‍ അവരുടെ കണക്കനുസരിച്ചൂ് 30 ഡിഗ്രി ആകുന്നതു്. ഭാരതീയഗണനത്തില്‍ അന്നു് 7 ഡിഗ്രിയേ ആയിട്ടുള്ളൂ. അവര്‍ക്കു സൂര്യന്‍ 30-ലെത്താന്‍ മെയ് 15 ആകണം. അന്നാണു് ഇടവമാസം തുടങ്ങുന്നതു്.

ജ്യോതിഷപ്രകാരം വരയ്ക്കുന്ന ഗ്രഹനിലയ്ക്കും ഈ വ്യത്യാസമുണ്ടു്.

മലയാളികളുടെ മാസങ്ങള്‍ പെരിങ്ങോടന്‍ പറഞ്ഞതുപോ‍ലെ ചന്ദ്രനെ ആസ്പദമാക്കിയല്ല, മറിച്ചു് സൂര്യനെ ആസ്പദമാക്കിയാണു്. മറ്റു പല ഇന്ത്യന്‍ കലണ്ടറുകളും ചന്ദ്രനെ ആസ്പദമാക്കിയുള്ളവയാണു്.

എല്ലാം ചലിക്കുന്ന പ്രപഞ്ചത്തില്‍ ആരും ആരെയും ചുറ്റുന്നില്ല പൂര്‍ണ്ണമായി. അക്കാര്യത്തില്‍ ടോളമിയും കോപ്പര്‍നിക്കസ്സും പൂര്‍ണ്ണമായി ശരിയല്ല. എല്ലാ വസ്തുക്കളും ലോകത്തിന്റെ center of mass-നെ ചുറ്റുന്നു എന്നതാണു വാസ്തവം. സൌരയൂഥത്തിന്റെ center of mass സൂര്യനോടടുത്തിരിക്കുന്നതിനാല്‍ ബാക്കിയുള്ളവ സൂര്യനെ ചുറ്റുന്നതായി തോന്നുന്നു. അത്രമാത്രം.